ചെന്നൈ: നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ മുഖ്യമന്ത്രിക്കുപ്പായം തുന്നി വച്ച് ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്. പാര്‍ട്ടി തുടക്കത്തിലേ അധികാരത്തര്‍ക്കത്തിലേക്കെന്ന് സൂചനയാണ് ഇദ്‌ദേഹത്തിന്‌റെ ചിത്രങ്ങളുമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ നല്‍കുന്നത്. ജനറല്‍ സെക്രട്ടറി എന്‍ ആനന്ദിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചിത്രീകരിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവം പാര്‍ട്ടിയില്‍ വലിയ വിവാദമായിരിക്കയാണ് . സബര്‍ബന്‍ ജില്ലാ സെക്രട്ടറിയായ ഇസിആര്‍പി ശരവണനാണ് പോസ്റ്ററിനു പിന്നലെന്ന് ആരോപണം ഉയരുകയും ചെയ്തു. ശരവണന്‍ പോസ്റ്ററിന്‌റെ പിതൃത്വം നിഷേധിച്ചിട്ടുണ്ടെങ്കിലും ആനന്ദ് അതൊരു ബഹുമതിയായാണ് എടുത്തത്. ശരവണനാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന സൂചന നല്‍കിയതും ആനന്ദാണ്. ഏതായാലും സംഭവം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനും ആശങ്കയ്‌ക്കും ഇടയാക്കി. ആനന്ദിനെ മുന്‍നിര്‍ത്തി തുടക്കത്തിലേ ഒരു സമാന്തര നിര രൂപപ്പെടുത്താനുള്ള നീക്കമായി ഇതിനെ കാണുന്നവരുമുണ്ട്. പോസ്റ്ററില്‍ വിജയയുടെ ചിത്രമുണ്ടെങ്കിലും പേരു പരാമര്‍ശിക്കാതിരുന്നതാണ് കൂടുതല്‍ വിമര്‍ശനത്തിനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: