വ്യോമകടാഹ യാത്ര കഴിഞ്ഞ് സുനിതാ വില്യംസും സഹയാത്രികന് ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയതും പ്രയാഗ്രാജിലെ മഹാകുംഭമേളയും തമ്മില്‍ എന്താണ് ബന്ധം? ഒന്ന് സയന്‍സും മറ്റൊന്ന് ആത്മീയതയുമല്ലേ. രണ്ടും രണ്ട് ധ്രുവങ്ങളല്ലേ എന്നൊക്കെ സംശയം തോന്നാം; ചോദിക്കാം തര്‍ക്കിക്കാം. അതൊക്കെ ഒരു നേരംപോക്കാണ് ചിലര്‍ക്ക്. സുനിതാ വില്യംസ് ഗഗനയാത്രയില് ഗണപതി വിഗ്രഹം കൈയില്‍ കരുതിയിരുന്നു, മഹാകുംഭമേളയില്‍ സ്നാനം ചെയ്യാനായില്ലല്ലോ എന്ന് സങ്കടം പറഞ്ഞു തുടങ്ങിയ വാര്‍ത്തകളും ചര്‍ച്ചക്ക് നല്ല കോപ്പുകളാണ്. അത്തരം ചര്‍ച്ചകള്‍ ചിലര്‍ക്ക് ലഹരിയാണ്. അപകടകരമായ മയക്കുലഹരിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പക്ഷേ അത്ര ലഹരി പോരാ. കെ.ടി. ജലീല്‍ എന്ന എംഎല്‍എ, ഇസ്ലാമിക വിശ്വാസികള്‍ നോമ്പ് നോറ്റ് പ്രാര്‍ത്ഥനാ മാര്‍ഗ്ഗത്തില്‍ കഴിയുന്ന ആത്മീയനാളുകളില് ഉയര്‍ത്തിവിട്ട ചില ‘ലഹരിചിന്ത’കള്‍ക്ക് മതവുമായി ബന്ധം വന്നത് ജലീല്‍ മതവിശ്വാസിയായതോ ‘മതം മയക്കുമരുന്നുപോലെ അപകടകരമാ’ണെന്ന് പറഞ്ഞ കാള്‍ മാര്‍ക്സിന്റെ അനുയായികളുടെ പാര്‍ട്ടി പിന്തുണയ്ക്കുന്ന നിയമസഭാംഗമായതോ കൊണ്ടു മാത്രമല്ല. എന്തായാലും മയക്കുമരുന്ന്, മതം, സയന്‍സ്, ആത്മീയത എന്നീ വിഷയങ്ങളില്‍ ചില ചിന്തകള്‍ ഉടലെടുത്തത് യാദൃച്ഛികമല്ല എന്നതാണ് ഇവിടെ വിഷയം.
ഒരു വസ്തുവിനെക്കുറിച്ച് പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത്, ഒന്നുകില്‍ അതില്ലാതാകുമ്പോള്‍, അല്ലെങ്കില്‍ അത്യധികമാകുമ്പോഴാണ്. കുടിവെള്ളം കിട്ടാതാകുന്ന കൊടുംവേനലില്‍ വരള്‍ച്ചയും അതിനു കാരണമായ ജലദൗര്‍ലഭ്യം കൊണ്ട്, കിട്ടാനില്ലാതാകുന്നതുകൊണ്ട് ചര്‍ച്ചയില്‍ വരും. വെള്ളം ആവശ്യത്തിലേറെയായി, അത്യധികവും അപകടകരവുമാകുന്ന പ്രളയംവരുമ്പോഴും ജലത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്യും. അതുപോലെ ലഹരിവസ്തുക്കളുടെ ധാരാളിത്തം അപകടകരമായ അവസ്ഥയിലാണ് ഇപ്പോള്‍ മയക്കുമരുന്ന് ചര്‍ച്ചാവിഷയമാകുന്നത്. പ്രയാഗ് രാജിലെ മഹാകുംഭമേളയും റംസാന്‍കാല മതവിശ്വാസാചാരങ്ങളും സയന്‍സിന്റെ ലോകത്തെ വലിയ നേട്ടവും ഒക്കെ ചര്‍ച്ചയാകുന്നത് അതത് മേഖലയിലെ അവയുടെ പാരമ്യംകൊണ്ടൊ ആധിക്യംകൊണ്ടോ ഉണ്ടാകുന്ന പ്രാധാന്യം കൊണ്ടുതന്നെയാണ്.
മയക്കുമരുന്നു വിഷയത്തിലേക്കാണ് നിരീക്ഷണം ശ്രദ്ധ പതിപ്പിക്കുന്നത്. കെ.ടി.ജലീല്‍ ഒരു ഇഫ്താര്‍ വിരുന്നില്‍ (മലപ്പുറത്ത് ജില്ലാ ‘വിസ്ഡം’ ഗ്രൂപ്പിന്റെ) നടത്തിയ തുറന്നുപറച്ചില്‍, അത് സംഘടനയുടെ മാത്രം പരിപാടിയായിരുന്നെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊതുവിഷയമായി. ആ വെളിപ്പെടുത്തലുകളാണ് മതവും മയക്കുമരുന്നും മറ്റൊരുതലത്തില്‍ ചര്‍ച്ചയില്‍ വരാന്‍ പ്രധാന കാരണം. സ്വന്തം മകനെ മയക്കുമരുന്നു കേസില്‍ പിടികൂടിയപ്പോള്‍ അത് ഒളിച്ചുവെക്കാതെ പരസ്യമാക്കി ലഹരിക്കെതിരേ പരസ്യമായി വന്ന വിഎസ്ഡിപി നേതാവ് വിഷ്ണപുരം ചന്ദ്രശേഖരന്റെ പ്രവൃത്തിയും കാരണമായിട്ടുണ്ട്.
കെ.ടി.ജലീല്‍ പറഞ്ഞത് മൂന്നു കാര്യങ്ങളാണ്. 1. മതബോധന പഠനസൗകര്യവും സംവിധാനവും ഇസ്ലാമിക വിശ്വാസികള്‍ക്കാണ് ലഭിക്കുന്നത്. മറ്റു മതവിശ്വാസികളിലെ കുട്ടികള്‍ക്ക്, ചെറുപ്പക്കാര്‍ക്ക് ലഭിക്കാത്ത വ്യവസ്ഥാപിത മതബോധനം, ധാര്‍മ്മിക ചിന്താമാര്‍ഗ്ഗം മുസ്ലിങ്ങള്‍ക്ക് കിട്ടുന്നു. 2. എന്നിട്ടും മയക്കുമരുന്ന് ഇടപാട്, ഉപയോഗം, കുറ്റകൃത്യങ്ങള്‍ ചെയ്യല്‍ തുടങ്ങിയവയില്‍ അധികം ഉള്‍പ്പെടുന്നത് മുസ്ലിം യുവാക്കളാണ്. 3. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ ഗുണപരമായ ഒന്നും ചെയ്യാനാവുന്നില്ല, മതസംഘടനകള്‍ക്കും മതബോധന സംവിധാനത്തിനും ഫലപ്രദമായി ഇടപെടാനാകുന്നില്ല.
ജലീലിന്റെ കണക്കുപ്രകാരം ആറുമാസത്തിനിടെ മലബാറില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 200 കേസുകളില്‍ 61 ശതമാനം പേരും മുസ്ലിങ്ങളാണ്. ആ മുസ്ലിങ്ങളില്‍ 99 ശതമാനം പേരും മതപഠനം ലഭിച്ചവരാണ്. അപ്പോള്‍ എവിടെയാണ് തകരാറ്? മതപഠനത്തിലാണോ, മദ്രസാ പഠനത്തിലാണോ, സമുദായത്തിന്റെ സംഘടനാ നേതൃത്വത്തിലാണോ? ശ്രദ്ധിക്കണം, ചോദിച്ചത് കെ.ടി.ജലീലാണ്. ‘സംഘപരിവാ’റല്ല! ഏറെക്കാലമായി വ്യക്തിയും അതിലൂടെ രാഷ്ട്രവും രക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന മറ്റു പല സംഘടനകളും വ്യക്തികളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരിക്കുന്നതാണിതെല്ലാം.
‘സമസ്ത’ എന്ന, വിവിധ വിശ്വാസ-ആശയക്കാരായ ഇസ്ലാമിക മതപണ്ഡിതരുടെ സംയുക്ത സംഘടനയുടെ പ്രസിഡന്റ് ജഫ്രി തങ്ങളും ജലീലിനെപ്പോലെ അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. കാല്‍നൂറ്റാണ്ടിന് മുമ്പ് കോഴിക്കോട് കടപ്പുറത്ത് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് നേതാവ് അബ്ദുസ്സമദ് സമദാനി മദ്യത്തിനും മയക്കുമരുന്നിനും എതിരെ നടത്തിയ നോമ്പുതുറ പ്രസംഗത്തിലും മുസ്ലിം സമുദായത്തിലെ യുവജനതയുടെ വഴിപ്പിഴവിനെക്കുറിച്ചായിരുന്നു ജാഗ്രത നല്‍കിയത്. കാല്‍നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ കണക്കുകള്‍ നിരത്തി ആ വിഷയം ആവര്‍ത്തിച്ച് പറയുന്നുവെന്നു മാത്രം!
കെ.ടി. ജലീലിന്റെ നിലപാടിനോട് സമസ്ത പ്രതികരിച്ചത് രാഷ്ട്രീയമായാണ്. ജലീല്‍ ഉയര്‍ത്തിയ വിഷയം, മയക്കുമരുന്നിനെ മതവുമായി ചേര്‍ത്ത് വച്ചതുവഴി, മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കാന്‍ മറ്റ് മതക്കാര്‍ക്ക് അവസരം കൊടുക്കുകയാണ് എന്ന് ആക്ഷേപപ്പെടുകയായിരുന്നു സമസ്തയുടെ ഒരു നേതാവ്. സമസ്തവും നശിച്ചാലും സ്വന്തം സമുദായത്തിനെ കുറ്റപ്പെടുത്താന്‍ ഇതര മതസ്ഥര്‍ക്ക് അവസരം കൊടുക്കരുതെന്ന വിചിത്രചിന്ത!
ജലീല്‍ വിളിച്ചുപറഞ്ഞത് ഒട്ടേറെ വസ്തുതകളാണ്. അതേക്കുറിച്ചുള്ള ചിന്തയ്ക്കാണ് ഇവിടെ പ്രസക്തിയേറെ. 1. മതേതര രാജ്യത്ത് സര്‍ക്കാര്‍ പണം വിനിയോഗിച്ച് നടത്തുന്ന മദ്രസാ പഠന സംവിധാനം ലക്ഷ്യം കാണുന്നില്ലേ? എങ്കില്‍ എന്തിന് അത് ഇങ്ങനെ തുടരണം? 2. മദ്രസയിലെ ധാര്‍മ്മിക പഠന സിലബസിലാണോ പോരായ്മകള്‍? അതായത് മത-ധാര്‍മ്മിക പഠനത്തിന് ഉപയോഗിക്കുന്ന പാഠങ്ങള്‍ അപര്യാപ്തമോ അപൂര്‍ണമോ അബദ്ധമോ ആണോ? പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ അയോഗ്യരാണോ, അര്‍ഹതയില്ലാത്തവരാണോ? എങ്കില്‍ പു
നശ്ചിന്ത വേണ്ടേ? 3. ആ പഠന കേന്ദ്രങ്ങള്‍ നയിക്കുന്ന, നിയന്ത്രിക്കുന്ന സംഘടനകളും സംവിധാനവും ശരിയായ ദിശയിലല്ല എന്നാണോ? 4. പണം വാങ്ങി ‘വയള്’ (മതപ്രഭാഷണം) നടത്തുന്നവര്‍ സമുദായത്തെ വഴിതെറ്റിക്കുകയാണെങ്കില്‍ അതിനും വേണ്ടേ നിയന്ത്രണം? ഈ വിഷയങ്ങളില്‍ പതിറ്റാണ്ടുകളായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ജലീലിന്റെ കല്ലേറിലൂടെ ഫലമുണ്ടാകുന്നെങ്കില്‍ നല്ലതുതന്നെയല്ലേ. സാത്താനെ കല്ലെറിഞ്ഞകറ്റണമല്ലോ. എന്നാല്‍, ജലീലിന് ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനുള്ള യോഗ്യത എത്രതോളമെന്നൊരു കാതലായ ചോദ്യമുണ്ട്, അത് മറ്റൊരു വിഷയമാണ്.
മദ്രസകളിലെ മതപഠനത്തിന് പാഠ്യപദ്ധതിയിലുള്ളത് മതഗ്രന്ഥമായ ഖുറാന് ആണ്. ആ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിന്റെ വ്യാഖ്യാനഭേദങ്ങളാണ് ഇസ്ലാമിക മതവിശ്വാസത്തിലെ വ്യത്യസ്ത ആചാരാനുഷ്ഠാന പദ്ധതിക്കാരെ സൃഷ്ടിക്കുന്നത്. എത്ര മദ്രസകളില്‍ ഈ വ്യത്യസ്ത ചിന്താധാരകള്‍ പഠിപ്പിക്കുന്നു, ചര്‍ച്ച ചെയ്യുന്നുവെന്ന ചോദ്യം പോലും ഈ വേളയില്‍ പ്രസക്തമാണ്. അതിനുശേഷം വേണമല്ലോ മതേതരത്വ ഭരണ സംവിധാനത്തിന്റെ പണം ചെലവിട്ട് പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ മതസഹിഷ്ണുതയും സാഹോദര്യവും വളര്‍ത്തുന്ന ഇതര മതസാരം ചലിപ്പിക്കുന്നുണ്ടോ എന്നുപോലും ചോദിക്കേണ്ടത്. ഇസ്ലാമിക വിശ്വാസത്തിലെ ഷിയ, സുന്നി, കുര്‍ദ്ദ് വിഭാഗങ്ങള്‍, സൂഫികള്‍, അഹമ്മദിയ്യക്കാര്‍ തുടങ്ങിയ വിശ്വാസ വൈവിധ്യങ്ങള്‍ക്ക് പ്രവേശനം വിലക്കപ്പെട്ട സ്ഥിതിയാണ്. അതുകൊണ്ടാണ് ഇസ്ലാമിലെ ഇതര സമ്പ്രദായ വിശ്വാസക്കാരനായ മുസ്ലിമിനെ ഇസ്ലാമികാരാധനാലയത്തില് നിസ്കരിച്ചതിന്റെ പേരില്‍ മര്‍ദ്ദനമേല്‍ക്കാന്‍ ഇടയായ സംഭവം കോഴിക്കോട്ട് ഉണ്ടായത്. ജലീല്‍ ഉയര്‍ത്തിയ വിഷയം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചില സ്വതന്ത്ര ചിന്താപദ്ധതിക്കാരും വിശ്വഹിന്ദു പരിഷത്ത് പോലുള്ള സംഘടനകളും പറഞ്ഞു. ഇതര മതവിശ്വാസികളെ ഇല്ലായ്മ ചെയ്യണമെന്ന പരാമര്‍ശം മതത്തിന്റെ പ്രമാണ ഗ്രന്ഥത്തില്‍നിന്ന് ഒഴിവാക്കുന്ന പരിവര്‍ത്തനത്തിന് തയാറാകണമെന്ന്. പക്ഷേ, അത്തരം വിശാല ചര്‍ച്ചകള്‍ക്ക്, വിവാദരഹിതമായ തീരുമാനങ്ങള്‍ക്ക് ഇനിയും കാലമേറെ കാത്തിരിക്കേണ്ടിവരാം.
ഇസ്ലാമിക വിശ്വാസത്തില്‍പ്പെട്ട അഹമ്മദ്ദീയ മുസ്ലിം പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ മിര്‍സാ താഹീര്‍ അഹമ്മദ് എഴുതിയ ‘റവലേഷന്‍, നാഷണാലിറ്റി, നോളജ് ആന്‍ഡ് ട്രൂത്ത്’ (വെളിപാട്, യുക്തി, ജ്ഞാനം, സത്യം) എന്നൊരു ബൃഹദ് പുസ്തകമുണ്ട്. അതില്‍ ഇങ്ങനെ വിവരിക്കുന്നുണ്ട് ”ഖുറാന് സൃഷ്ടിക്കപ്പെട്ടതല്ല അത് അനന്തമാണ്” എന്ന വാദവും ”ഖുര്‍ ആന്‍ സൃഷ്ടിക്കപ്പെട്ടത്” എന്ന വാദവും വാദക്കാരും തമ്മിലുള്ള ഭിന്നതയെക്കുറിച്ച്. ”സുപ്രധാന വിഷയങ്ങളില്‍ വിയോജിക്കുന്ന മറുകക്ഷിക്ക് വധശിക്ഷയാണ് നല്‍കേണ്ടത് എന്ന കാര്യത്തില്‍ സംശയമില്ലാത്ത” വിവിധ വിഭാഗങ്ങള്‍, അത് പ്രചരിപ്പിക്കുന്ന നേതൃത്വങ്ങള്‍ എത്ര ധാര്‍മ്മികത പ്രസംഗിച്ചാലും പഠിപ്പിച്ചാലും ആ അനുയായിവൃന്ദത്തെ, മാനുഷികത സ്വയം ആര്‍ജിക്കുന്നതിന് വിജ്ഞാനവഴികള്‍ തേടിപ്പോകുന്നവരുടെ വഴിയിലെത്തിക്കാനാവില്ല. ജ്ഞാനവും വിജ്ഞാനവും നേടാനുള്ള വഴിയില്‍ ഉപനിഷത്തും വേദവും ശാസ്ത്രങ്ങളും പഠിച്ച് ബ്രഹ്മസൂത്രം എഴുതിയ ആദിശങ്കരന് അത് തുടങ്ങുന്നത് ”അഥതോ ബ്രഹ്മ ജിജ്ഞാസാ” എന്നാണ്. അതായത് ‘ഇനി നമുക്ക് ബ്രഹ്മത്തെ അറിയാന്‍ ശ്രമിക്കാം’ എന്ന്. ആ വഴിത്താരയില്‍ മതപഠന ബോധന കേന്ദ്രങ്ങള്ക്കപ്പുറമാണ് പാഠ്യപദ്ധതിയും പാഠങ്ങളും. അവിടെ മതത്തിനപ്പുറം ആത്മീയതയാണ് പഠിക്കുന്നത്. അത് എത്ര പഠിച്ചാലും അവസാനിക്കുന്നില്ല, അതായത് വിലക്കുകള്‍ക്കും ശിക്ഷകള്‍ക്കും അപ്പുറം അറിവിന്റെ അനുഭവ പാഠങ്ങളുടെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ധര്‍മ്മബോധനമാണ് അവിടെ നടക്കുന്നത്. അല്‍പ്പമെങ്കിലും അറിയുന്നവര്‍ക്ക് അത് വലിയ ആത്മബലവും സാമൂഹ്യ ബോധവും നല്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, ജലീല്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ മുഖ്യമായ പാഠ്യപദ്ധതിയും പാഠങ്ങളുടെ ഉള്ളടക്കവുംതന്നെയാണ് ഈ വിഷയത്തില്‍ പ്രധാനം. അതിന് തെളിവാണ്, ഇതൊക്കെ പറഞ്ഞ്, താന്‍ ശുദ്ധനും ധാര്മ്മികനുമാണെന്ന് പറയുന്ന കെ.ടി. ജലീലും തനിക്ക് കുട്ടിക്കാലത്ത് മദ്രസാ പഠനം കിട്ടിയിട്ടും രാഷ്ട്ര വിരുദ്ധ നിലപാടുള്ള ‘സിമി’ പോലുള്ള, രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് പില്ക്കാലത്ത് നിരോധിക്കപ്പെട്ട സംഘടനയുടെ പ്രവര്‍ത്തകനും നേതാവുമായിരുന്നത്. ഇപ്പോള്‍ വിഎസ്ഡിപിയുടെ നേതാവായ വിഷ്ണപുരം ചന്ദ്രശേഖരന് മുമ്പ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
പിന്കുറിപ്പ്:
ഇസ്രായേല്‍- പലസ്തീന് സംഘര്‍ഷത്തില്‍ കൊച്ചിയിലെ ജൂതപ്പള്ളിക്ക് സുരക്ഷ കൂട്ടിയെന്ന് വാര്‍ത്ത. വേണം, അങ്ങാടീല് തോല്‍ക്കണമെന്നില്ല, അമ്മയുടെ നേരേ തിരിയാന്‍ എന്നാണ് സ്ഥിതി. നാഗ്പുരിലെ ലഹള, മതഗ്രന്ഥം കത്തിച്ചുവെന്ന് ആരോ പറഞ്ഞ് ആരോകേട്ടിട്ടായിരുന്നുവല്ലോ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: