ജലന്ധർ: യുപി മോഡലിൽ പഞ്ചാബിൽ ലഹരി മാഫിയക്കെതിരെ പൊലീസിന്റെ ബുൾഡോസർ നടപടി. ജലന്ധറിൽ ലഹരി മാഫിയ സംഘത്തിൽ ഉൾപ്പെട്ട ആളുടെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി. ജലന്ധറിലെ നകോദറിലെ ഫൈസലാ ഗ്രാമത്തിൽ ഞായറാഴ്ചയാണ് പൊലീസ് നടപടിയുണ്ടായത്. നിലവിൽ ഒളിവിൽ കഴിയുന്ന ജസ്വിന്ദർ കൗർ എന്ന സ്ത്രീയുടെ അനധികൃത നിർമ്മാണമാണ് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.
ഇവർക്കെതിരെ 20ഓളം കേസുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. കൊലപാതക കേസ് അടക്കമുള്ളവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് ആക്റ്റ് അടക്കമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ബിഡിപിഒയുടെ ഉത്തരവ് അനുസരിച്ചാണ് അനധികൃത നിർമ്മിതി പൊളിച്ചിട്ടുള്ളത്. ജസ്വിന്ദർ കൗറിന്റെ ഭർത്താവിനെതിരെയും പൊലീസ് കേസുകളുണ്ടെന്നാണ് എസ്എസ്പി ഗുർമീത് സിംഗ് മാധ്യമങ്ങളോട് വിശദമാക്കിയത്. ജസ്സി എന്ന പേരിലാണ് ഇവർ ലഹരിമരുന്ന് വിൽപന അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നത്. സംഘത്തിൽ ഉൾപ്പെട്ട ആളുടെ 50 കോടിയുടെ സ്വത്ത് നേരത്തെ കണ്ടുകെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: