തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരോട് പ്രതികാര നടപടി തുടര്‍ന്ന് സര്‍ക്കാര്‍. സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാ പ്രവര്‍ത്തകരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞു. ആലപ്പുഴ ജില്ലയിലെ 146 പേരുടെ ഫെബ്രുവരി മാസത്തെ ഓണറേറിയമാണ് യാതൊരു അറിയിപ്പും കൂടാതെ തടഞ്ഞത്. ഒരു ദിവസത്തെ സമരത്തില്‍ പങ്കെടുത്തതിന് ഒരുമാസത്തെ ഓണറേറിയം തടഞ്ഞതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സിപിഎമ്മിന്റെ നിരവധി സമരപരിപാടികളില്‍ പോയിട്ടുണ്ട്. അപ്പോഴൊന്നും ഓണറേറിയം തടഞ്ഞിട്ടില്ലെന്ന് ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ആശാ പ്രവര്‍ത്തകരുടെ ഓണറേറിയവും തടഞ്ഞിട്ടുണ്ട്. പണം കിട്ടാത്ത ആശമാര്‍ ഇന്നലെ ജില്ലാ പ്രോഗ്രോം മാനേജരെ കണ്ട് പരാതി നല്‍കി. സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 47-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന് ആശമാരുടെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും. പത്തിലേറെ തദ്ദേശസ്ഥാപനങ്ങള്‍ ആശമാര്‍ക്ക് അധിക വേതനം നല്‍കാന്‍ തനത് ഫണ്ടില്‍ നിന്ന് തുക മാറ്റി വെച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ഭീഷണിയുമായി തദ്ദേശ മന്ത്രി എം.ബി.രാജേഷ് രംഗത്ത് വന്നിട്ടുണ്ട്. അങ്ങനെ തോന്നും പോലെ ഓണറേറിയം നല്‍കാന്‍ അനുവദിക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ബജറ്റ് ചര്‍ച്ചക്ക് ശേഷം തദ്ദേശസ്ഥാപനങ്ങള്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: