പാലക്കാട്: മലമ്പുഴ ഡാമില്‍ നൂറിലധികം മഹാശിലായുഗ നിര്‍മിതികള്‍ കണ്ടെത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് മെഗാലിത്തിക് കാലത്തെ നിര്‍മിതികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രാചീന കല്ലറ വിഭാഗത്തില്‍പ്പെട്ട ഒറ്റ അറയുള്ളതും ഒന്നിലധികം അറയുള്ളതുമായ ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. 45 ഹെക്ടര്‍ സ്ഥലത്ത് 110 മഹാശിലാ നിര്‍മിതികളാണ് കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേന്ദ്ര പുരാവസ്തു ഗവേഷകര്‍ ഇത് കണ്ടെത്തിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര പുരാവസ്തു വകുപ്പ് ഡയറക്ടറേറ്റിന് സമര്‍പ്പിക്കുകയായിരുന്നു. മലമ്പുഴ ഡാമിലെ ദ്വീപുകള്‍ പോലുള്ള ഭാഗത്താണ് ഇവയുള്ളത്. കനത്ത വേനലില്‍ ഡാമിലെ വെള്ളം വറ്റുന്നതോടെയാണ് ഇവ കാണാന്‍ കഴിയുക. ഈ രണ്ടുമാസ കാലയളവില്‍ മാത്രമേ പുരാവസ്തു വിഭാഗത്തിന് ഇവിടെ പഠനം നടത്താന്‍ കഴിയുകയുള്ളൂ. എന്നാലിത് അണക്കെട്ടിനകത്ത് ആയതിനാല്‍ തുടര്‍ഖനനങ്ങളും പഠനങ്ങളും നടത്താന്‍ സാങ്കേതിക തടസങ്ങളുണ്ട്. ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി ഉള്‍പ്പെടെ വാങ്ങേണ്ടതുണ്ട്.
മിക്ക ശ്മശാനങ്ങളും സിസ്റ്റ് ഇനത്തില്‍പ്പെട്ടവയാണ്. ഒറ്റ, ഒന്നിലധികം അറകളുള്ള-കല്ല് വൃത്തങ്ങള്‍, കലശങ്ങള്‍, ഡോള്‍മെന്‍സ്, ഡോള്മെനോയിഡ് സിസ്റ്റുകള്‍ എന്നിവയാണ് കണ്ടെത്തിയവയില്‍ കൂടുതലും. ഭീമന് ഗ്രാനൈറ്റ് ഫലകങ്ങളും പാറക്കല്ലുകളും ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.
കേരളത്തിലെ ആദ്യകാല ഇരുമ്പുയുഗ സമൂഹത്തെയും അവരുടെ വിശ്വാസ വ്യവസ്ഥയെയും കുറിച്ചുള്ള കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്കാല് ഈ കണ്ടെത്തലിന് സാധിക്കുമെന്ന് ആര്ക്കിയോളക്കില് സര്‍വേ ഓഫ് ഇന്ത്യ പറയുന്നു. ആന്ധ്രാപ്രദേശിലെ കടപ്പ ലങ്കമല റിസര്‍വ് വനത്തില്‍ അടുത്തിടെ പുരാതന ലിഖിതങ്ങള്‍ കണ്ടെത്തി ആഴ്ചകള്‍ക്കുശേഷമാണ് കേരളത്തിലെ കണ്ടെത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: