മുംബൈ: താന്‍ കുടിയനായത് 10,000 ശിവസേനക്കാര്‍ മാപ്പു പറയിച്ചതോടെയാണെന്ന് സിനിമാ സംവിധായകന്‍ ഹന്‍സല്‍ മേത്ത..തനിക്ക് പണ്ട് ശിവസേനക്കാരുടെ കയ്യില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരമായ പീഢനം ഈയിടെ ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അഭിമുഖത്തിലാണ് ഹന്‍സല്‍ മേത്ത തുറന്നുപറഞ്ഞിരിക്കുന്നത്.
2000ല്‍ ആണ് ഹന്‍സല്‍ മേത്ത ബോളിവുഡില്‍ സംവിധായകനായി എത്തിയത്. ദില്‍ പേ മത് ലേ യാര്‍ എന്ന സിനിമയില്‍ ഹന്‍സല്‍ മേത്ത ശിവസേനയെ വിമര്‍ശിക്കുന്ന ഒരു ഡയലോഗുണ്ടായിരുന്നു. ഇതിന്റെ പേരില്‍ സിനിമയ്‌ക്കെതിരെ മഹാരാഷ്‌ട്രയില്‍ വലിയ കോലാഹലമുണ്ടായി. മനോജ് ബാജ് പേയി, തബു എന്നിവര് അഭിനയിച്ച സിനിമയായിരുന്നു അത്.
വൈകാതെ ശിവസേനക്കാര്‍ ഹന്‍സല്‍ മേത്തയുടെ ഓഫീസ് അടിച്ചുതകര്‍ത്തു. അന്ന് ശിവസേനപ്രവര്ത്തകര്‍ അദ്ദേഹത്തിന്റെ മുഖത്ത് കറുത്ത ചായം തേച്ചു. പിന്നീട് പതിനായിരത്തിലധികം പ്രവര്‍ത്തകരുടെ മുന്‍പില്‍ ഹന്‍സല്‍ മേത്തയെക്കൊണ്ട് മാപ്പ് പറയിച്ചു. ഈ സംഭവത്തിന് ശേഷം ഹന്‍സല്‍ മേത്തയ്‌ക്ക് വല്ലാത്ത ഭയവും അപമാനവും ഉണ്ടായി. ഇതില്‍ നിന്നെല്ലാം രക്ഷനേടാന്‍ ഒരേയൊരു സിദ്ധൗഷധമേ ഹന്‍സല്‍ മേത്ത കണ്ടുള്ളൂ. അതായിരുന്നു മദ്യം. പിന്നീട് അദ്ദേഹം മുഴുക്കുടിയനായി.
ഈ കഥ ഇപ്പോള്‍ പേടിപ്പിക്കുന്നത് കുനാല്‍ കമ്രയെയാണ്. ബിജെപിയെയും മോദിയെയും സനാതനധര്‍മ്മത്തെയും ഹിന്ദു ദൈവങ്ങളേയും വിമര്‍ശിക്കുന്നതില്‍ പുളകം കൊള്ളുന്ന സ്റ്റാന്‍ഡപ് കൊമേഡിയനാണ് കുനാല്‍ കമ്ര. റിപ്പബ്ലിക് ചാനലിന്റെ അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിക്കുക മാത്രമല്ല, അര്‍ണബ് ഗോസ്വാമി യാത്ര ചെയ്ത ഫ്ലൈറ്റില്‍ കയറിച്ചെന്ന് അര്‍ണബിനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്ന കുനാല്‍ കമ്ര. അതുപോലെ ഒലയുടെ സിഇഒ ഭവിഷ് അഗര്‍വാളിനെ വല്ലാതെ പരിഹസിച്ചിരുന്നു. എന്നാല്‍ അര്‍ണബിനോ ഭവിഷ് അഗര്‍വാളിനോ കുനാല്‍ കമ്രയെ പരസ്യമായി വെല്ലുവിളിക്കാനുള്ള ശക്തിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ കുനാല്‍ കമ്ര പരിഹസിച്ചത് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയെ ആണ്. ഇതുവരെ കളിച്ച കളിയല്ല ഇനി കുനാല്‍ കമ്ര കാണാനിരിക്കുന്നത്.
തന്റെ അനുയായികള്‍ക്ക് ജീവിച്ചിരിക്കുന്ന ദൈവം തന്നെയാണ് ഏക് നാഥ് ഷിന്‍ഡെ. അതുകൊണ്ടാണ് കുനാല്‍ കമ്ര വഞ്ചകന്‍ എന്ന് വിളിച്ച് ഏക് നാഥ് ഷിന്‍ഡെയെ കളിയാക്കിയ വേദി ഷിന്‍ഡെ അനുയായികള്‍ തല്ലിത്തകര്‍ത്തത്. ഷിന്‍ഡേയെ പരിഹസിച്ച് ഒരു ഗാനവും കുനാല്‍ കമ്ര ഈ ഷോയില്‍ പാടിയിരുന്നു. കണ്ണട ധരിച്ചയാള്‍, ഓട്ടോ ഡ്രൈവര്‍, താടിയുള്ളയാള്‍, ശിവസേനയെ പിളര്‍ത്തി ബിജെപി ക്യാമ്പില്‍ എത്തിച്ചയാള്‍…എന്നിങ്ങനെയുടെ വരികള്‍ നിറഞ്ഞതായിരുന്നു ഈ പരിഹാസഗനം. ഏക് നാഥ് ഷിന്‍ഡേയുടെ പേര് പറഞ്ഞില്ലെങ്കിലും ശിവസേനയുടെ പിളര്‍പ്പും മറ്റും വിശദീകരിക്കുന്നതിനാല്‍ പാട്ടില്‍ പരിഹസിക്കുന്നത് ഷിന്‍ഡേയെ ആണെന്ന് ആര്‍ക്കും മനസ്സിലാകും. ഇതാണ് ശിവസേന പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മാര്‍ച്ച് 24ന് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച കുനാല്‍ കമ്ര അതിന് ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയാണ്. ഏപ്രില്‍ ഏഴ് വരെ തമിഴ്നാട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ സമയം ഉപയോഗപ്പെടുത്തി മഹാരാഷ്‌ട്രയിലെ പൊലീസുമായി കുനാല്‍ കമ്ര സമവായം ഉണ്ടാക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഷിന്‍ഡേ പക്ഷം നേതാക്കള്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ല.
പരസ്യമായി മാപ്പുപറയുക എന്നതിനപ്പുറം ഒരു പരിഹാരത്തിനും ഷിന്‍ഡേ പക്ഷം തയ്യാറല്ല. ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്നും അതിന് പരിധി ഉണ്ടെന്നുമാണ് ഈ വിവാദത്തിന് ശേഷം ഷിന്‍ഡേ പ്രതികരിച്ചത്. എന്തായാലും താന്‍ ധീരനാണെന്ന് തെളിയിക്കാന്‍ വേണ്ടി കുനാല്‍ കമ്ര മാപ്പ് പറയാതെ നാളുകള്‍ തള്ളിനീക്കുകയാണ്. പക്ഷെ ശിവസേന പ്രവര്‍ത്തകര്‍ വ്യത്യസ്തരാണ്. അവരുടെ നേതാക്കളെയോ സനാതനധര്‍മ്മത്തെയോ വീര്‍ സവര്‍ക്കറേയോ ഒക്കെ പരിഹസിച്ചാല്‍ അവര്‍ ക്ഷമിക്കില്ല. എന്തായാലും കുനാല്‍ കമ്രയ്‌ക്ക് മുന്‍പില്‍ ഒത്തുതീര്‍പ്പിന് വഴികള്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: