ഭാരതീയ ജനതാ പാര്‍ട്ടി രൂപം കൊണ്ടിട്ട് നാലരപതിറ്റാണ്ട് പൂര്‍ത്തിയാകുന്നു. നാളെ 46-ാം വയസ്സിലേക്ക് കടക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത ചരിത്രമാണ് ബിജെപിക്കുള്ളത്. തുടക്കം മുതല്‍ ആറുവര്‍ഷം പ്രസിഡന്റായി തുടര്‍ന്ന അടല്‍ ബിഹാരി വാജ്‌പേയി പാര്‍ട്ടിയുടെ ആദ്യ പ്രധാനമന്ത്രിയുമായി. ആദ്യ അവസരത്തില്‍ 13 ദിവസം മാത്രം അധികാരത്തിലിരുന്ന വാജ്‌പേയി പിന്നീട് വ്യക്തമായ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയായി. 24 കക്ഷികളെ ചേര്‍ത്ത് എന്‍ഡിഎ സംഖ്യമുണ്ടാക്കി. സഖ്യസര്‍ക്കാറിന് പുതിയ രൂപവും ഭാവവും നല്‍കി.
ഇടക്കാലത്ത് രണ്ടു സീറ്റില്‍ ഒതുങ്ങിപ്പോയിരുന്ന ബിജെപി പിന്നീട് പടിപടിയായി ചുവടുകളോരോന്നും മുന്നോട്ടുവയ്‌ക്കുകയായിരുന്നു. 1984 ലെ തെരഞ്ഞെടുപ്പില്‍ വാജ്‌പേയിപോലും തോറ്റു. ഗുജറാത്തില്‍ നിന്ന് എ.കെ. പട്ടേലും ആന്ധ്രയില്‍ നിന്ന് ജംഗറെഡ്ഡിയും മാത്രമാണ് വിജയിച്ചത്. ബിജെപി തീര്‍ന്നു എന്നുവിലയിരുത്തിയവരെ വിസ്മയിപ്പിച്ചുകൊണ്ടായിരുന്നു തിരിച്ചുവരവ്. മൂന്നുതവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത വാജ്‌പേയിയുടെ പാത പിന്‍തുടര്‍ന്നു പ്രധാനമന്ത്രിയായ നരേന്ദ്രമോദി ആ സ്ഥാനത്ത് 11 വര്‍ഷം തികച്ചിരിക്കുന്നു.
അടിസ്ഥാന വര്‍ഗത്തിന്റെ മോചനമാണ് തന്റെ പരമമായ ദൗത്യമെന്ന് പ്രഖ്യാപിച്ച മോദി അതിനനുസരിച്ചുള്ള നയങ്ങളും പരിപാടികളുമാണ് ആസൂത്രണം ചെയ്യുന്നത്. വ്യക്തവും നിര്‍ദ്ദിഷ്ടവുമായ നയങ്ങളും, പരിപാടികളും, കാഴ്ചപ്പാടുകളും, മികച്ച സംഘടനാ
സംവിധാനവുമുള്ള രാഷ്‌ട്രീയ പ്രസ്ഥാനമാണ് ഭാരതീയ ജനതാ പാര്‍ട്ടിയെന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും, പഞ്ചായത്തുകളിലും, ബൂത്ത് തലത്തിലും ബിജെപിക്ക് സംഘടനാപരമായ സാന്നിധ്യമുണ്ട്. കേരളത്തിലെ രാഷ്‌ട്രീയ നിലനില്‍പ്പ് ഒരു സഖ്യത്തില്‍ ചേരുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നൊരു വിശ്വാസമുണ്ട്. ഇത് തെറ്റാണെന്ന് ബിജെപി തെളിയിക്കുകയും ജനസംഖ്യയുടെ 8% പേരുടെ പിന്തുണ നേടുകയും ചെയ്തു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പാര്‍ട്ടി ഇടപെട്ട് പ്രധാന സഖ്യങ്ങള്‍ക്ക് തുല്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്ത പല പാര്‍ട്ടികള്‍ക്കും 2% ജന പിന്തുണ പോലും നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍, ബിജെപിയുടെ സാധ്യത വളരെ വലുതാണ്, എതിരാളികള്‍ അതിനെ ഭയത്തോടെയാണ് കാണുന്നത്. അതിനാല്‍ എതിര്‍പ്പ് വര്‍ദ്ധിക്കുന്നു.
ബിജെപി നിയന്ത്രിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സാന്നിധ്യം ഗണ്യമായി വര്‍ദ്ധിച്ചു. ലോക്‌സഭയിലേക്ക് ഇപ്പോള്‍ ഒരാളെ വിജയിപ്പിച്ചു- സുരേഷ്‌ഗോപിയെ. അദ്ദേഹം ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്. മറ്റൊരു കേന്ദ്ര മന്ത്രിയാണ്, രാജ്യസഭാംഗമായ ജോര്‍ജ്ജ് കുര്യന്‍. വി. മുരളീധരനാണ് കേരളത്തില്‍ നിന്നു മന്ത്രി സഭയിലെത്തിയ മറ്റൊരാള്‍. സംസ്ഥാന നിയമസഭയിലേയ്‌ക്ക് ഒരു തവണ ഒ. രാജഗോപാല്‍ ജയിച്ചു കയറി.
പരസ്പരം പോരടിക്കുന്ന രണ്ട് സഖ്യങ്ങള്‍, ബിജെപിയെ തോല്‍പിക്കാന്‍ ഒത്തുകളിക്കുന്ന കാഴ്ചയാണെങ്ങും. കാസര്‍കോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളില്‍ ഇത് പലതവണ കണ്ടിട്ടുണ്ട്. പാര്‍ലമെന്ററി പ്രാതിനിധ്യം ഇല്ലാതിരുന്നിട്ടും, ബിജെപി കേരളത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒ. രാജഗോപാല്‍ റെയില്‍വേ സഹമന്ത്രിയായിരിക്കെ കേരളത്തിനായി അത്ഭുതങ്ങള്‍ ചെയ്തു. ഇടുങ്ങിയ രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം സംസ്ഥാനത്തിന്റെ വികസനത്തിന് ബിജെപിക്ക് സംഭാവന നല്‍കാന്‍ കഴിയുമെന്ന് എന്‍ഡിഎ ഭരണം തെളിയിച്ചു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തിക്കുന്നത് പ്രതികൂലമായ അന്തരീക്ഷത്തിലാണ്. പ്രത്യയശാസ്ത്രപരമായ എതിര്‍പ്പിനെ മാത്രമല്ല, ശാരീരിക ഭീഷണികളെയും നേരിടുന്നു. എതിരാളികളുടെ അസഹിഷ്ണുത ശാരീരിക ആക്രമണത്തിനും വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. പലര്‍ക്കും അംഗവൈകല്യം സംഭവിച്ചിട്ടുണ്ട്.
മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നിങ്ങനെ വിഭജിച്ചു ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുകയും ഭൂരിപക്ഷത്തെ അവഗണിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ അവഗണിക്കുന്ന വിഭാഗങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഒരേയൊരു പ്രസ്ഥാനം ബിജെപിയാണ്. മുനമ്പം അതിനൊരു ഉദാഹരണം മാത്രം. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്, കാശ്മീരും ലഡാക്കും വ്യത്യസ്ത ഭരണത്തിലാക്കിയത്, മുത്തലാക്ക് നിരോധനം തുടങ്ങിയവയും ഉദാഹരണങ്ങളാണ്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് നിര്‍ബന്ധമുള്ള പ്രസ്ഥാനമായി ബിജെപി ബോധ്യപ്പെടുത്തുന്നു. ചെയ്യാന്‍ കഴിയുന്നത് മാത്രം പറയുക. പറയുന്നത് ചെയ്യുക. അങ്ങിനെ വ്യത്യസ്ത മുന്നണികള്‍ക്കിടയില്‍ ഒരു മറുപുറം കാട്ടിക്കൊടുക്കാന്‍ ബിജെപിക്ക് കഴിയുന്നു. അതുകൊണ്ടുതന്നെയാണ് പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകള്‍ വിശ്വാസത്തോടെ ജനം കണുന്നത്. തന്നെ ഒരു ദൗത്യം ഏല്പിച്ചിരിക്കുന്നു. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നത്. അടുത്തവര്‍ഷത്തെ ദൗത്യമതാണെന്ന് അദ്ദേഹം പറഞ്ഞുവയ്‌ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: