മുംബൈ : ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടതിനെതിരെ മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ മതമൗലികവാദികൾ നടത്തിയ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഫഹീം ഖാന്റെ വസതി ഫഡ്നാവിസ് സർക്കാർ ഇന്ന് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. കലാപവുമായി ബന്ധപ്പെട്ട് ഫഹീമിനും മറ്റ് ആറ് പേർക്കുമെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് ഫഡ്നാവിസിന്റെ കർശന നടപടി വന്നത്.
നാഗ്പൂരിലെ യശോധര നഗറിലെ സഞ്ജയ് ബാഗ് കോളനിയിലാണ് ഫഹീം ഖാന്റെ വീട് സ്ഥിതി ചെയ്തിരുന്നതെന്ന് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ പറഞ്ഞു. ഇയാളുടെ വസതി സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തിയപ്പോൾ കെട്ടിട പ്ലാനിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് മുനിസിപ്പൽ കോർപ്പറേഷൻ കണ്ടെത്തി. ഈ വീട് ഫഹീമിന്റെ ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം ഭൂമി കയ്യേറ്റം നീക്കം ചെയ്യാൻ ഭരണകൂടം ഫഹീം ഖാന്റെ കുടുംബത്തിന് 24 മണിക്കൂർ സമയം നൽകി. എന്നാൽ ഈ സമയത്ത് ഇയാളുടെ കുടുംബം കയ്യേറ്റം നീക്കം ചെയ്തില്ല. തുടർന്ന് 24 മണിക്കൂർ കഴിഞ്ഞപ്പോൾ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ സംഘം പോലീസുമായിട്ടെത്തി പ്രതിയുടെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തുകയായിരുന്നുവെന്ന് ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം നാഗ്പൂർ കലാപത്തിൽ കലാപകാരികൾ വരുത്തിയ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം അവർ തന്നെ നൽകേണ്ടിവരുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടൊപ്പം കലാപകാരികൾ അങ്ങനെ ചെയ്തില്ലെങ്കിൽ അവരുടെ ഒളിത്താവളങ്ങളിൽ ബുൾഡോസറുകൾ ഇടിച്ചു കയറ്റുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മാർച്ച് 17 നാണ് നാഗ്പൂരിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ കലാപം നടത്തിയത്. അക്രമത്തിൽ 36 കാറുകളും 22 ബൈക്കുകളും നിരവധി വീടുകളും നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ഈ കലാപത്തിന്റെ സൂത്രധാരൻ മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടിയുടെ സിറ്റി പ്രസിഡന്റ് ഫാഹിം ഖാൻ ആയിരുന്നു. ഫഹീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
ഖാനും മറ്റ് ആറ് പേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. മുസ്ലീം ജനക്കൂട്ടത്തെ ആദ്യമായി സംഘടിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തത് ഖാൻ ആണെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: