ഡെറാഡൂൺ : ദേവഭൂമിയിൽ അനധികൃത മദ്രസകൾക്കെതിരായ ധാമി സർക്കാരിന്റെ കർശന നടപടി തുടരുകയാണ്. ഇതുവരെ സർക്കാർ നടപടിയുടെ ഭാഗമായി 136 അനധികൃത മദ്രസകൾ പൂട്ടി സീൽ ചെയ്തിട്ടുണ്ട്. ഉധം സിംഗ് നഗർ ജില്ലയിൽ 64 ഉം, ഡെറാഡൂൺ ജില്ലയിൽ 44 ഉം, ഹരിദ്വാർ ജില്ലയിൽ 26 ഉം, പൗരി ഗർവാളിൽ 02 ഉം അനധികൃത മദ്രസകൾ പൂട്ടി സീൽ ചെയ്തു.
കൂടാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നിയമവിരുദ്ധവുമായ മദ്രസകൾക്ക് ലഭിക്കുന്ന സംഭാവനകളെക്കുറിച്ചും ധനസഹായത്തെക്കുറിച്ചും ഉള്ള വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ തലത്തിൽ നിന്നുള്ള എല്ലാ ജില്ലാ ഉദ്യോഗസ്ഥരോടും നിർദ്ദേശം നൽകിയിട്ടുണ്ട്. എടുത്തു പറയേണ്ടത് സംസ്ഥാനത്ത് 500-ലധികം നിയമവിരുദ്ധ മദ്രസകളും 450-ഓളം രജിസ്റ്റർ ചെയ്ത മദ്രസകളും ഉണ്ടെന്നുള്ളതാണ്.
അതേ സമയം രജിസ്റ്റർ ചെയ്ത മദ്രസകൾ അവരുടെ രേഖകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, വരുമാനച്ചെലവ് വിശദാംശങ്ങൾ, മറ്റ് ഫോമുകൾ എന്നിവ സർക്കാർ ഭരണകൂടത്തിന് സമർപ്പിക്കേണ്ടതുണ്ട്. മദ്രസകളുടെ വരുമാനത്തിന്റെയും ചെലവിന്റെയും വിശദാംശങ്ങളും ഇതിൽ കാണാം. ഇതുസംബന്ധിച്ച് ജില്ലാതലത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
യുപിയുടെ അതിർത്തിയിലുള്ള പട്ടണങ്ങളായ ജാസ്പൂർ, ബജ്പൂർ, കിച്ച, കാശിപൂർ, രുദ്രപൂർ, ഗദർപൂർ, ഹരിദ്വാർ ജില്ല എന്നിവിടങ്ങളിൽ പുതിയ മദ്രസകൾ തുറക്കുന്നതായി സമീപകാലത്ത് സർക്കാരിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവ എവിടെയും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
കൂടാതെ മറ്റൊരു സംഭവത്തിൽ അനധികൃത നിർമ്മാണ കേസിൽ മുൻകൂർ നോട്ടീസ് നൽകിയ ശേഷം ഡെറാഡൂൺ ജില്ലാ ഭരണകൂടത്തിന്റെ സംഘം ഇന്ന് സഹസ്പൂരിലെ ഒരു വലിയ മദ്രസ പൂട്ടി സീൽ ചെയ്തു. അധികൃതരുടെ അനുമതിയില്ലാതെയാണ് മദ്രസ നിയമവിരുദ്ധമായി ഒരു നില നിർമ്മിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
അതേ സമയം ഭരണകൂടത്തിന്റെ ഈ കർശന നടപടി മുസ്ലീം സംഘടനകൾക്കിടയിലും രോഷത്തിന് കാരണമായിട്ടുണ്ട്. എന്നാൽ സംസ്ഥാന മദ്രസ ബോർഡ് ധാമി സർക്കാരിന്റെ നടപടികൾക്ക് പൂർണ്ണ പിന്തുണയാണ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: