മലപ്പുറം ജില്ലയില് ലഹരി ഉപയോഗം പതിവാക്കിയ 10 പേരില് എച്ച്ഐവി ബാധകണ്ടെത്തി എന്നത് പേടിപ്പെടുത്തുന്ന വാര്ത്തയാണ്. മയക്കു മരുന്നിനേക്കാള് ഭീകരമാണ് ഈ കണ്ടെത്തല്. സമൂഹത്തെ ഇത് എത്ര ആഴത്തില് ബാധിക്കുമെന്നും, എത്രമാത്രം ബാധിച്ചുകഴിഞ്ഞു എന്നും അറിയാനിരിക്കുന്നതേയുള്ളൂ. പിടിയിലായാല് രക്ഷപ്പെടാന് അനുവദിക്കാത്ത നീരാളിക്കൈകളാണ് എച്ച്ഐവിയുടേത്. എത്രപേരിലേക്ക് ഇത് പടര്ന്നിട്ടുണ്ടാവും എന്നു വ്യക്തമായിട്ടില്ല. കൂടുതല് പരിശോധനകള് നടന്നുവരികയാണ്. മറ്റു ജില്ലകളിലും സമാന രീതിയിലുള്ള സംഭവങ്ങള് നടക്കാനിടയുണ്ട്. കാരണം എല്ലായിടങ്ങളിലും മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമാണല്ലോ. അതിവേഗമുള്ള നടപടികള് വഴി മാത്രമേ ഈ വിപത്തില് നിന്നു രക്ഷപ്പെടാനാവുകയുള്ളൂ. ലഹരി കുത്തിവയ്ക്കാന് ഒരേ സിറിഞ്ച് പലരും ഉപയോഗിക്കുന്നതിലെ അപകടത്തെക്കുറിച്ച് ബോധവല്ക്കരണം ഒരുപാട് നടന്നിട്ടുള്ളതാണ്. എന്നാല് ലഹരി ഉപയോഗിക്കുന്നവരോ വില്ക്കുന്നവരോ ഇതേക്കുറിച്ച് ചിന്തിച്ചു എന്നുവരില്ല. വില്പനക്കാര്ക്ക് കച്ചടം മാത്രമാണല്ലോ ലക്ഷ്യം. പക്ഷേ, ലഹരി മരുന്ന് വ്യാപനത്തിന്റെ പശ്ചാത്തലത്തില് അത്തരം അപകടം മുന്കൂട്ടി കാണാന് പോലീസിനും ആരോഗ്യ വകുപ്പിനും കഴിയണമായിരുന്നു. അതിനെതിരെ ചടുലമായ നടപടികളും വേണ്ടിയിരുന്നു.
കുറ്റപ്പെടുത്താനും പരസ്പരം പഴിചാരാനുമുള്ള സമയമല്ല ഇതെന്ന് അറിയാം. പക്ഷേ ചില കാര്യങ്ങള് പറയാതെ വയ്യ. മയക്കുമരുന്ന് സംഘങ്ങള് സമൂഹ മധ്യത്തില് അഴിഞ്ഞാടുന്നു എന്ന യാഥാര്ത്ഥ്യം പകല് പോലെ വ്യക്തമായിട്ട് നാളുകള് കുറെയായി. അതിനെ നിയന്ത്രിക്കാന് കാര്യമായ ഒരു നടപടിയും വേണ്ടപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ബോധവല്ക്കരണവും പ്രസംഗവും സെമിനാറുകളും നടത്തുകയല്ല ഉത്തരവാദിത്തമുള്ള സര്ക്കാര് ചെയ്യേണ്ടത്. അതിന് സാംസ്കാരിക സംഘടനകളും സാംസ്കാരിക നായകരും മറ്റുമുണ്ട്. അല്ലെങ്കില്ത്തന്നെ അതിന്റെയൊക്കെ സമയം അതിക്രമിച്ചുകഴിഞ്ഞു. ലഹരി വിതരണ സംഘങ്ങളുടെ വേരുകള് ഉള്നാടന് ഗ്രാമങ്ങളില്വരെ കടന്നുചെന്ന സാഹചര്യത്തിലും നിസ്സംഗതയായിരുന്നു ഭരണ സംവിധാനത്ത് കാണാനുണ്ടായിരുന്നത്. ആ നിസ്സംഗതയാണ് കാര്യങ്ങളെ ഇവിടെവരെ എത്തിച്ചത്. എന്തിനും ശക്തമായ നിയമ സംവിധാനമുള്ള നാടാണ് നമ്മുടേത്. പക്ഷേ നിയമങ്ങള് നടപ്പാക്കാന് ആര്ജ്ജവമുള്ള എക്സിക്യൂട്ടീവ് അഥവാ ഭരണ സംവിധാനം വേണം. അതാണ് ഇല്ലാതെ പോയത്.
കടുത്ത നടപടികളായിരുന്നു സര്ക്കാര് സംവിധാനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടിയിരുന്നത്. മയക്കുമരുന്ന് ലോബിയെ അടിച്ചമര്ത്തുകയും അവരുടെ വിതരണ ശൃംഖല തകര്ക്കുകയും ചെയ്യണം. അങ്ങനെ ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാന് കഴിഞ്ഞാലേ സമൂഹത്തില് ശുദ്ധീകരണ പ്രക്രിയ നടക്കൂ. എല്ലാത്തിനും രാഷ്ട്രീയ താത്പര്യം കാണിക്കുന്നവര്ക്ക് അതിനുള്ള നട്ടെല്ലുണ്ടാവില്ല.
യാദൃച്ഛികമായിട്ടാണെങ്കിലും ഈ അപകടം ശ്രദ്ധയില്പ്പെട്ടത് സമൂഹത്തിന്റെ ഭാഗ്യം. ഇനിയെങ്കിലും സാമൂഹ്യ സുരക്ഷ മുന്നിര്ത്തിയുള്ള നടപടികള് വേണം. അതിനു നമ്മുടെ ഭരണസംവിധാനത്തിനും നിയമപാലകര്ക്കും കഴിയണം. അതാണ് സമൂഹം സര്ക്കാരില് നിന്ന് പ്രതീക്ഷിക്കുന്നത്. സാമൂഹിക വിപത്തിന് എതിരായ പോരാട്ടത്തിന് രാഷ്ട്രീയ നിറം പാടില്ലെന്നത് എല്ലാവരും ഓര്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: