ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നവരാണ് തങ്ങളെന്ന് പുതിയ വെളിപാടുണ്ടായിരിക്കുന്ന കോണ്‍ഗ്രസ് അവസരം കിട്ടുമ്പോഴൊക്കെ ഭരണഘടനാ വ്യവസ്ഥകളെ കാറ്റില്പ്പറത്തിയിട്ടുള്ളവരാണ്. പ്രധാനമന്ത്രിയെന്ന നിലയ്ക്ക് തനിക്കെതിരെ മാധ്യമ വിമര്‍ശനമുണ്ടായപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്തയാളാണ് ജവഹര്‍ലാല്‍ നെഹ്റു. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിന് എംപി സ്ഥാനം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് അധികാരം നിലനിര്‍ത്താന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയാളാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തും ഭരണഘടനാ വ്യവസ്ഥകള്‍ അട്ടിമറിച്ച് മാധ്യമ സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്താനുള്ള ശ്രമം നടത്തുകയുണ്ടായി. ഇങ്ങനെയൊരു പാരമ്പര്യമുളള കോണ്‍ഗ്രസിനാണ് അധികാരത്തില്‍നിന്ന് പത്തുവര്‍ഷം പുറത്തുനിന്നപ്പോള്‍ ഭരണഘടനയോട് പുത്തന്‍ പ്രേമം ഉണ്ടായിരിക്കുന്നത്. അവസരം കിട്ടുമ്പോഴൊക്കെ ഭരണഘടനയെ അവഹേളിക്കുന്ന കോണ്‍ഗ്രസ് സംവരണ വിഷയത്തിലും അതു ചെയ്യുന്നതാണ് ഏറ്റവുമൊടുവില്‍ കണ്ടത്. മുസ്ലിം കരാറുകാര്‍ക്ക് സര്‍ക്കാര്‍ ടെണ്ടറുകളില്‍ നാല് ശതമാനം സംവരണം നല്‍കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ തീരുമാനം നിയമത്തിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണ്.
ജാതീയമായ വിവേചനങ്ങളുടെ ഫലമായി സാമൂഹ്യമായി പിന്നാക്കം പോയവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് ഭരണഘടന സമുദായ സംവരണം ഏര്‍പ്പെടുത്തിയത്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചത്. മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷമായ മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തുകയുണ്ടായി. ഇക്കാര്യത്തിലും ജാതീയമായ പിന്നാക്കാവസ്ഥയായിരുന്നു മാനദണ്ഡം. സാമൂഹ്യനീതിയെന്ന മഹത്തായ ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സംവരണം തുടരുന്നത്. സംവരണം ജാതീയമായ അടിസ്ഥാനത്തില്‍ മാത്രമേ പാടുള്ളൂവെന്ന് നിരവധി കോടതിവിധികളുണ്ട്. സംവരണ പരിധി 50 ശതമാനം കവിയാന്‍ പാടില്ലെന്നതിനു പുറമെ മതസംവരണം പാടില്ലെന്നും പല കാലങ്ങളില്‍ കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ രാഷ്ട്രീയലാഭത്തിനായി വര്‍ഗീയ പ്രീണനം നടത്തുന്ന കോണ്‍ഗ്രസ് ഇത് കണക്കിലെടുക്കാറില്ല. മുസ്ലിം വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ അവര്‍ക്ക് സംവരണം നല്‍കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന തെലുങ്കാന ജാതിസംവരണത്തിനു നീക്കം നടത്തുകയുണ്ടായി. കോണ്‍ഗ്രസിനെ പിന്‍പറ്റി മറ്റ് ചില രാഷ്ട്രീയ കക്ഷികളും ഇതിന് ശ്രമിച്ചു. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി കൊണ്ടുവന്ന മുസ്ലിം സംവരണം നിയമവിരുദ്ധമാണെന്ന് കണ്ട് കോടതി റദ്ദാക്കുകയുണ്ടായി.
മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക വിപുലീകരിച്ച് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള പശ്ചിമ ബംഗാളിലെ മമതാ സര്‍ക്കാരിന്റെ തീരുമാനവും കോടതി റദ്ദാക്കി. ഇപ്രകാരം മതസംവരണം നിയമവിരുദ്ധമാണന്നും, സാമൂഹ്യനീതിക്ക് നിരക്കാത്തതാണെന്നും വ്യക്തമായിരിക്കെ ഇതിനു വിരുദ്ധമായാണ് കോണ്‍ഗ്രസും ആ പാര്‍ട്ടിയുടെ സര്‍ക്കാരുകളും പ്രവര്‍ത്തിക്കുന്നത്. മുസ്ലിം സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടനതന്നെ തിരുത്തിയെഴുതുമെന്ന കര്‍ണാടക ഉപമുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാര്‍ പറഞ്ഞത് പാര്‍ലമെന്റില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സാമുദായിക സംവരണത്തിന്റെ മറവില്‍ കേരളത്തിലെ മുസ്ലിങ്ങളും സംവരണത്തിന്റെ ആനുകൂല്യം അനുഭവിക്കുന്നു എന്നതൊരു വിരോധാഭാസമാണ്. മതന്യൂനപക്ഷമെന്ന നിലയ്ക്കുള്ള നിരവധിയായ ആനുകൂല്യങ്ങള്‍ക്കു പുറമെയാണ് പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണാനുകൂല്യവും കേരളത്തിലെ മുസ്ലിങ്ങള്‍ തട്ടിയെടുക്കുന്നത്. കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസും വര്‍ഗീയ പ്രീണനത്തിന്റെ ഭാഗമായി ഇതിനെ പിന്തുണയ്ക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്ന ഹിന്ദു സാമുദായിക സംഘടനകള്‍ സാമൂഹ്യനീതി അട്ടിമറിക്കുന്ന ഈ മതസംവരണത്തിനെതിരെ ശബ്ദമുയര്‍ത്താത്തത് ആത്മഹത്യാപരമാണ്. മതസംവരണത്തിനെതിരെ അണിനിരക്കാന്‍ സംവരണാനുകൂല്യം ലഭിക്കുന്ന സമുദായങ്ങള്‍ക്ക് ബാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: