വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ചൈന, ജപ്പാന്‍, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്നിവയ്‌ക്ക് ഏര്‍പ്പെടുത്തിയ അമിതമായ ഇറക്കുമതിച്ചുങ്കം ഭീഷണിയാവുന്നു. ചൈന, കാനഡ, മെക്സിക്കോ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ യുഎസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ വന്‍ ബദല്‍ ചുങ്കം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് അമേരിക്കയ്‌ക്കും തിരിച്ചടിയായി.
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും അമേരിക്ക വൈകാതെ ജിഡിപി ചുരുങ്ങുക വഴി സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുമെന്നും എസ് ആന്‍റ് പി, ജെപി മോര‍്ഗന്‍, ഗോള്‍ഡ്മാന്‍ സാക്സ് എന്നീ ധനകാര്യസ്ഥാപനങ്ങള്‍ പ്രവചിച്ചതോടെ ലോകമെമ്പാടും ഓഹരി വിപണികള്‍ തകര്‍ന്നു. ഇന്ത്യയിലെ ഓഹരി വിപണിയില്‍ സെന്‍സെക്സ് ഏതാണ്ട് 2226 പോയിന്‍റും നിഫ്റ്റി 742 പോയിന്‍റും താഴ്ന്നു. ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലെ ഓഹരി വിപണികളില്‍ 10 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.
ടാറ്റയുടെ ഏതാണ്ടെല്ലാ ഓഹരികളും വന്‍നഷ്ടം രേഖപ്പെടുത്തിയതോടെ 1.28 ലക്ഷം കോടിയുടെ വിപണിമൂല്യമാണ് നഷ്ടമായത്. ടാറ്റയുടെ റീട്ടെയ്ല്‍ ബ്രാന്‍റായ ട്രെന്‍റിന്റെ ഓഹരിവില 18 ശതമാനത്തോളം ഇടിഞ്ഞു. ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റാ സ്റ്റീല്‍, ടൈറ്റന്‍, ടാറ്റ എല്‍ക്സി, ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് എന്നീ ഓഹരികളുടെ വിലകളും ഇടിഞ്ഞു. ടാറ്റാ മോട്ടോഴ്സ് എട്ട് ശതമാനത്തോളം ഇടിഞ്ഞു. ലാഴ്സണ്‍ ആന്‍റ് ടൂബ്രോ (എല്‍ ആന്‍റ് ടി ) ഓഹരി 5.78 ശതമാനമാണ് തകര്‍ന്നത്. ബാങ്ക് ഓഹരികളും കൂപ്പുകുത്തി. ആക്സിസ് ബാങ്ക്, എച്ച് ഡിഎഫ് സി ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവ തകര്‍ന്നു. ഇന്‍ഫോസിസ്, ടിസിഎസ്, എച്ച് സിഎല്‍ ടെക്നോളജീസ് ഉള്‍പ്പെടെയുള്ള സോഫ്റ്റ് വെയര്‍ ഓഹരികളും വീണു. മഹീന്ദ്ര ആന്‍റ് മഹീന്ദ്രയും മാരുതിയും ക്ഷയിച്ചു. വിവിധ മേഖലകളിലെ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. മെറ്റല്‍ (6.22 ശതമാനം), റിയാല്‍റ്റി (5.69 ശതമാനം), കമ്മോഡിറ്റീസ് (4.68 ശതമാനം), ഇന്‍ഡസ്ട്രീയല്‍ (4.57 ശതമാനം), എഫ് എംസിജി (3.79 ശതമാനം), ഓട്ടോ (3.77 ശതമാനം), ബാങ്കിംഗ് (3.37 ശതമാനം) എന്നിങ്ങനെ ഇടിഞ്ഞു.
കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിനാണ് യുഎസിലെ ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. യുഎസ് ഓഹരി വിപണിയുടെ അടിസ്ഥാന സൂചികയായ നാസ് ഡാക് സൂചിക വെള്ളിയാഴ്ച 20 ശതമാനത്തോളമാണ് ഇടിഞ്ഞത്. ഡൗ ജോണ്‍സ് 2000 പോയിന്‍റ് തകര്‍ന്നു. യുഎസ് എസ് ആന്‍റ് പി 500 പോയിന്‍റ് തകര്‍ന്നു. ചൈന യുഎസിന് മേല്‍ 34 ശതമാനത്തോളം പകരച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത് യുഎസില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്.
ഏഷ്യയിലെ എല്ലാ ഓഹരി വിപണികളും തിങ്കളാഴ്ച തകര്‍ന്നു. ടോക്യോയുടെ നിക്കെ, ഹോങ്കോങ്ങിന്റെ ഹാങ് സെങ്ങ് ഷാങ് ഹായിയുടെ എസ് എസ് ഇ കോംപോസിറ്റ് എന്നീ ഓഹരി സൂചികകള്‍ ഇടിഞ്ഞു. തെക്കന്‍ കൊറിയയുടെ കോസ്പി എന്ന ഓഹരി സൂചികയും ഇടിഞ്ഞു. യൂറോപ്പിലെ ഓഹരി വിപണി 6 ശതമാനത്തോളം ഇടിഞ്ഞു.
ലോകം സാമ്പത്തികമാന്ദ്യഭീതിയില്‍….യുഎസ് ട്രഷറി ബോണ്ടുകളിലേക്ക് നിക്ഷേപം ഒഴുകുന്നു
രാജ്യങ്ങള്‍ തമ്മില്‍ തമ്മില്‍ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി നടത്തുന്ന പോരില്‍ അവസാനം ഇരകളാവുക ജനങ്ങള്‍ തന്നെയാണെന്നാണ് വിലയിരുത്തപ്പെടുത്തത്. ഇറക്കുമതിച്ചുങ്കം ഉയര്‍ത്തുന്നതോടെ സാധനസാമഗ്രികളുടെ വില ഉയരും. വാഹനങ്ങളുടെ വിലയെല്ലാം വന്‍തോതില്‍ ഉയരും. ഇതോടെ ചരക്കുകളുടെ ഉപഭോഗം കുറയും. ഇത് ചരക്കുകള്‍ കെട്ടിക്കിടക്കാന്‍ ഇടവരുത്തും. ഇതോടെ സമ്പദ് ഘടന ചുരുങ്ങും. യുഎസ് സര്‍ക്കാരിന്റെ ട്രഷറി ബോണ്ടുകളിലേക്ക് നിക്ഷേപം അടിച്ചുകയറുകയാണ്. യുഎസ് ഓഹരി വിപണിയിലെ നിക്ഷേപം പോലും യുഎസ് ട്രഷറി ബോണ്ടുകളിലേക്ക് ഒഴുകുകയാണ്.
ആഗോളതലത്തില്‍ യുദ്ധം മൂലമോ മറ്റോ സാമ്പത്തിക അസ്ഥിരതയുണ്ടായാല്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗം വന്‍നിക്ഷേപകര്‍ തിരയുക സ്വാഭാവികം. പലപ്പോഴും അവര്‍ ട്രഷറി ബോണ്ടുകളിലാണ് മുടക്കുക. ഇക്കുറിയും പതിവ് തെറ്റിക്കാതെ വന്‍നിക്ഷേപകര്‍ അവരുടെ നിക്ഷേപം ട്രഷറി ബോണ്ടുകളില്‍ നിക്ഷേപിക്കുകയാണ്. വിവിധ ഓഹരിവിപണികളില്‍ നിന്നും വിദേശനിക്ഷേപകര്‍ അവരുടെ നിക്ഷേപം പിന്‍വലിച്ച് ട്രഷറി ബോണ്ടുകളില്‍ നിക്ഷേപിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: