ലക്നൗ : മുഗളന്മാരുടെ പേരുള്ള 50 ലധികം പ്രദേശങ്ങളുടെ പേരുമാറ്റാനുള്ള നീക്കവുമായി യോഗി സർക്കാർ .വാരണാസിയിലെ മുഗൾ സ്വേച്ഛാധിപതികളുടെ പേരിലുള്ള നിരവധി പ്രദേശങ്ങളുടെ പേരുകൾ മാറ്റാനാണ് തീരുമാനം . വാരണാസി മുനിസിപ്പൽ കോർപ്പറേഷൻ യോഗത്തിൽ ഇത് ചർച്ച ചെയ്യും.
ഇത്തരം പ്രദേശങ്ങളുടെ പേര് മാറ്റണമെന്ന് നിരവധി ഹിന്ദു അവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഔറംഗബാദ് പ്രദേശത്തിന്റെ പേര് ലക്ഷ്മിനഗർ അല്ലെങ്കിൽ നാരായണി ധാം നഗർ എന്നാക്കി മാറ്റാൻ നിർദ്ദേശമുണ്ട്. മുനിസിപ്പൽ കോർപ്പറേഷൻ എക്‌സിക്യൂട്ടീവ് യോഗത്തിൽ എടുക്കുന്ന തീരുമാനം സംസ്ഥാന സർക്കാരിനെ അറിയിക്കുമെന്നാണ് സൂചന .
ജഗത്ഗുരു രാമഭദ്രാചാര്യ വാരണാസിയിൽ വന്ന് മുസ്ലീം പ്രദേശങ്ങളുടെ പേരുകൾ മാറ്റുന്നതിനെ പിന്തുണച്ച് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ നീക്കം . പതിനേഴാം നൂറ്റാണ്ടിലെ ഹിന്ദു വിദ്വേഷിയായ മുഗൾ സ്വേച്ഛാധിപതി ഔറംഗസേബിന്റെ പേരിലുള്ള ഔറംഗബാദ് പ്രദേശത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 20 ന് വിശ്വവേദിക് സനാതൻ ന്യാസ് മുനിസിപ്പൽ കമ്മീഷണർക്ക് കത്തെഴുതിയിരുന്നു.
മാർച്ച് 24ന് ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ഇതുമായി ബന്ധപ്പെട്ട ഒരു പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇസ്ലാമിക മതഭ്രാന്തന്മാരുമായും ആക്രമണകാരികളുമായും ബന്ധപ്പെട്ട എല്ലാ പേരുകളും മാറ്റേണ്ടതുണ്ടെന്ന് ജഗത്ഗുരു രാമഭദ്രാചാര്യ പരിപാടിയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
മദൻപുര ഗോൽ ചബുത്രയ്‌ക്ക് സിദ്ധ പീഠം എന്നും, ഖലീസ്പുരയെ ബ്രഹ്മേശ്വര മഹൽ എന്നോ ബ്രഹ്മ തീർത്ഥമെന്നോ പുനർനാമകരണം ചെയ്യണം. ഗോൽഗദ്ദയെ വിശ്വകർമ നഗർ അല്ലെങ്കിൽ വിശ്വകർമ തീർത്ഥ എന്നും പീലിക്കോത്തിയെ സ്വർണ്ണ തീർത്ഥ എന്നും കജ്ജക്പുര/സരയ്യയെ അനരസ് തീർത്ഥ എന്നും അംബിയ മാണ്ഡിയെ അമരേശ്വര തീർത്ഥ എന്നും പുനർനാമകരണം ചെയ്യണം. രേഖകളിൽ അമീർചന്ദ് എന്ന മുസ്ലീം പേരിലാണ് അംബിയ മാണ്ഡി അറിയപ്പെടുന്നത്.
വാരണാസിയിൽ മുസ്ലീം പേരുകളുടെ പേരിലുള്ള 50 ലധികം പ്രദേശങ്ങളുണ്ടെന്നും , ഈ പേരുകൾ മാറ്റണമെന്ന് വാരണാസി മുനിസിപ്പൽ കോർപ്പറേഷൻ മേയർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഹിന്ദു സംഘടന പ്രവർത്തകർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: