മുംബൈ: കല്യാണ്‍ ജ്വല്ലേഴ്സ് വളര്‍ച്ചയുടെ പുതിയ പടവുകള്‍ താണ്ടുകയാണ്. സ്വര്‍ണ്ണവിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായെങ്കിലും വിവാഹവിപണിയില്‍ വര്‍ധിച്ചു വരുന്ന ഡിമാന്‍ഡ്, ഷോറൂമുകളിലുള്ള വര്‍ധന, മിഡില്‍ ഈസ്റ്റിലുള്ള മികച്ച പ്രകടനം- ഇതെല്ലാമാണ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ വളര്‍ച്ചയ്‌ക്ക് പിന്നില്‍. ഈ വര്‍ഷം കല്യാണ്‍, കാന്‍ഡിയര്‍ എന്നീ ബ്രാന്‍റുകളുടെ 170 പുതിയ ഷോറൂമുകള്‍ തുറക്കാനാണ് പദ്ധതി.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2024-25) അവസാനപാദമായ ജനവരി-മാര്‍ച്ച് ത്രൈമാസത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സ് 37 ശതമാനം വരുമാന വളര്‍ച്ച നേടി. ഇന്ത്യയ്‌ക്കകത്തെ ബിസിനസില്‍ നിന്നും 35 ശതമാനമാണ് വളര്‍ച്ച നേടിയതെങ്കില്‍, ഗള്‍ഫ് ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് പ്രദേശത്ത് നിന്നും 24 ശതമാനവും വരുമാന വളര്‍ച്ച നേടി.
മികച്ച വരുമാനമാണ് നേടിയതെങ്കിലും കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരി വില ഏപ്രില്‍ ഏഴ് തിങ്കളാഴ്ച ഇടിഞ്ഞു. ട്രംപ് ചൈനയ്‌ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും എതിരെ അഴിച്ചുവിട്ട ചുങ്കപ്പോരാണ് ഇതിന് കാരണം. ഇന്ത്യന്‍ ഓഹരി വിപണി ആകെ ഇടിഞ്ഞു തകര്‍ന്ന തിങ്കളാഴ്ച കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരി വില 3 ശതമാനം ഇടിഞ്ഞ് 472 രൂപ 20 പൈസയില്‍ അവസാനിച്ചു.
കല്യാണ്‍ ജ്വല്ലേഴ്സ് കഴിഞ്ഞ വര്‍ഷം യുവത്വത്തിനായി തുറന്ന പുതിയ ഫാഷന്‍ ജ്വല്ലറി ബ്രാന്‍റായ കാന്‍ഡിയര്‍. ഡിജിറ്റല്‍ ഫസ്റ്റ് ജ്വല്ലറി എന്ന് പറയപ്പെടുന്ന ബ്രാന്‍ഡാണ് കാന്‍ഡിയര്‍. പക്ഷെ കാന്‍ഡിയര്‍ ബ്രാന്‍ഡ് ഷോപ്പുകളുടെ വരുമാനത്തില്‍ 22 ശതമാനം കുറവുണ്ടായി. കഴിഞ്ഞ സാമ്പത്തികപാദത്തില്‍ കാന്‍ഡിയറിന്റെ 14 ഷോറൂമുകള്‍ തുറന്നിരുന്നു.
ഈ വര്‍ഷം 170 ഷോറൂമുകള്‍ വരും
കല്യാണ്‍ ജ്വല്ലേഴ്സ് ഈ വര്‍ഷം 170 ഷോറൂമുകള്‍ തുറക്കും. ഇതില്‍ 75 ഷോറൂമുകള്‍ ദക്ഷിണേന്ത്യയിലാണ് തുറക്കുക. ഫ്രാഞ്ചൈസി ഓണ്‍ഡ് കമ്പനി ഓപ്പറേറ്റഡ് മോഡലിലായിരിക്കും ഈ ഷോറൂമുകള്‍. കാന്‍ഡിയറിന്റെ 80 പുതിയ ഷോറൂമുകള്‍ ഇന്ത്യയില്‍ തുറക്കും.
ആകെ 388 ഷോറൂമുകള്‍
കല്യാണിന് ആകെയുള്ളത് 388 ഷോറൂമുകളാണ്. ഇതില്‍ 278 എണ്ണം ഇന്ത്യയിലായിരിക്കും. 36 എണ്ണം മിഡില്‍ ഈസ്റ്റിലും. യുഎസില്‍ ഒരു ഷോറൂം ഉണ്ട്. ബാക്കി 73 എണ്ണം കാന്‍ഡിയര്‍ ഷോറൂമുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: