പാലക്കാട്: ആശ വര്‍ക്കര്‍മാര്‍ക്ക് സിപിഎം നേതാവിന്റെ ഭീഷണി. അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് കഴിഞ്ഞ നാല്‍പത് ദിവസത്തിലധികമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരമിരിക്കുന്ന ആശമാരുടെ സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് പിന്നെ ജോലി ഉണ്ടാകില്ലെന്നാണ് സിപിഎമ്മിന്റെ ഭീഷണി.
മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യാ സഹോദരനും പുതുശ്ശേരി ഏരിയ സെക്രട്ടറിയുമായ നിതിന്‍ കണിച്ചേരിയുടെ പേര് പരാമര്‍ശിച്ചാണ് ആശാവര്‍ക്കര്‍മാര്‍ക്ക് ഭീഷണി.
ആശാപ്രവര്‍ത്തകരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയില്‍ കൊടുമ്പ് പഞ്ചായത്തിലെ സിപിഎം പേഴുംപള്ളം മുല്ലേരി ലോക്കല്‍ കമ്മിറ്റി അംഗവും ആശാ വര്‍ക്കേഴ്സ് (സിഐടിയു) സംസ്ഥാന ജോ. സെക്രട്ടറിയുമായ രമണിയാണ് ഭീഷണി മുഴക്കി സന്ദേശമയച്ചത്.
കണ്ണാടി ഗ്രാമപഞ്ചായത്തില്‍ നിന്ന് കുറച്ചുപേര്‍ സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരുടെ പേരും ഫോണ്‍ നമ്പറും നല്‍കണമെന്നും ഇവര്‍ക്ക് പിന്നെ ആശമാരായി ജോലി കാണില്ലെന്നുമാണ് ശബ്ദസന്ദേശത്തിലുള്ളത്. സമരത്തിന് പോകുന്ന ആശമാരുടെ വിവരങ്ങള്‍ എല്‍സി സെക്രട്ടറിക്ക് കൈമാറുമെന്നും അവരെ മന്ത്രിതലത്തില്‍ ഇടപെട്ട് ഒഴിവാക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.
മാത്രമല്ല, ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്‌ട്രീയ കളിയാണ് സമരമെന്നും അതില്‍ വീണുപോയാല്‍ പിന്നെ ആശാ വര്‍ക്കറായി തുടരില്ലെന്നും പറഞ്ഞാണ് ഭീഷണി. തൊഴിലാളി പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മാണ് അവകാശങ്ങള്‍ക്കായി പോരാടുന്ന ആശാവര്‍ക്കര്‍മാരുടെ പണി കളയുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത് ആശാപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: