മുംബൈ: സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്ര ഏക്നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ചപ്പോള്‍ യഥാര്‍ത്ഥ വഞ്ചകനെ രക്ഷിക്കുകയല്ലേ ചെയ്തത് എന്ന ചോദ്യം മഹാരാഷ്‌ട്രയില്‍ ഉയരുകയാണ്. 2019ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ബിജെപിയെ വഞ്ചിച്ച ഉദ്ധവ് താക്കറെയല്ലേ യഥാര്‍ത്ഥ വഞ്ചകന്‍ എന്നാണ് പല രാഷ്‌ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്.
2019 ലെ മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ഉദ്ധവ് താക്കറേയുടെ ശിവസേന. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി, ശിവസേന സഖ്യം ഭൂരിപക്ഷം നേടി. ആകെ 288 സീറ്റുകളില്‍ ബിജെപി 105 സീറ്റുകളിലും ഉദ്ധവ് താക്കറേയുടെ ശിവസേന 56 സീറ്റുകളിലും വിജയിച്ചു. ആകെ 161 സീറ്റുകളോടെ കേവല ഭൂരിപക്ഷം നേടിയതായിരുന്നു എന്‍ഡിഎ. സാധാരണ നിലയില്‍ ബിജെപിയ്‌ക്ക് അര്‍ഹമായതാണ് മുഖ്യമന്ത്രിസ്ഥാനം. എന്നാല്‍ മുഖ്യമന്ത്രിയാക്കാമെന്ന മോഹനവാഗ്ദാനം നല്‍കി ശരദ് പവാര്‍ ഉദ്ധവ് താക്കറെയെ പ്രലോഭിപ്പിക്കുകയായിരുന്നു. ഈ പ്രലോഭനത്തില്‍ വീണ് ഉദ്ധവ് താക്കറെ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ച് ശരത് പവാറിന്റെ എന്‍സിപിയോടും കോണ്‍ഗ്രസിനോടും ഒപ്പം ചേര്‍ന്ന് മഹാവികാസ് അഘാദി എന്ന പേരില്‍ പുതിയൊരു രാഷ്‌ട്രീയസഖ്യമുണ്ടാക്കി അധികാരത്തില്‍ കയറി. അങ്ങിനെ ഉദ്ധവ് താക്കറെ വഞ്ചനയിലൂടെ മുഖ്യമന്ത്രിയായി. അപ്പോള്‍ ഉദ്ധവ് താക്കറെയല്ലേ യഥാര്‍ത്ഥ വഞ്ചകന്‍?
ഈ വഞ്ചന മറച്ചുവെച്ചാണ് 2022ല്‍ ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയെ പിളര്‍ത്തി പുറത്തുപോയ ഏക്നാഥ് ഷിന്‍ഡേയെ കുനാല്‍ കമ്ര വഞ്ചകന്‍ എന്ന് വിളിച്ചത്. വാസ്തവത്തില്‍ എന്തുകൊണ്ടാണ് ഷിന്‍ഡേ ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയെ പിളര്‍ത്തിയത് ? 2019ല്‍ സ്വന്തമായി മുഖ്യമന്ത്രിയാവുക മാത്രമല്ല ഉദ്ധവ് താക്കറെ ചെയ്തത്. സ്വന്തം മകന്‍ ആദിത്യ താക്കറെയെ കൂടി മന്ത്രിയാക്കി. രാഷ്‌ട്രീയത്തില്‍ ഒരു പരിചവുമില്ലാത്ത കിളുന്തുപയ്യന് നല്‍കിയത് പരിസ്ഥിതി വകുപ്പ്. എല്ലാം ശിവസേനയുടെ സീനിയര്‍ നേതാക്കളെയും തഴഞ്ഞുകൊണ്ടായിരുന്നു ഉദ്ധവ് താക്കറെയുടെ ഈ അധികാരക്കൊതി.
അതേ സമയം ഭരണം നടത്തുകയും ഖജനാവ് കയ്യിട്ട് വാരിയതും ശരദ് പവാറിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസുമാണ്. ഇതാണ് ഏക്നാഥ് ഷിന്‍ഡേയെ ചൊടിപ്പിച്ചത്. ശിവസേന എംഎല്‍എമാര്‍ക്ക് ഖജനാവില്‍ നിന്നും വികസനത്തിന് അര്‍ഹമായി കിട്ടേണ്ട പണം പോലും കിട്ടാതെ വന്നപ്പോഴാണ് ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ഉദ്ധവ് താക്കറേയുടെ പാര്‍ട്ടിക്കുളില്‍ വിമതശബ്ദം ഉയര്‍ന്ന് വന്നത്.
സാധാരണഗതിയില്‍ താക്കറേമാര്‍ അധികാരക്കൊതിയന്മാരല്ല. അവര്‍ അന്തസ്സോടെ ശിവസേനയുടെ അധികാരം കയ്യാളുന്നവര്‍ മാത്രമായിരുന്നു. ഭരണത്തിനും മുകളിലായിരുന്നു അന്ന് ശിവസേനയുടെയും ശിവസേന അധ്യക്ഷന്റെയും സ്ഥാനം. ഒരിയ്‌ക്കലും ബാല്‍ താക്കറേ മുഖ്യമന്ത്രിയായില്ല. പകരം പുറത്തിരുന്ന് അദ്ദേഹം മഹാരാഷ്‌ട്രയെ വിരല്‍ത്തുമ്പില്‍ നിയന്ത്രിച്ചു. പാകിസ്ഥാന്‍ ടീം മുംബൈയില്‍ ക്രിക്കറ്റ് കളിക്കേണ്ടെന്ന് ബാല്‍ താക്കറെ പറഞ്ഞപ്പോള്‍ പാകിസ്ഥാന്‍ ടീമിനെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ വരെ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്രത്തോളം ഹിന്ദുഭക്തി ബാല്‍ താക്കറെയ്‌ക്കുണ്ടായിരുന്നു. ആ ബാല്‍ താക്കറെയുടെ മകന്‍ ദാവൂദ് ഇബ്രാഹിമിനും കൂട്ടര്‍ക്കും അഴിഞ്ഞാടാന്‍ സൗകര്യം ചെയ്തുകൊടുത്ത ശരദ് പവാറിന്റെ എന്‍സിപിയുമായി അധികാരക്കൊതിയുടെ പേരില്‍ കൈകോര്‍ക്കുമ്പോള്‍ ഏക്നാഥ് ഷിന്‍ഡേ കയ്യുംകെട്ടി നോക്കിനില്‍ക്കണമായിരുന്നോ? അതിന് പകരം അച്ഛനും മകനും അധികാരത്തിന്റെ ചക്കരക്കുടത്തില്‍ കയ്യിട്ടു രസിക്കാന്‍ തുടങ്ങിയപ്പോഴാണ് ഷിന്‍ഡേയും കൂട്ടരും ഉദ്ധവ് പാര്‍ട്ടിയെ പിളര്‍ത്തി പുറത്തുപോയത്. ഇത് എങ്ങിനെ വഞ്ചനയാകും? – രാഷ്‌ട്രീയനിരീക്ഷകര്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: