ചെന്നൈ : കർണാടകയുടെ മുഖ്യമന്ത്രിയാകാൻ ശ്രമങ്ങൾ നടത്തുന്ന ഡി കെ ശിവകുമാറിന് ‘ ആശംസകൾ ‘ അറിയിച്ച് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ . മുഖ്യമന്ത്രി സിദ്ധരാമയ്യയെ സ്ഥാനഭ്രഷ്ടനാക്കി കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കാൻ കോൺഗ്രസ് നേതാവ് നടത്തുന്ന ശ്രമങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് അണ്ണാമലൈയുടെ പരോക്ഷ പരിഹാസം.
അതിർത്തി നിർണ്ണയ വിഷയത്തിൽ ഡിഎംകെയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തിയ ഡി.കെ. ശിവകുമാറിനെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധം അറിയിച്ചിരുന്നു . അതിനു പിന്നാലെ അണ്ണാമലൈ തന്റെ നാട്ടുകാരനാണെന്നും അദ്ദേഹത്തിന് ആശംസ അറിയിക്കുന്നുവെന്നും ശിവകുമാർ പറഞ്ഞിരുന്നു.
ഇതിന് മറുപടിയെന്നോണമാണ് അണ്ണാമലൈയുടെ സോഷ്യൽ മീഡിയ പോസ്റ്റ് . “തീർച്ചയായും, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഞാൻ കർണാടകയിലെ ജനങ്ങളെ കർത്തവ്യപൂർവ്വം സേവിച്ചിട്ടുണ്ട്. അംഗീകാരത്തിന് നന്ദി, തിരു @DKShivakumar . കൂടാതെ, ഈ ‘പാവപ്പെട്ട മനുഷ്യനോടുള്ള’ നിങ്ങളുടെ ദയയുള്ള വാക്കുകൾക്ക് ഞാൻ നന്ദി പറയുന്നു. സിദ്ധരാമയ്യയെ സ്ഥാനത്ത് നിന്ന് പുറത്താക്കി കർണാടക മുഖ്യമന്ത്രിയാകാനുള്ള നിങ്ങളുടെ അശ്രാന്ത പരിശ്രമത്തിൽ നിങ്ങൾക്ക് വിജയം നേരുന്നു.“ എന്നാണ് അണ്ണാമലൈയുടെ പോസ്റ്റ്.
ഇതിനു പിന്നാലെ സിദ്ധരാമയയ്യെയും, ശിവകുമാറിനെയും ട്രോളി മീമുകളും പുറത്തിറങ്ങി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: