ചെന്നൈ: മുസ്ലിം പ്രീണനം അതിശക്തമായി തുടരാന്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്. പലസ്തീന്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യമെന്ന് പ്രഖ്യാപിച്ച് ഹമാസ് അടക്കമുള്ള ഭീകരസംഘടനകള്‍ വരെ ധരിക്കുന്ന ‘കഫിയ’ അണിഞ്ഞാണ് ഇന്നലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ എത്തിയത്. ഡൗണ്‍ ഡൗണ്‍ സയണിസം എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തു. മുന്‍കാലങ്ങളിലും ഇത്തരം മുസ്ലിം പ്രീണന നിലപാടുകള്‍ സിപിഎം സ്വീകരിക്കാറുണ്ടായിരുന്നെങ്കിലും വസ്ത്രത്തില്‍ പോലും മതപ്രീണനം നടത്തുന്ന രീതിയിലേക്ക് പാര്‍ട്ടി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്.
രാഷ്‌ട്രീയ പ്രമേയത്തിലും രാഷ്‌ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേലുമുള്ള പൊതു ചര്‍ച്ച പൂര്‍ത്തിയായി. പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് മറുപടി പറഞ്ഞു. ചര്‍ച്ചയില്‍ ഉയര്‍ന്ന ഭേദഗതികള്‍ കൂടി പരിഗണിച്ച് രാഷ്‌ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീരിക്കും.
പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കെതിരെയും പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തി. രണ്ടാം നിര നേതാക്കളെ വളര്‍ത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്നാണ് വിമര്‍ശനം. പ്രായപരിധിയുടെ പേരില്‍ മുന്‍ നിര നേതാക്കള്‍ പിബിയില്‍ നിന്ന് ഒഴിയാന്‍ നില്‍ക്കുന്നു. പകരം നേതൃത്വത്തെ ഉയര്‍ത്തികൊണ്ടുവന്നിട്ടില്ല.
ഇഎംഎസ് ഉയര്‍ത്തികൊണ്ടുവന്നവരാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമെന്നും അങ്ങനെ ഒരു ഉയര്‍ത്തല്‍ ഉണ്ടാവാത്തതുകൊണ്ടാണ് സെക്രട്ടറിയുടെ അഭാവത്തില്‍ കാരാട്ടിന് തന്നെ രാഷ്‌ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടി വന്നതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
നേതൃതലത്തില്‍ വനിതാ പ്രാതിനിധ്യം തീരെ കുറയുന്നതിലും വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ സമീപനങ്ങള്‍ അക്കമിട്ട് നിരത്തിയുള്ള സംഘടന റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. മഹിളാ സംഘടനകളുടെ പ്രവര്‍ത്തനം രാഷ്‌ട്രീയ പ്രവര്‍ത്തനം ആയി കണക്കാക്കുന്നില്ല, സ്ത്രീകളുടെ പ്രവര്‍ത്തനം പാര്‍ട്ടി വില കുറച്ചു കാണുന്നു എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.
കഴിഞ്ഞ പാര്‍ട്ടി കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും വിഷയം ചര്‍ച്ച ആയെങ്കിലും കാര്യമായ മാറ്റമില്ല എന്നിങ്ങനെയാണ് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന മാധ്യമ ശ്രദ്ധ പാര്‍ട്ടി കോണ്‍ഗ്രസിന് ലഭിക്കുന്നില്ല. ദേശീയ മാധ്യമങ്ങള്‍ തിരിഞ്ഞു നോക്കുന്നില്ല. കേരളത്തിലെ മാധ്യമങ്ങളും വേണ്ടത്ര പ്രാധാന്യം നല്‍കാതായതോടെ തീര്‍ത്തും നിറംമങ്ങിയ നിലയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. പാര്‍ട്ടി ദേശീയ തലത്തില്‍ അപ്രസക്തമായതിന്റെ പ്രതിഫലനമാണ് സമ്മേളനത്തില്‍ നിഴലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: