വെഞ്ഞാറമൂട്: ലഹരിയുടെ കാര്യത്തില്‍ അന്താരാഷ്ട്ര ശക്തികളുടെ പ്രവര്‍ത്തനം ശക്തമാണെന്നും ഇവരുടെ പിടിയില്‍പ്പെടാതെ ജാഗ്രതയോടെ കുട്ടികളെ പരിപാലിക്കുന്ന രക്ഷകര്‍തൃ സമൂഹം ഉണ്ടാകേണ്ടതുണ്ടെന്നും ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് പറഞ്ഞു. ഉണരാം ലഹരിക്കെതിരെ എന്ന സന്ദേശവുമായി ജന്മഭൂമി നടത്തിയ ജാഗ്രതാ യാത്രയ്ക്ക് വെഞ്ഞാറമൂട് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു എം.രാധാകൃഷ്ണന്.
അന്താരാഷ്ട്ര വിധ്വംസക ശക്തികളോടാണ് നമുക്ക് ഏറ്റുമുട്ടാനുള്ളത്. ഒരുകാലത്ത് കോളജുകളിലും മറ്റും ചെറിയ രീതിയിലുണ്ടായിരുന്ന ലഹരി ഉപഭോഗം ഇന്ന് ചെറിയ കുട്ടികളില്‍ വരെ എത്തിയിരിക്കുന്നു. അവരെപ്പോലും ഇരകളാക്കുന്ന സ്ഥിതിയാണ്. കേരളം ലഹരി ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്താണ്. അത്രയും അപകടകരമായ ഒരവസ്ഥ നമ്മുടെ മുന്നില്‍ നില്ക്കുന്നു. നാളെയുടെ വാഗ്ദാനങ്ങളായിത്തീരേണ്ട തലമുറയെ നശിപ്പിക്കുന്ന തരത്തിലുള്ള അന്താരാഷ്ട്ര ശക്തികളുടെ പ്രവര്‍ത്തനം ഇതിന് പിന്നിലുണ്ട്. ബോധവത്കരണത്തിലൂടെ മാത്രം ഇതിനെ മറികടക്കുക അസാധ്യമാണ്. ജാഗ്രതയോടെ വീക്ഷിക്കുവാനും ആവശ്യമായ സമയങ്ങളില്‍ നടപടികളെടുക്കുവാനും അധികാരികളെ പ്രേരിപ്പിക്കുന്ന തരത്തില്‍ ഒരു സമൂഹം രൂപപ്പെട്ടുവരേണ്ടതുണ്ട്. ഈ കാര്യത്തില്‍ അദ്ധ്യാപകരും രക്ഷിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്. പല പ്രവര്‍ത്തങ്ങളിലൂടെ നമ്മുടെ നാടിനെയും പുതു തലമുറയെയും രക്ഷിച്ചെടുക്കേണ്ടതുണ്ട്. എല്ലാഭാഗത്തു നിന്നുമുള്ള പിന്തുണ യാത്രയ്ക്ക് ലഭിക്കുന്നുണ്ട്. അതില്‍ സന്തോഷമുണ്ട്. ലഹരിയെന്ന വിപത്തിനെ നമുക്ക് ഒന്നിച്ച് പരാജയപ്പെടുത്താന്‍ കഴിയണമെന്നും എം. രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: