മുംബൈ: മോദി സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന ഒരു അധ്യായമാണ് ഡിപ്ലോമാറ്റ് എന്ന പുതിയ ഹിന്ദി സിനിമയുടെ കഥ. ഉസ്മ എന്ന മുസ്ലിം പെണ്‍കുട്ടിയെ പാകിസ്ഥാനില്‍ നിന്നും ജെ.പി. സിങ്ങ് എന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ എങ്ങിനെ രക്ഷിയ്‌ക്കുന്നു എന്ന കഥയാണ് ഡിപ്ലോമാറ്റ് എന്ന ജോണ്‍ എബ്രഹാമിന്റെ ഏറ്റവും പുതിയ ഹിന്ദി സിനിമ. ഈ സിനിമയ്‌ക്ക് ഇപ്പോള്‍ കയ്യടി നല്‍കുകയാണ് ബിജെപി.
2017ല്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ കഥയാണ് ഈ സിനിമയില്‍ പറയുന്നത്. മോദി സര്‍ക്കാരിന്റെ നയതന്ത്രരംഗം എത്രത്തോളം ശക്തമാണെന്നാണ് ഈ സിനിമ കാണിച്ചുതരുന്നത്. പാകിസ്ഥാനിലേക്ക് നിര്‍ബന്ധിതമായി വിവാഹം കഴിക്കാന്‍ തയ്യാറാവുന്ന ഉസ്മ മുഹമ്മദിനെ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയുടെ ഒരു നയതന്ത്ര ഉദ്യോഗസ്ഥന്‍ അന്ന് ജീവന്‍ പോലും പണയം വെച്ച് രക്ഷപ്പെടുത്തുന്നതാണ് കഥ.
ഇന്ത്യയുടെ അന്നത്തെ വിദേശകാര്യമന്ത്രി സുഷമസ്വരാജും നയതന്ത്രോദ്യോഗസ്ഥനായ ജെ.പി. സിങ്ങും ചേര്‍ന്നാണ് ഉസ്മയെ പാകിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇന്ത്യയുടെ നയതന്ത്രരംഗത്തെ മുഴുവന്‍ സാധ്യതയും ഉസ്മയെ രക്ഷിക്കാന്‍ ഇന്ത്യ ഉപയോഗിച്ചിരുന്നു. ആദ്യന്തം ഉദ്വേഗജനകമാണ് ഈ കഥ.
ഉസ്മ മുഹമ്മദ് എന്ന പെണ്‍കുട്ടിയെ മലേഷ്യയിലുള്ള ഒരു പാകിസ്ഥാനി ഓണ്‍ലൈനില്‍ വശീകരിക്കുന്നു. അവളോട് പാകിസ്ഥാനിലേക്ക് വരാന്‍ നിര്‍ബന്ധിക്കുന്നു. അവള്‍ കാമുകന് വേണ്ടി സാഹസികമായ യാത്ര നടത്തുന്നു. പക്ഷെ ഉസ്മയെ മയക്കമരുന്ന് നല്‍കി കടത്തുകയാണ് കാമുകന്‍. തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം ചെയ്യിക്കുന്നു. പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ക്വായിലെ ബുനെര്‍ എന്ന സ്ഥലത്ത് ബന്ദിയാക്കുന്നു. പിന്നീട് ഉസ്മയെ ലൈംഗിക അടിമയാക്കി വില്‍ക്കാനായിരുന്നു പദ്ധതി.
പിന്നീടാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രിയും ജെ.പി. സിങ്ങ് എന്ന നയതന്ത്രഉദ്യോഗസ്ഥനും ചേര്‍ന്ന് സാഹസികമായ ഒരു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പിന്നീട് ഇന്ത്യയില്‍ രക്ഷപ്പെട്ട് തിരിച്ചെത്തുന്ന ഉസ്മ പാകിസ്ഥാനെക്കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്: “പാകിസ്ഥാന്‍ ഒരു മരണക്കിണര്‍ ആണ്. അതില്‍ അകപ്പെടാന്‍ എളുപ്പമാണ്. പക്ഷെ രക്ഷപ്പെട്ട് തിരിച്ചുവരിക എളുപ്പമല്ല.” ജോണ്‍ എബ്രഹാമാണ് ജെ.പി. സിങ്ങ് എന്ന ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്നത്. ഉസ്മ മുഹമ്മദിന്റെ ഭര്‍ത്താവായി വേഷം കെട്ടിയാണ് ജെ.പി. സിങ്ങ് അവളെ രക്ഷിയ്‌ക്കാന്‍ ജീവന്‍ പണയം വെച്ച് പാകിസ്ഥാനില്‍ എത്തുന്നത്. മൂന്നാഴ്ച നീളുന്ന യാത്രയില്‍ വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിയ ഉസ്മ പറഞ്ഞു:”ഇന്ത്യക്കാരി എന്ന നിലയില്‍ ഞാന്‍ അഭിമാനിയ്‌ക്കുന്നു. സുഷമ മാഡം (സുഷമ സ്വരാജ്) എന്നെ രക്ഷിച്ചു. അവര്‍ എന്നെ വില്‍ക്കുമായിരുന്നു.”
വിദേശത്ത് അകപ്പെടുന്ന ഇന്ത്യന്‍ പൗരന്മാരെ രക്ഷിയ്‌ക്കാന്‍ മോദി സര്‍ക്കാര്‍ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നു എന്നതിന് ദൃഷ്ടാന്തമാണ് ഈ സിനിമയിലെ കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: