ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിന് ഉടന്‍ ഭാരതം സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുടിന്റെ സന്ദര്‍ശനം. റഷ്യ – ഉക്രൈയ്ന് സംഘര്‍ഷം ആരംഭിച്ചശേഷം ആദ്യമായാണ് പുടിന് ഭാരതത്തിലെത്തുന്നത്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആണ് സന്ദര്‍ശന വിവരം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം വ്ളാദമിര്‍ പുടിന് സ്വീകരിച്ചതായി സെര്‍ജി ലാവ്റോവ് പറഞ്ഞു. എന്നാല്‍ സന്ദര്‍ശന തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും ലാവ്റോവ് വ്യക്തമാക്കി.
നരേന്ദ്രമോദി മൂന്നാം തവണയും അധികാരത്തിലെത്തിയതിന് ശേഷം നടത്തിയ ആദ്യ യാത്ര റഷ്യയിലേക്കായിരുന്നുവെന്നും ഇനി അടുത്തത് തങ്ങളുടെ ഊഴമാണെന്നും ലാവ്റോവ് പറഞ്ഞു. ഈ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി പുടിനെ ഭാരതത്തിലേക്ക് ക്ഷണിച്ചത്. ഉക്രൈയ്ന് സംഘര്‍ഷം, അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള ആഗോള സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരുനേതാക്കളും ചര്ചെയ്യുമെന്നാണ് കരുതുന്നത്.
റഷ്യ- ഉക്രൈയ്ന് സംഘര്‍ഷത്തില്‍ ഭാരതം നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി മോദി റഷ്യയും ഉക്രൈനും സന്ദര്‍ശിക്കുകയും ഇരുരാഷ്ട്രത്തലവന്മാരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. റഷ്യയെ അപലപിച്ച് ഐക്യരാഷ്ട്രഭ പാസാക്കിയ പ്രമേയങ്ങളില്‍ ഭാരതം വിട്ടുനിന്നു. പുടിനെ പരസ്യമായി വിമര്‍ശിക്കുന്ന നടപടിയും ഉണ്ടായില്ല. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കിടയിലും അവിടെ നിന്ന് ഭാരതം ക്രൂഡ് ഓയില്‍ വാങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറായി വര്‍ധിപ്പിക്കാനും ധാരണയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: