ന്യൂദൽഹി : 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ഒരു ലക്ഷം കോടി രൂപയുടെ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ദൽഹി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ രേഖ ഗുപ്ത. 27 വർഷത്തിന് ശേഷം ദൽഹിയിൽ ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷമാണ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായ രേഖ ഗുപ്ത തന്റെ ആദ്യ ബജറ്റ് ദൽഹി നിയമസഭയിൽ അവതരിപ്പിച്ചത്.
ഇത് മുൻ സാമ്പത്തിക വർഷത്തെ 2024-25 ലെ ബജറ്റിനേക്കാൾ 31.5 ശതമാനം കൂടുതലാണ്. 2023-24 സാമ്പത്തിക വർഷത്തിൽ ദൽഹിയുടെ ബജറ്റ് 78,800 കോടി രൂപയായിരുന്നുവെങ്കിൽ 2024-25 സാമ്പത്തിക വർഷത്തിൽ അത് 76,000 കോടി രൂപയായി കുറഞ്ഞുവെന്ന് ബജറ്റ് അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
കൂടാതെ ഇപ്പോൾ ബിജെപി ഭരണത്തിലേറി ആദ്യമായി വരുന്ന സാമ്പത്തിക വർഷത്തേക്ക് ഒരു ലക്ഷം കോടി രൂപയുടെ ബജറ്റ് ലഭിച്ചു. ഇത് ഒരു ചരിത്ര നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ നികുതി ഇനത്തിൽ സർക്കാരിന് 68,700 കോടി രൂപ ലഭിക്കുമെന്ന് ബജറ്റ് അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 750 കോടി രൂപ അധിക നികുതി വരുമാനത്തിൽ നിന്നും, 15,000 കോടി രൂപ ഹ്രസ്വകാല വായ്പയിൽ നിന്നും, 1,000 കോടി രൂപ റോഡ് ഫണ്ടിൽ നിന്നും ലഭിക്കും. ഇതിനുപുറമെ 7,341 കോടി രൂപ കേന്ദ്ര സർക്കാരിന്റെ സഹായമായി സ്വീകരിക്കുമെന്നും രേഖ വ്യക്തമാക്കി.
ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, മാതൃത്വ വന്ദൻ പദ്ധതിക്കായി 210 കോടി രൂപ വകയിരുത്തിയതായി രേഖ ഗുപ്ത അറിയിച്ചു. ഈ പദ്ധതി പ്രകാരം ഗർഭിണികൾക്ക് 21,000 രൂപ ഒറ്റത്തവണയായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമെ ദൽഹിയിൽ സ്ത്രീ സുരക്ഷയ്‌ക്കായി 50,000 അധിക ക്യാമറകൾ സ്ഥാപിക്കുമെന്നും അറിയിച്ചു.
ആയുഷ്മാൻ യോജനയ്‌ക്ക് 2144 കോടി രൂപ
ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ദൽഹിയിലെ ജനങ്ങൾക്ക് 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയ്‌ക്കൊപ്പം ദൽഹി സർക്കാർ ജനങ്ങൾക്ക് 5 ലക്ഷം രൂപയുടെ സഹായം നൽകുമെന്ന് അവർ പറഞ്ഞു. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഇതിനായി 2144 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മഹിളാ സമൃദ്ധി യോജന
ദൽഹി ബജറ്റിൽ മഹിളാ സമൃദ്ധി യോജനയ്‌ക്കായി മുഖ്യമന്ത്രി രേഖ ഗുപ്ത 5100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മഹിളാ സമൃദ്ധി യോജന പ്രകാരം ദൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ലഭിക്കും.
അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടത്തും
ദൽഹിയിലെ റോഡുകൾ മെച്ചപ്പെടുത്തുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി രേഖ ഗുപ്ത ബജറ്റിൽ 28,000 കോടി രൂപ വകയിരുത്തി. ഈ തുക ദൽഹിയിലെ റോഡുകൾ, പാലങ്ങൾ, ഡ്രെയിനേജ്, ഗതാഗതം, മറ്റ് പൊതു സേവനങ്ങൾ എന്നിവയിൽ സമഗ്രമായ പുരോഗതിക്ക് കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദൽഹിയെ സ്മാർട്ട്, ആധുനിക നഗരമാക്കി മാറ്റുന്നതിനുള്ള ശക്തമായ ചുവടുവയ്‌പ്പാണ് ഈ ബജറ്റെന്ന് അവർ പറഞ്ഞു.
എല്ലാ വീട്ടിലും ശുദ്ധജലം ഉറപ്പാക്കും
എല്ലാ വീട്ടിലും ശുദ്ധജലം ഉറപ്പാക്കുന്നതിനെക്കുറിച്ചും അഴുക്കുചാൽ സംവിധാനത്തിന്റെ നവീകരണത്തെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. ജലവിതരണ, ശുചിത്വ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 9,000 കോടി രൂപ അനുവദിച്ചു. ഇതോടെ പുതിയ ജല പൈപ്പ്‌ലൈനുകൾ സ്ഥാപിക്കപ്പെടും, അഴുക്കുചാലുകൾ വികസിപ്പിക്കപ്പെടും. എല്ലാ പൗരന്മാർക്കും ശുദ്ധമായ കുടിവെള്ള സൗകര്യം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടൽ കാന്റീൻ, ദരിദ്രർക്ക് വിലകുറഞ്ഞതും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കും
100 കോടി രൂപ ബജറ്റിൽ 100 ചേരി കോളനികളിൽ അടൽ കാന്റീനുകൾ സ്ഥാപിക്കുന്നതിലൂടെ, ആവശ്യക്കാർക്ക് വിലകുറഞ്ഞതും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടൽ ബിഹാരി വാജ്‌പേയിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കുറഞ്ഞ വിലയ്‌ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്ന 100 അടൽ കാന്റീനുകൾ തുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
അതേ സമയം ഇത് ഒരു സാധാരണ ബജറ്റല്ലെന്നും കഴിഞ്ഞ പത്ത് വർഷമായി തകർന്ന ദൽഹിയെ വികസിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ് ഈ ബജറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ വികസനത്തിന്റെ എല്ലാ മേഖലകളിലും ദൽഹി പിന്നോട്ടുപോയി. മുൻ സർക്കാർ ചിതലുപോലെ ദേശീയ തലസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ നശിപ്പിച്ചുവെന്നും രേഖ തന്റെ പ്രസംഗത്തിൽ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: