തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനോടുള്ള രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പാവപ്പെട്ടവര്‍ക്ക് നേരിട്ട് ലഭിക്കേണ്ട പദ്ധതികള്‍പോലും സംസ്ഥാനത്ത് നടപ്പിലാക്കാത്തത് ഗുരുതര വീഴ്ചയെന്ന് ബിജെപി കോര്‍കമ്മറ്റിയോഗം വിലയിരുത്തി. സംസ്ഥാനസര്‍ക്കാരിന്റെ വൈരാഗ്യനടപടിമൂലം ജീവിത നിലവാരം ഉയര്‍ത്താനുള്ള പദ്ധതികള്‍ ജനങ്ങള്‍ക്ക് നഷ്ടമാവുകയാണ്. അതിനാല്‍ ഓരോ ബിജെപി പ്രവര്‍ത്തകരും വീടുകളിലെത്തി ഗുണോക്താക്കളെ വിവിധ പദ്ധതികളില്‍ അംഗമാക്കാന്‍ ബിജെപി സംസ്ഥാന കോര്‍കമ്മറ്റിയോഗത്തില്‍ തീരുമാനം. ഗുണഭോക്താക്കളെ പദ്ധതികളുടെ ഭാഗമാക്കുന്നത് ബിജെപി പ്രവര്‍ത്തകരുടെ ദൈനംദിന രാഷ്‌ട്രീയ ദിനചര്യയുടെ ഭാഗമാക്കുമെന്നും ബിജെപി കോർ കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിച്ച് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, സെക്രട്ടറി എസ് സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഏപ്രില്‍ 15 ന് മുന്നേ 30 സംഘടനാ ജില്ലാ ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കും.
കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നിരന്തരം പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ്സും അത് ഏറ്റുപറയുകയാണ്. ചരിത്രത്തില്‍ ഇല്ലാത്ത വിധമുള്ള ഗ്രാന്റുകളും വികസന പദ്ധതികളും പിന്തുണയുമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. എന്നിട്ടും രാഷ്‌ട്രീയ വൈരാഗ്യം കൊണ്ടുള്ള പ്രചാരണം മുഖ്യമന്ത്രി പിണറായിവിജയന്‍ നടത്തുന്നത് വഞ്ചാനാപരമാണ്. ഇത്തരം പ്രചരണത്തിലെ പൊള്ളത്തരം തെളിയിക്കാന്‍ ബിജെപി പ്രചാരണം നടത്തും. കേന്ദ്രസഹായങ്ങളുടെ കൃത്യമായ കണക്കുകള്‍ ലഘുലേഖകളാക്കി ബൂത്ത് തലത്തില്‍ ഓരോ വീട്ടിലും പ്രവര്‍ത്തകള്‍ എത്തിക്കും.
ബൂത്ത്, മണ്ഡലം പുന:സംഘടന പൂര്‍ണമായിക്കഴിഞ്ഞു. ജില്ലാ ഭാരവാഹി കമ്മറ്റി പുന:സംഘടന ഏപ്രില്‍ 15ന് അകം പൂര്‍ത്തിയാക്കും. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കിയാകും പുന:സംഘടന. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്ന് പി. സുധീർ പറഞ്ഞു.
ആശ പ്രവര്‍ത്തകരുടെ സമരത്തില്‍ അവര്‍ക്കൊപ്പമാണ് ബി ജെ പി. പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തും നഗരസഭയും ബജറ്റിലൂടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് മാറ്റി മുഖ്യമന്ത്രി തലത്തില്‍ ആശാ പ്രവർത്തകരുമായി ചര്‍ച്ചനടത്തണം. ആശാപ്രവര്‍ത്തകരുടെ ഓണറേറിയവും വിരമിക്കന്‍ ആനുകൂല്യവും എല്‍ഡിഎഫ് മുന്നണി നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അത് നടപ്പിലാക്കനാണ് സമരം നടത്തുന്നത്. മുഖ്യമന്ത്രി ഏകാധിപതിയാകാന്‍ പാടില്ല. ജനങ്ങളോട് സംസാരിക്കാന്‍ എന്തിന് മുഖ്യമന്ത്രി ഭയക്കണമെന്നും ഇരുവരും ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: