പത്തനംതിട്ട: ജല്‍ ജീവന്‍ മിഷനായി നടപ്പു സാമ്പത്തിക വര്‍ഷം വ്യവസ്ഥ ലംഘിച്ച് കേരളം 500 കോടി മാത്രം അനുവദിച്ച സാഹചര്യത്തില്‍ പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 951.94 കോടി രൂപ ലഭിക്കാനുള്ള സാധ്യത മങ്ങി.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി അഞ്ചു ദിവസം മാത്രമാണ് ശേഷിക്കുന്നത്. കേരള വിഹിതമായ 951.94 കോടിയില്‍ ഇനി 451.94 കോടി കൂടി അനുവദിച്ചാല്‍ മാത്രമെ കേന്ദ്ര വിഹിതം ലഭിക്കു. എന്നാല്‍ ഇത്രയും വലിയ തുക മാര്‍ച്ച് 31ന് മുമ്പ് കണ്ടെത്താനുള്ള സാധ്യത കുറവാണ്.
കരാറുകാര്‍ക്ക് 4500 കോടിയില്‍ പരം രൂപാ കുടിശിക വന്നതിനാല്‍ സംസ്ഥാനത്ത് ജല്‍ ജീവന്‍ മിഷന്‍ പൂര്‍ണമായും സ്തംഭിച്ചു. മിക്ക കരാറുകാരും ജപ്തി ഭീഷണിയിലാണ്. 44500 കോടിയുടെ പദ്ധതി കാലയളവ് കേന്ദ്ര സര്‍ക്കാര്‍ 2028 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. പക്ഷേ സംസ്ഥാനത്ത് ഇതുവരെ പൂര്‍ത്തിയായത് 30 ശതമാനത്തില്‍ താഴെ പണികള്‍ മാത്രം.
മാര്‍ച്ച് 31 നകം സംസ്ഥാന വിഹിതമായ 951.94 കോടി രൂപാ അനുവദിച്ചില്ലെങ്കില്‍ കേന്ദ്ര വിഹിതം നഷ്ടമാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വാട്ടര്‍ അതോറിറ്റി എംഡി ധനവകുപ്പിനോട് സംസ്ഥാന വിഹിതമായ 951.94 കോടി അടിയന്തരമായി ആവശ്യപ്പെട്ടത്.
എന്നാല്‍ അനുവദിച്ചത് വെറും 500 കോടി മാത്രം. 2025- 26 സാമ്പത്തിക വര്‍ഷ ബജറ്റില്‍ പദ്ധതിക്കായി 560 കോടി മാത്രമാണ് ധന വകുപ്പ് വകകൊള്ളിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പദ്ധതി എങ്ങനെ പൂര്‍ത്തീകരിക്കും എന്ന ആശങ്കയിലാണ് വാട്ടര്‍ അതോറിറ്റിയും കരാറുകാരും.
ശേഷിക്കുന്ന ഓരോ വര്‍ഷവും 5000 കോടി രൂപാ വീതം കേരളം അനുവദിച്ചാല്‍ മാത്രമെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഇതിനായി അനുവദിച്ചിട്ടുള്ള പരിധിയില്‍ നിന്നുകൊണ്ട് വായ്പ എടുത്താല്‍ മാത്രമെ സാധിക്കുകയുള്ളൂവെന്ന് ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണംപള്ളി വ്യക്തമാക്കുന്നു.
നിര്‍മ്മാണം പൂര്‍ണമായി സ്തംഭിച്ച സാഹചര്യത്തില്‍ കരാറുകാര്‍ക്ക് അടിയന്തരമായി 2000 കോടിയെങ്കിലും നല്‍കിയാല്‍ മാത്രമെ പണികള്‍ പുനരാരംഭിക്കാന്‍ കഴിയു. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരുമായി ധാരണയില്‍ എത്തുന്നതിന് മുമ്പ് വായ്പ എടുക്കുന്നതിനുള്ള നീക്കം ആരാഭിക്കണമായിരുന്നു. ഇക്കാര്യത്തിലും പിന്നാക്കം പോയതോടെയാണ് ജല്‍ ജീവന്‍ മിഷന്റെ കാര്യത്തില്‍ കേരളം 31-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: