തിരുവനന്തപുരം: അഴിമതിക്കേസില്‍ വനംവകുപ്പ് പാലോട് റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാര്‍ വിജിലന്‍സിന്റെ പിടിയിലായി. ഇരുതലമൂരിയെ കടത്തിയ കേസിലെ പ്രതികളില്‍ നിന്നും 1.75 ലക്ഷം രൂപ കോഴ വാങ്ങിയ കേസില്‍ മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ്.
വനംവകുപ്പിലെ സ്ഥലം മാറ്റത്തിനായി ലേലം വിളി ഗൂഢാലോചനയില്‍ സംശയ നിഴലിലുളള ഉദ്യോഗസ്ഥനാണ് സുധീഷ് കുമാര്‍.
പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസറായിരിക്കെ സുധീഷ് കുമാര്‍ ,ഇരുതല മൂരി കടത്തിയ കേസില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികളെയാണ് പിടികൂടിയത്. കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കി പ്രതികളുടെ ബന്ധുക്കളില്‍ നിന്ന് പണം വാങ്ങിയിരുന്നു. ഇതില്‍ ഒരു വിഹിതമായ 45000 രൂപ ഗൂഗിള്‍ പേ വഴിയാണ് വാങ്ങിയത്. എന്നാല്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു.ഇതോടെ പ്രതികളുടെ ബന്ധുക്കള്‍ പിന്നീട് വിജിലന്‍സിന് പരാതി നല്‍കി. ഇതില്‍ സുധീഷ് കുമാറിനെ പ്രതിയാക്കി കേസെടുത്തു. ഈ കേസില്‍ മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയാണ് സുധീഷിനെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക വാഹനത്തിലാണ് സുധീഷ് കുമാര്‍ മൊഴി നല്‍കാനെത്തിയത്.
അഴിമതി കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന സുധീഷ് കുമാറിനെ വനംവകുപ്പ് മുമ്പ് സഹായിച്ചിരുന്നു. സസ്‌പെഷനിലെ സാങ്കേതിക പിഴവില്‍ പിടിച്ച് കോടതി ഉത്തരവോടെ തിരിച്ചെത്തിയ സുധീഷ് കുമാറിന് പാലോട് റെയ്ഞ്ച് ഓഫീസറായി നിയമനം നല്‍കി. പാലോടുണ്ടായിരുന്ന റെയ്ഞ്ച് ഓഫീസറെ അക്രമിച്ച് ഓഫീസിലെ ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്ത ശേഷമാണ് സുധീഷ് കുമാര്‍ ഈ കസേരയില്‍ കയറി ഇരുന്നത്. ഇയാള്‍ക്കെതിരെ ഇതിനും കേസുണ്ട്. സര്‍വീസില്‍ അഴിമതി കേസടക്കം 10 കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ട്. ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ വനം വകുപ്പ് സെക്രട്ടറി മന്ത്രിയോട് ശുപാര്‍ശ ചെയ്‌തെങ്കിലും മന്ത്രി ഈ ശുപാര്‍ശ തിരുത്തി. മേയ് 30ന് വിരമിക്കാനിരിക്കെയാണ് സുധീഷ് കുമാര്‍ അറസ്റ്റിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: