സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നത്തിന് ഒരു കൈ സഹായവുമായി രംഗത്തിറങ്ങിയ, ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ നടപടി പിന്തുടരാന്‍ പല തദ്ദേശ ഭരണ സമിതികളും മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹവും സന്തോഷകരവുമാണ്. വര്‍ഷം പന്ത്രണ്ടായിരം രൂപ വീതം ആശമാര്‍ക്ക് നല്‍കാനാണ് പാലക്കാട് നഗരസഭ മുന്നോട്ടുവന്നത്. ചെയ്യുന്ന സഹായത്തിന്റെ വലിപ്പമല്ല, അതിനു പിന്നിലെ മന:സ്ഥിതിയാണ് അംഗീകരിക്കപ്പെടേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇല്ലാതെപോയതും അത് തന്നെയാണ്. പ്രതിമാസം 7000 രൂപ വീതം നല്‍കാന്‍ തയ്യാറായ, കോട്ടയം ജില്ലയിലെ മുത്തോലി പഞ്ചായത്താണ് ഇക്കാര്യത്തില്‍ മാതൃകയായി മുന്‍ പന്തിയില്‍ നില്‍ക്കുന്നത്. ബിജെപി ഭരിക്കുന്ന പഞ്ചായത്താണിതും. കണ്ണൂര്‍ കോര്‍പറേഷന്‍, പെരുമ്പാവൂര്‍-മരട്, കോട്ടയം, മണ്ണാര്‍ക്കാട് നഗര സഭകള്‍, എലപ്പുള്ളി പഞ്ചായത്ത് എന്നിവയാണ് പാലക്കാടിന്റെ പാത പിന്തുടര്‍ന്ന മറ്റു തദ്ദേശ ഭരണ സമിതികള്‍. ഒരു പഞ്ചായത്ത് 7000 രൂപ നല്‍കാന്‍ തയ്യാറാകുന്നിടത്താണ് സംസ്ഥാന ഭരണകൂടം നിസ്സഹായത നടിക്കുന്നതെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല.
മാന്യമായ പ്രതിഫലം ചോദിച്ച് സമരരംഗത്തുള്ള ആശമാരെ തിരിഞ്ഞു നോക്കാന്‍ കൂട്ടാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കേണ്ട നടപടിയാണിത്. അതുണ്ടാകുമോയെന്ന് കാണിച്ചു തരേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. വര്‍ഷം പന്ത്രണ്ടായിരം രൂപ നല്‍കാന്‍ തീരുമാനിക്കുകയും, അത് ബജറ്റില്‍പ്പെടുത്തുകയും ചെയ്ത പാലക്കാട് നഗരസഭ, എടുത്ത തീരുമാനം നടപ്പാക്കുമെന്ന കൃത്യമായ സൂചനയാണ് നല്‍കിയിരിക്കുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണ് എന്ന ബിജെപി സര്‍ക്കാരുകളുടെ പ്രഖ്യാപിത നിലപാടിന്റെ തുടര്‍ച്ചയാണ് അവിടെ കണ്ടത്. ബിജെപി ഭരണം ജനങ്ങള്‍ക്ക് എന്ത് നല്‍കും എന്നതിന്റെ വ്യക്തമായ സന്ദേശവും അതിലുണ്ട്.
തങ്ങളുടേതല്ലാത്ത സമരങ്ങളെ ഞെരിച്ചു കൊല്ലാന്‍ നോക്കുകയും, അത്തരം സമരക്കാരെ അവഹേളിക്കുകയും വഞ്ചിക്കുകയും, മാനസികമായി തകര്‍ക്കുകയും ചെയ്യുന്ന, സ്വയം പ്രഖ്യാപിത തൊഴിലാളി പാര്‍ട്ടിക്കും അവര്‍ നയിക്കുന്ന സര്‍ക്കാരിനും ജനമനസ്സും അവരുടെ വേദനയും അറിയാന്‍ കഴിയണമെന്നില്ല. അവര്‍ ഭരിക്കുന്നത് പാര്‍ട്ടിക്ക് വേണ്ടിയാണ്. ജനങ്ങള്‍ക്ക് വേണ്ടിയല്ല. കേരളീയര്‍ അത് പലതവണ കണ്ടു ബോധ്യപ്പെട്ടതുമാണ്. പുതുച്ചേരിയിലെ എന്‍ഡിഎ സര്‍ക്കാര്‍, അവിടത്തെ ആശമാരുടെ പ്രതിഫലം പതിനായിരത്തില്‍ നിന്ന് പതിനെണ്ണായിരം ആക്കിയത്, എന്തിനും ഏതിനും ബിജെപിയെയും എന്‍ഡിഎയെയും കുറ്റം പറയുന്നവര്‍ കണ്ടു പഠിക്കണം. പ്രഹസനവും നാടകവുംകൊണ്ട് എക്കാലത്തും ജനങ്ങളെ കബളിപ്പിക്കാമെന്ന ധാരണയും, തിരുവായ്‌ക്ക് എതിര്‍ വായില്ല എന്ന നിലയിലുള്ള ധാര്‍ഷ്ട്യവും എക്കാലത്തും വിലപ്പോവില്ലെന്ന് ഈ ഭരണ സംവിധാനവും ഭരണ കക്ഷിയും അറിയാനിരിക്കുന്നതേയുള്ളൂ. വിരട്ടല്‍ തങ്ങളോട് വേണ്ടെന്ന് ആരോഗ്യ മന്ത്രിക്ക് അടക്കം ചുട്ട മറുപടി കൊടുക്കുന്ന ആശമാര്‍ നാരീശക്തിയുടെ കരുത്താണ് പ്രകടമാക്കുന്നത്. വനിതകളെകൊണ്ട് മതില്‍ കെട്ടിച്ചവര്‍ ആശമാരുടെ സമരത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: