തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഏറെ അഭിമാനത്തോടെ സ്വീകരിക്കുന്നതായും പാര്‍ട്ടിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുകയാണ് ദൗത്യമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം സംസാരിക്കുവേ രാജീവ് ചന്ദ്രശേഖര്‍ മനസ്സുതുറന്നു.
എല്ലാവരുടേയും സ്നേഹവും പിന്തുണയുമാണ് സംസ്ഥാന അധ്യക്ഷ പദവിയുടെ ശക്തി എന്നത് തിരിച്ചറിയുന്നു. ബിജെപി ഇന്നത്തെ നിലയിലേക്ക് എത്തിയത് എത്രയോ പേരുടെ പരിശ്രമ ഫലമായാണ്. കെ.ജി മാരാര്‍ജി മുതല്‍ കെ. സുരേന്ദ്രന് വരെയുള്ളവര്‍ കഠിനാധ്വാനമാണ് പാര്‍ട്ടിയെ ഇവിടെ വരെയെത്തിച്ചത്. ബലിദാനികളുടെയും അവരുടെ കുടുംബാംഗങ്ങളുടേയും ത്യാഗം നമുക്കൊരിക്കലും മറക്കാനാവില്ല. നാമെല്ലാവരും അവരോട് കടപ്പെട്ടിരിക്കുന്നു. ബിജെപിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുകയെന്നതാണ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം എന്നെ ഏല്‍പ്പിച്ച ദൗത്യം. അതു പൂര്‍ത്തീകരിച്ചു മാത്രമേ മടങ്ങൂ. വോട്ട് വിഹിതം 19 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തി രാഷ്ട്രീയ വിജയം നേടേണ്ടതുണ്ട്.
മാറ്റം കൊണ്ടുവരേണ്ടതുണ്ട്. അതിന് കേരളത്തില്‍ മാറ്റം ഉണ്ടാവണം. കേരളത്തിന് മാറ്റമുണ്ടാവണമെങ്കില്‍ ബിജെപി അധികാരത്തിലെത്തണം. കേരളം എല്ലാ മേഖലയിലും പിന്നോട്ട് പോകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം നാം ചോദിക്കേണ്ടതുണ്ട്. ഇവിടെ യുവാക്കള്‍ക്ക് എന്തുകൊണ്ട് അവസരങ്ങള്‍ ലഭിക്കുന്നില്ല. സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ എന്താണ് വരാത്തത്. കടമെടുത്ത് മാത്രമാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഇടതു വലതു പാര്‍ട്ടികള്‍ ജനങ്ങളോട് വാഗ്ദാനം പാലിക്കാത്തതിനാല്‍ വിശ്വാസം നഷ്ടപ്പെട്ടവരായി മാറിക്കഴിഞ്ഞു. സംസ്ഥാനം വളരണമെങ്കില്‍ സംരംഭങ്ങള്‍ ഉയരണം. അവസരങ്ങളുള്ള സ്ഥലത്തേക്ക് മാത്രമേ യുവാക്കള്‍ പോകൂ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ബിജെപിയുടെ വികസന കാഴ്ചപ്പാടുകള്‍ക്ക് സാധിക്കും.
തിരുവനന്തപുരത്ത് അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ത്ഥിയായി വന്നത്. അന്നത്തെ മറുപടി തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. അഭിമാനകരമായ ഉത്തരവാദിത്വമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്ദി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ക്ക് പ്രത്യേക നന്ദി പറയുന്നു, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: