കോഴിക്കോട്: സോഫ്റ്റ് വെയര്‍ രംഗത്ത് ഇന്ത്യയുടെ യശസുയര്‍ത്തിയ സ്ഥാപനമായ ഇന്‍ഫോസിസിനെ ഇസ്ലാമിനെ തകര്‍ക്കാന്‍ വേണ്ടി ഫണ്ട് ചെലവഴിക്കുന്ന സ്ഥാപനമെന്ന് വിശേഷിപ്പിച്ച് സുന്നി പ്രഭാഷകന്‍ റഹ്മത്തുള്ള ഖാസിമി. ഈയിടെ നടത്തിയ റമദാന്‍ പ്രഭാഷണത്തിലാണ് റഹ്മത്തുള്ള ഖാസിമി ഈ വിവാദ പ്രസ്താവന നടത്തിയത്.
യുവ ചരിത്ര ഗവേഷകനായ മുഹമ്മദ് കൂരിയയ്‌ക്ക് ഇന്‍ഫോസിസ് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ചുകൊണ്ടാണ് റഹ്മത്തുള്ള ഖാസിമി ഇന്‍ഫോസിസിനെതിരെ തിരിഞ്ഞത്. ഇസ്ലാമിനെ തകര്‍ക്കാന്‍ യോഗ്യനാണെന്ന് കണ്ടെത്തിയതിനാലാകണം ഇന്‍ഫോസിസ് മുഹമ്മദ് കൂരിയയെ തെരഞ്ഞുപിടിച്ച് ഈ അവാര്‍ഡ് നല്‍കിയതെന്നും റഹ്മത്തുള്ള ഖാസിമി ആരോപിച്ചു.
വാസ്തവത്തില്‍ ഹ്യുമാനിറ്റീസ് വിഷയത്തിലും സോഷ്യല്‍ സയന്‍സിലും മൗലിക ഗവേഷണം നടത്തുന്നവര്‍ക്കാണ് ഇന്‍ഫോസിസ് അവാര്‍ഡ് നല്‍കിവരാറുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കടന്നുവന്ന ഇസ്ലാമിന്റെ ചരിത്രമാണ് മുഹമ്മദ് കൂരിയയുടെ ഗവേഷണ വിഷയം. ഇതില്‍ മലബാര്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു മുഹമ്മദ് കൂരിയയുടെ പഠനം.
ഇസ്ലാമിക ശരിഅത്ത് പുരുഷകേന്ദ്രീകൃതമാണെന്ന മുഹമ്മദ് കൂരിയയുടെ പരാമര്‍ശത്തിന്റെ പേരിലാണ് റഹ്മത്തുള്ള ഖാസിമി മുഹമ്മദ് കൂരിയയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. 2019ല്‍ കോഴിക്കോട് നടന്ന കെഎല്‍എഫ് പരിപാടിയിലാണ് മുഹമ്മദ് കൂരിയ ഈ വിവാദപ്രസ്താവന നടത്തിയത്. ഇതില്‍ യാഥാസ്ഥിതിക, പരമ്പരാഗത ഇസ്ലാമിക സംഘടനകളും പണ്ഡിതരും മുഹമ്മദ് കൂരിയയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: