മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് അപമാനിച്ച കുനാല്‍ കമ്രയ്‌ക്ക് സംരക്ഷണം നല്‍കാത്തതില്‍ കൂടുതല്‍ വിഷിക്കുന്നത് ഉദ്ധവ് താക്കറെ. ഉടന്‍ കുനാല്‍ കമ്രയ്‌ക്ക് സംരക്ഷണം നല്‍കണമെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തിനാണ് കുനാല്‍ കമ്രയുടെ കാര്യത്തില്‍ ഉദ്ധവ് താക്കറെയ്‌ക്ക് ഇത്ര ആകാംക്ഷ എന്നത് കൂടുതല്‍ സംശയത്തിന് ഇടയാക്കുന്നു.
പുതുതായി മൂന്ന് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കൂടി കുനാല്‍ കമ്രയ്‌ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം അഞ്ചായി. നാസിക് റൂറല്‍, ജല്‍ഗാവോണ്‍, നാസിക് നന്ദഗാവോണ്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് പുതിയ കേസുകള്‍. നേരത്തെ ഖാര്‍ പൊലീസ് സ്റ്റേഷനിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നാസിക് റൂറല്‍ പ്രദേശത്തുള്ള മന്‍മദ് എന്ന പൊലീസ് സ്റ്റേഷനിലും കേസുണ്ട്. ഇതോടെ ആകെ അഞ്ചിടത്താണ് കുനാല്‍ കമ്രയ്‌ക്ക് കേസുകള്‍ ഉള്ളത്.
ശിവസേനയെ 2022ല്‍ പിളര്‍ത്തിയതിന്റെ പേരിലാണ് കുനാല്‍ കമ്ര ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ചത്. ഒരു യുട്യൂബ് വീഡിയോയിലാണ് കുനാല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയന്‍ ഏകനാഥ് ഷിന്‍ഡേയെ വിമര്‍ശിച്ചത്. ഒരു സംഘം കേള്‍വിക്കാരുടെ മുന്നില്‍ നിന്ന് ഒറ്റയ്‌ക്ക് സരസമായി അനുഭവങ്ങളും രാഷ്‌ട്രീയവും കോര്‍ത്തിണക്കി ആക്ഷേപഹാസ്യത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതാണ് സ്റ്റാന്‍ഡപ് കോമഡി. ഈ പരിപാടി ഷൂട്ട് ചെയ്ത സ്റ്റുഡിയോ ഏക് നാഥ് ഷിന്‍ഡേയുടെ ശിവസേനയില്‍പെട്ടവര്‍ തകര്‍ത്തിരുന്നു.
സംഭവത്തില്‍ തുടക്കം മുതലേ ഉദ്ധവ് താക്കറെയുടെ കരങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കുന്നുണ്ട്. ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറേയ്‌ക്കെതിരായ കൂട്ടബലാത്സംഗക്കേസും ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യാക്കേസും മുംബൈ കോടതി വാദം കേള്‍ക്കാനിരിക്കെ മാധ്യമശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടതെന്ന് കരുതുന്നു. സംഭവം നടന്നതു മുതല്‍ കുനാല്‍ കമ്രയെ പിന്തുണച്ചുകൊണ്ട് ഉദ്ധവ് താക്കറെ പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരിക്കുകയാണ്.
കുനാല്‍ കമ്ര ഈ സംഭവത്തിന് ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയാണ്. മുംബൈ പൊലീസ് കമ്മീഷണര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമയം നീട്ടിച്ചോദിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: