റെവാരി: ഏപ്രില്‍ രണ്ടിന് ഒരു ഗ്രാമത്തെയാകെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വീരമൃത്യു വരിച്ച വ്യോമസേനാ പൈലറ്റ് സിദ്ധാര്‍ത്ഥ് യാദവിന് ജന്മഗ്രാമം വീരോചിതമായി വിടനല്‍കി. സംസ്ഥാക ചടങ്ങില്‍ പ്രതിശ്രുത വധു സാനിയയുടെ വിലാപം വിങ്ങലായി.
കഴിഞ്ഞയാഴ്ചയാണ് ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ ജാഗ്വര്‍ ജെറ്റ് വിമാനം തകര്‍ന്നുവീണത്. ജാംനഗര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ തകരാര്‍ ശ്രദ്ധയില്‍പെട്ട ഉടന്‍ തനിക്കൊപ്പമുണ്ടായിരുന്ന പൈലറ്റ് മനോജ് കുമാര്‍ സിങ്ങിനെ ‘ഇജക്ട്’ ചെയ്ത് രക്ഷപ്പെടുത്തുകയും തുടര്‍ന്ന് വിമാനത്തെ ജനവാസമുള്ള പ്രദേശത്തുനിന്ന് അകലേയ്ക്ക് പറത്തുകയുമായിരുന്നു. സിദ്ധാര്‍ത്ഥിന്റെ ധീരത സഹപൈലറ്റിന്റേയും ഗ്രാമീണരുടേയും ജീവന് രക്ഷിച്ചു. എന്നാല്‍ സ്വന്തം ജീവന് രക്ഷിക്കാന്‍ സിദ്ധാര്‍ത്ഥിന് സാധിച്ചില്ല. വിശാലമായ വയലില്‍ വിമാനം തകര്‍ന്നുവീണു.
അവന്റെ മുഖം എന്നെ കാണിക്കൂ… ഞാന്‍ അവനെ ഒരുതവണ കൂടി കാണട്ടെ… എന്നു വിലപിച്ചാണ് പ്രതിശ്രുത വധു സാനിയ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. ഹരിയാനയിലെ റെവിരി ജില്ലയിലെ ജന്മഗ്രാമത്തില് സിദ്ധാര്‍ത്ഥിന്റെ മൃതദേഹം എത്തിച്ചപ്പോഴാണ് ഈ വൈകാരിക രംഗങ്ങളുണ്ടായത്.
പത്ത് ദിവസം മാത്രം മുമ്പായിരുന്നു സിദ്ധാര്‍ത്ഥും സാനിയയും തമ്മിലുള്ള വിവാഹനിശ്ചയം. നവംബര്‍ രണ്ടിന് ഇരുവരും വിവാഹിതരാകേണ്ടതായിരുന്നു. സിദ്ധാര്‍ത്ഥിന്റെ അച്ഛന് സുശീല്‍ യാദവും വ്യോമസേനയില്‍ പൈലറ്റായിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് സിദ്ധാര്‍ത്ഥിനെ അവസാനമായി കാണാനും യാത്രയാക്കാനുമായി വീട്ടിലേക്ക് ഒഴുകിയെത്തിയത്. പൂര്‍ണ സൈനിക ബഹുമതിയോടെയാണ് സിദ്ധാര്‍ത്ഥ് യാദവിന്റെ മൃതദേഹം സംസ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: