തിരുവനന്തപുരം: സ്വകാര്യസർവകലാശാല ബില്ല് പാസാക്കി കേരള നിയമസഭ. ഇത് ഇടത് സർക്കരിന്റെ പുതു കാൽവെപ്പെന്ന് പറഞ്ഞ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, സർവകലാശാലകളിൽ നിയന്ത്രണം ഉറപ്പാക്കുമെന്നും വ്യക്തമാക്കി. വിശദമായ ചർച്ചകളും പഠനങ്ങളും നടത്തിയ ശേഷമാണ് ബില്ല് അവതരിപ്പിക്കുന്നതെന്നും കാലാനുസൃതമായ മാറ്റങ്ങൾ വേണമെങ്കിൽ അത് നടപ്പാക്കാവുന്നതാണെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.
അതേസമയം ബില്ലിനെ പ്രതിപക്ഷം നേരിട്ട് എതിർത്തില്ലെങ്കിലും ചില ആശങ്കകൾ പങ്കുവച്ചു. നിലവിലെ സ്ഥാപനങ്ങളെ എങ്ങനെ ബാധിക്കും, വിദേശത്തേയ്‌ക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളെ കേരളത്തിൽ തന്നെ പിടിച്ചു നിർത്താൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളിൽ ഒരു പഠനം നടത്തിയിട്ടില്ല. തിരക്കിട്ടാണ് ബില്ല് പാസാക്കിയതെന്നും പ്രതിപക്ഷം വിമർശിച്ചു.
ഞങ്ങൾ നേരത്തെ ഈ ബില്ല് പാസാക്കാൻ ശ്രമിച്ചപ്പോൾ ശക്തമായി എതിർത്തവരാണ് നിങ്ങൾ. അതിനാൽ ഇപ്പോഴത്തെ നേട്ടത്തിന്റെ ക്രെഡിറ്റ് നിങ്ങൾക്ക് അവകാശപ്പെട്ടതല്ല. കേരളത്തെ പത്തു വർഷം പിറകോട്ട് നയിച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സർക്കാരിന് നിയന്ത്രണം ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുമ്പോഴും ഫീസിന്റെ കാര്യത്തിൽ സർക്കാരിന് ഒരു തരത്തിലുമുള്ള നിയന്ത്രണവുമില്ല. ഫീസും പ്രവേശനവും അതത് സ്ഥാപനങ്ങളുടെ ഏജൻസികൾക്ക് മാത്രമായിരിക്കും.
ആകെയുള്ളത് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള 40 ശതമാനം സംവരണം മാത്രമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ബില്ല് ഗവർണർ കൂടി പാസാക്കിയാൽ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതിയാവും. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു പോർട്ടൽ ആരംഭിക്കും. ഇതു വഴിയാകും സർവകലാശാലകൾ തുടങ്ങുന്നതിനുള്ള അപേക്ഷ സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: