കൊൽക്കത്ത: ബംഗാളിലെ അതിർത്തി ഗ്രാമങ്ങളിൽ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റി രാഷ്‌ട്രീയലക്ഷ്യത്തോടെ ജനസംഖ്യ സന്തുലിതാവസ്ഥ അട്ടിമറിക്കുന്നുവെന്ന പരാതി സംബന്ധിച്ച് ഗവർണർ ഡോ. സി.വി. ആനന്ദബോസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച നടത്തി.
അടുത്തിടെ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ഗവർണർ നടത്തിയ സന്ദർശനവേളയിൽ ലോക്സഭാംഗം ജ്യോതിർമയ് സിംഗ് മഹാതോ ഉൾപ്പെടെ ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ഭാഗത്തു നിന്ന് ഇതു സംബന്ധിച്ച് നിരവധി പരാതികൾ ഗവർണർക്ക് ലഭിച്ചിരുന്നു. ബന്ധപ്പട്ടവരിൽ നിന്ന് വിശദവിവരങ്ങൾ ശേഖരിച്ച ശേഷമാണ് ആനന്ദബോസ് കഴിഞ്ഞ ഡൽഹിയാത്രയിൽ ആഭ്യന്തരമന്ത്രിയെക്കണ്ട് ചർച്ച നടത്തിയത്.
രാഷ്‌ട്രീയ ലക്ഷ്യത്തോടെ അതിർത്തി ജില്ലകളിൽ കൃത്രിമമായി ജനസംഖ്യ സന്തുലിതാവസ്ഥ അട്ടിമറിക്കുന്നതിന് തൃണമൂൽ കോൺഗ്രസ്സ് “ദീദിർ ബീഗം മോഡൽ” എന്ന പേരിൽ ആസൂത്രിത ശ്രമം നടത്തുന്നതായാണ് ലോക്‌സഭാംഗം ജ്യോതിർമയ് സിംഗ് മഹാതോ ബംഗാൾ ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ പരാതിപ്പെട്ടത്.
വിവാഹം, തൊഴിൽ, പഠനസഹായം, ഉദ്യോഗക്കയറ്റം മുതലായവ വാഗ്ദാനം ചെയ്ത് ഒരു വിഭാഗം പെൺകുട്ടികളെ, വിശേഷിച്ച് പട്ടികജാതി, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വ്യാപകമായ തോതിൽ മതം മാറ്റുന്നതായാണ് പരാതി. ഇതേപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമെന്ന് ലോക്‌സഭാംഗം നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണകക്ഷിയുടെ വിദ്യാർത്ഥി വിഭാഗം യൂണിയനുകളെ നിയന്ത്രിക്കാൻ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥി നേതാക്കളെ തന്ത്രപരമായി നിയോഗിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു. ഈ വിദ്യാർത്ഥി നേതാക്കൾ പെൺകുട്ടികളെ, പ്രത്യേകിച്ച് അക്കാദമികവും രാഷ്‌ട്രീയവുമായ ഉന്നമനത്തിന് ആഗ്രഹിക്കുന്നവരെ, ഗ്യാരണ്ടീഡ് സെലക്ഷൻ, മുൻഗണനാ പ്രവേശനം പോലുള്ള പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്താണ് മതം മാറ്റുന്നതെന്ന് ആരോപണമുയർന്നിരുന്നു.
അനധികൃത കുടിയേറ്റക്കാർക്കു ഇന്ത്യൻ പൗരത്വം ലഭിക്കാൻ സഹായം വാഗ്ദാനം ചെയ്തും ഫത്‌വകൾ പുറപ്പെടുവിച്ചും വിവാഹസിൻഡിക്കേറ്റുകൾ സ്ഥാപിച്ചും സർക്കാർ ജോലി വെച്ചുനീട്ടിയും ഭരണപക്ഷം ന്യുനപക്ഷ വോട്ട് അടിത്തറ വികസിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണെന്ന് അതിർത്തിഗ്രാമസന്ദർശനവേളയിൽ ഉണ്ടായ പരാതിപ്രവാഹത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ വിവരശേഖരണം നടത്തിയത്.
സന്ദേശ്ഖലി അടക്കമുള്ള അതിർത്തിപ്രദേശങ്ങളിൽ ഭരണകക്ഷിക്കുണ്ടായ ക്ഷീണം മാറ്റാനും വർഗീയചേരിതിരിവ് സൃഷ്ടിക്കുന്ന വിഘടനപ്രവർത്തനങ്ങൾ തകർക്കാനുള്ള ശ്രമങ്ങളെ മറികടക്കാനുമുള്ള ഭരണകക്ഷിയുടെ തന്ത്രപരമായ നീക്കമായാണ് “ദീദിർ ബീഗം മോഡൽ” പ്രവർത്തനങ്ങളെ നിരീക്ഷകർ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: