മലപ്പുറം: സ്വതന്ത്രമായ വായു ശ്വസിച്ചുകൊണ്ട് സമുദായ അംഗങ്ങൾക്ക് മലപ്പുറം ജില്ലയിൽ ജീവിക്കാൻ കഴിയില്ലെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്തുകാർക്കിടയിൽ സമുദായ അംഗങ്ങൾ ഭയന്ന് വിറച്ചാണ് ജീവിക്കുന്നത്. സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേകം ചില ആളുകളുടെ സംസ്ഥാനമാണ് – വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറം ചുങ്കത്തറയില്‍ നടന്ന എസ് എൻ ഡി പി യോഗത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ട് സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും പിന്നോക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. അല്ലാതെ ഒരു കോളേജോ പള്ളിക്കൂടമോ ഉണ്ടോ? വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗം. എല്ലാവർക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ്.സംഘടിച്ച് വോട്ടുബാങ്കായി നിന്നിരുന്നെങ്കിൽ നമുക്കും ഇതെല്ലാം നേടാനായേനെയെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേരി ഉള്ളതുകൊണ്ടും അദ്ദേഹത്തിന്റെ ഒരു സ്ഥാപനം അവിടെ ഉള്ളതുകൊണ്ടും നിങ്ങളിൽ കുറച്ച് പേർക്കെങ്കിലും വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം ഉണ്ടായി. പല ഭരണകുടങ്ങളും വന്നിട്ടും നേതാക്കളെല്ലാം അവരുടെ കുടുംബത്തിലേക്ക് എല്ലാം കൊണ്ടുപോയപ്പോൾ ഒരു പൊട്ടും പൊടിയുമെങ്കിലും പിന്നാക്കക്കാർക്ക് ഇരിക്കട്ടേയെന്ന് കരുതി ഒരു കുടിപള്ളിക്കുടം പോലും തന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: