ലോക സിനിമ തുടങ്ങുന്നത് ഹ്രസ്വ സിനിമകളിലൂടെയാണ്. ഹ്രസ്വ സിനിമകളാണ് പിന്നീട് ഫീച്ചര്‍ സിനിമകളായി വികസിച്ചത്. നിരവധി അവാന്തര വിഭാഗങ്ങളിലൂടെ സിനിമ പുരോഗമിച്ചു. ഇപ്പോള്‍ വീണ്ടും ഹ്രസ്വ ചിത്രങ്ങളിലേക്ക് തിരിഞ്ഞുനടക്കുകയാണ് സിനിമ. അതിനു കാരണം ഈ കാലഘട്ടത്തിന്റെ ഗതിവേഗമാണ്.
ഒരു മുഴുനീള ഫീച്ചര്‍ ചിത്രം കണ്ടിരിക്കാന്‍ ക്ഷമയില്ലാത്തവരും ചെറിയ ചിത്രങ്ങള്‍ കാണാന്‍ സമയം കണ്ടെത്തും. അങ്ങനെ ഹ്രസ്വചിത്രങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം സിദ്ധിച്ച കാലഘട്ടത്തില്‍ സ്വാഭാവികമായും ഹ്രസ്വ ചിത്രങ്ങളുടെ ഫെസ്റ്റിവലുകള്‍ക്കും പ്രസക്തിയുണ്ട്. കേരളത്തെ സംബന്ധിച്ചാണെങ്കില്‍ 2007 ല്‍ ഞാന്‍ പ്രസിഡന്റായിരുന്ന കോണ്ടാക്ട് എന്ന സംഘടനയാണ് ആദ്യമായി ഒരു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിവച്ചത്. പിന്നീടാണ് സര്‍ക്കാരിന്റേതടക്കമുള്ള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകള്‍ നിലവില്‍ വന്നത്.
ഷോട്ട് ഫിലിം ഫെസ്റ്റിവലുകളുടെ ഒരു പൂരക്കാലം തന്നെയാണിത്. എന്നാല്‍ ഈ മേളകളില്‍പ്പലതും നിലവാരം പുലര്‍ത്തുന്നില്ല എന്നത് തികച്ചും യാഥാര്‍ഥ്യമാണ്. കച്ചവട താല്പര്യം മുന്‍നിര്‍ത്തി വലിയ തുക പ്രവേശനഫീസ് വാങ്ങുന്നവരുണ്ട്. അതുപോലെതന്നെ വലിയ തുകകള്‍ കൈപ്പറ്റി അവാര്‍ഡുകള്‍ വില്‍പ്പന നടത്തുന്നവരുമുണ്ട്. സത്യസന്ധമായി നടത്തപ്പെടുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകള്‍ ഹ്രസ്വചിത്രങ്ങള്‍ ചെയ്യുന്ന ചലച്ചിത്രകാരന്മാര്ക്ക് അനുഗ്രഹമാണ്. തീയേറ്ററുകളില്‍ ഇടമില്ലാത്ത ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അന്തസ്സുള്ള ഒരു വേദിയാണ് അവര്‍ക്ക് ലഭിക്കുന്നത്.ഈ വേദികള്‍ പ്രയോജനപ്പെടുത്തുന്ന ധാരാളം പുതിയ സംവിധായകരുണ്ട്.
ഇന്ന് മലയാള സിനിമയില്‍ പ്രശസ്തി നേടിയിട്ടുള്ള പലരും ഷോര്‍ട്ട് ഫിലിമുകളിലൂടെ തുടക്കം കുറിച്ചവരും, അത്തരം ചിത്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ നേടിയവരുമാണ്. അതുകൊണ്ടുതന്നെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. അത് സംഘടിപ്പിക്കുന്നവരുടെ ഉത്തരവാദിത്വവും വര്‍ധിച്ചിരിക്കുകയാണ്. ഈ ഉത്തരവാദിത്വം ഏറ്റവും മനോഹരമായി നിര്‍വഹിച്ച ഒരു ഫിലിം ഫെസ്റ്റിവല്‍ ആയിരുന്നു കോട്ടയം തമ്പ് ഫിലിം സൊസൈറ്റിയുടെ അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍.
തീര്‍ച്ചയായും കേരളത്തിലെ ഏറ്റവും വലിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്ന് അരവിന്ദം ഫെസ്റ്റിവലിനെ വിശേഷിപ്പിക്കാം. ഇത്രയും വലിയ അവാര്‍ഡ് തുക നല്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇത്രയും മികച്ച ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ഫെസ്റ്റിവലും വേറെയില്ല. സര്‍ക്കാറിന്റെ ഐഡിഎസ്എഫ്എഫ്കെ ഒഴിവാക്കിയാണ് ഞാന്‍ ഇത് പറയുന്നത്. അത് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലാണല്ലോ. കേരളത്തിലെ മറ്റു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളൊക്കെ ഹ്രസ്വചിത്രങ്ങള്‍ക്കു പുറമേ ഡോക്യുമെന്ററികളും ആല്‍ബങ്ങളും, എന്തിന് ഇപ്പോള്‍ റീല്‍സ് പോലും ഉള്‍പ്പെടുത്തുമ്പോള്‍ അരവിന്ദം ഫെസ്റ്റിവല്‍ തികച്ചും ഹ്രസ്വ ചിത്രങ്ങള്‍ക്കുവേണ്ടി മാത്രമായിരുന്നു. ദേശീയ അടിസ്ഥാനത്തിലായതുകൊണ്ട് ഹിന്ദി, മറാത്തി, തമിഴ്, ബംഗാളി തുടങ്ങി വിവിധ ഭാഷകളിലുള്ള ചിത്രങ്ങള്‍ ഇവിടെ മാറ്റുരയ്ക്കാന്‍ എത്തിയിരുന്നു.
ഒട്ടാകെ 150 ഓളം ചിത്രങ്ങള്‍ എത്തിയതില്‍ നിന്ന് യദു വിജയകൃഷ്ണന്, അഭിലാഷ് എസ്, അനൂപ് കെ. ആര്., ഡോക്ടര്‍ വിഷ്ണുരാജ് എന്നിവര്‍ തിരഞ്ഞെടുത്ത 35 ചിത്രങ്ങളാണ് അവാര്‍ഡ് നിര്‍ണയത്തിനായി ജൂറിയുടെ മുമ്പില്‍ എത്തിയത്. എ. ചന്ദ്രശേഖര്‍, പ്രദീപ് നായര്‍, ഡോക്ടര്‍ ജെ. പ്രമീള ദേവി എന്നിവരോടൊപ്പം ഞാനും ആ ജൂറിയില്‍ അംഗമായിരുന്നു. ഞങ്ങളുടെ മുമ്പില്‍ എത്തിയ ചിത്രങ്ങള്‍ ശരിക്കും അമ്പരപ്പിക്കുന്നവയായിരുന്നു. ലക്ഷണമൊത്ത ചിത്രങ്ങള്‍. ഫീച്ചര്‍ ഫിലിമിനെ വെട്ടിച്ചുരുക്കിയ ചിത്രങ്ങള്‍ അല്ല. നേരിയ കഥാതന്തുവില്‍ നിന്ന് വികസിപ്പിച്ചെടുത്ത മനോഹരമായ ശില്പ്പങ്ങള്. അടുത്തകാലത്ത് ചില ഫെസ്റ്റിവലുകളില്‍ സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ഇവിടെ ആദ്യ റൗണ്ടില്‍ തന്നെ തള്ളപ്പെടുകയാണ് ഉണ്ടായത്. അരവിന്ദം ഫെസ്റ്റിവലില്‍ എത്തിയ ചിത്രങ്ങളുടെ നിലവാര മേന്മയാണ് അത് കാണിക്കുന്നത്.
നമ്മുടെ സിനിമ പൊതുവേ അതിക്രമത്തിന്റെയും ലഹരിയുടെയും സദാചാര ശൂന്യതയുടെയും വഴിയിലൂടെ പൊയ്ക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. എന്നാല്‍ ഈ ഫെസ്റ്റിവലില്‍ എത്തിയ ചിത്രങ്ങളില്‍ ഒരു വലിയ വിഭാഗം ഏറ്റവും മികച്ച മൂല്യബോധം പുലര്‍ത്തുന്നതായി കണ്ടു. ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു അത്. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ പൊതുവേ മനുഷ്യബന്ധങ്ങളുടെ മൂല്യത്തെക്കുറിച്ചാണ് പറയുന്നത്. നല്ല ചിത്രങ്ങളുടെ ആധിക്യം കൊണ്ടും, വിവിധ ഭാഷകളില്‍ നിന്നുള്ള പ്രാതിനിധ്യം കൊണ്ടും രണ്ടു ചിത്രങ്ങള്‍ക്കായി മികച്ച ഷോര്‍ട്ട് ഫിലിം എന്ന അവാര്‍ഡ് വിഭജിക്കേണ്ടിവന്നു. മുളഞ്ഞി, ഫാദര്‍ ഈസ് അഫ്രെയ്ഡ് ഓഫ് വാട്ടര്‍ എന്നിവയായിരുന്നു ഈ ചിത്രങ്ങള്‍.
മഹേഷ് മധു സംവിധാനം ചെയ്ത ‘മുളഞ്ഞി’ ചക്കയരക്കു പോലെ ഒട്ടിപ്പിടിക്കുന്ന മനുഷ്യബന്ധങ്ങളെക്കുറിച്ചാണ് പറയുന്നത്. നാല് സഹോദരിമാരാണ് ഇതിലെ നായികമാര്‍. ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡ് ഈ സഹോദരിമാരെ അവതരിപ്പിച്ച നാല് നടികള്‍ക്കായി നല്കുകയാണുണ്ടായത്. ശ്രീജ കെ. വി., അനിത എം.എന്‍., ദേവസേന എം. എന്‍., പദ്മജ പി. എന്നിവരാണ് മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടത്. മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ് പങ്കിട്ട ‘മൈ ഫാദര്‍ ഈസ് അഫ്രെയ്ഡ് ഓഫ് വാട്ടര്‍’ എന്ന പ്രതീക് രാജേന്ദ്ര ശ്രീവാസ്തവ സംവിധാനം ചെയ്ത ഹിന്ദി ചിത്രം സ്മൃതിനാശ രോഗത്തിന്റെ പിടിയില്‍പ്പെട്ട ഒരു അച്ഛനും, അച്ഛനെ ശുശ്രൂഷിക്കുന്ന മകനും തമ്മിലുള്ള ബന്ധത്തിന്റെ ദാര്‍ഢ്യമാണ് ചിത്രീകരിക്കുന്നത്. ഈ കാലഘട്ടത്തിലും പിതൃ പുത്ര ബന്ധം ഇത്രത്തോളം ഗാഢമാവാമെന്ന് ചിത്രം നമ്മെ പഠിപ്പിക്കുന്നു. ഇതിന്റെ സംവിധായകനായ പ്രതീക് രാജേന്ദ്ര ശ്രീവാസ്തവയാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. അച്ഛനെ അവതരിപ്പിച്ച ഇന്ത്യന്‍ സിനിമാരംഗത്തെ അതുല്യപ്രതിഭയായ ഡോക്ടര്‍ മോഹന്‍ അഗാഷെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയത് ‘മുളഞ്ഞി’യുടെ തിരക്കഥാകൃത്തുക്കളായ മഹേഷ് മധു, ഷാര്‍മില്‍ ശിവരാമന് എന്നിവരാണ്. ‘സ്കൈവാഡ്’ എന്ന മറാത്തി സിനിമയുടെ ഛായാഗ്രാഹകനായ അശോക് മീനെയാണ് മികച്ച ഛായാഗ്രാഹകന്‍. ‘ദി ഫസ്റ്റ് ഫിലിം’ എന്ന വളരെ കൗതുകകരമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെ പിയൂഷ് താക്കൂര്‍ മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് നേടി. സാമൂഹിക ഉത്തരവാദിത്വത്തിനുള്ള സ്വത്വം അവാര്‍ഡ് അറിവരസന്‍ സംവിധാനം ചെയ്ത ‘മണ്ണാസൈ’എന്ന തമിഴ് ചിത്രത്തിനാണ് ലഭിച്ചത്. പൊതു വിഭാഗത്തില്‍ എന്നപോലെ ഏഴ് അവാര്‍ഡുകള്‍ തന്നെയാണ് ക്യാമ്പസ് വിഭാഗത്തിലും നല്‍കിയത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്ര പഠന കേന്ദ്രങ്ങളില്‍ നിന്നാണ് ക്യാമ്പസ് വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ വന്നിരുന്നത് ‘സെന്റ് ഓഫ് തുളസി’ എന്ന മറാത്തി ചിത്രമാണ് ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. ഡിഎല്‍സി സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് പെര്‍ഫോമിങ് ആന്‍ഡ് വിഷ്വല്‍ ആര്‍ട്സില്‍ നിന്നുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഉത്സവ് ആണ്. ‘ഡംപ്ട് യാര്‍ഡ് ‘ എന്ന മറാത്തി ചിത്രം സംവിധാനം ചെയ്ത നിഖില്‍ രാജേന്ദ്ര ഷിന്‍ഡെയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം നല്കപ്പെട്ടു. മലയാള ചിത്രമായ ‘വാസു’വില്‍ അഭിനയിച്ച പരമേശ്വരന് കുര്യാത്തിയാണ് മികച്ച നടന്. ‘ബര്‍സ’ എന്ന ചിത്രത്തിലെ നായികയെ അവതരിപ്പിച്ച അശ്വതി രാംദാസ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ‘ആ ദിവസത്തിന്റെ ഓര്‍മ്മയ്ക്ക്’ എന്ന ക്യാമ്പസ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ നിപിന് നാരായണനാണ് മികച്ച തിരക്കഥാകൃത്ത്. ‘ദി സെന്റ്ഓഫ് തുളസി’ എന്ന ദൃശ്യമനോഹാരിതയുള്ള ചിത്രത്തിന്റെ ഛായാഗ്രാഹകനായ അഭിഷേക് സൈനിയാണ് മികച്ച സിനിമാട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് നേടിയത്. എഡിറ്റര്‍ ചൈതന്യ വി.ഷെമ്പര്‍ക്കറാണ്.
നിറഞ്ഞ കയ്യടിയോടെയാണ് സദസ്യര്‍ ഈ അവാര്‍ഡ് പ്രഖ്യാപനത്തെ സ്വീകരിച്ചത്. കാരണം ജൂറിയുടെ തീരുമാനത്തോട് അക്ഷരാര്‍ത്ഥത്തില്‍ യോജിക്കുകയായിരുന്നു പ്രേക്ഷകര്‍.
പ്രശസ്ത സംവിധായകനായ ബ്ലസ്സിയാണ് ഈ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. സമാപനത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ചത് മറ്റൊരു പ്രശസ്ത സംവിധായകനായ ശ്യാമപ്രസാദാണ്. ഈ ഫെസ്റ്റിവലിന്റെ കലാപരമായ പ്രസക്തിക്ക് അടിവരയിടുന്നതാണ് ഈ രണ്ടു സംവിധായകരുടെയും സാന്നിധ്യം. അര്‍ത്ഥവത്തായ ഓപ്പണ്‍ ഫോറങ്ങളും മാസ്റ്റര്‍ ക്ലാസ്സുകളും ഈ മേളയുടെ സവിശേഷതകളായിരുന്നു. പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയമായത് കോട്ടയത്തിന്റെ പുത്രനായ അരവിന്ദന്റെ ഓര്‍മ്മ ദിവസത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള സ്മൃതി പരിപാടിയായിരുന്നു. പ്രമുഖ നിര്‍മ്മാതാവും നടനുമായ പ്രേം പ്രകാശ് ഉദ്ഘാടനം ചെയ്ത ഈ പരിപാടിയില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഫാദര്‍ ബോബി ജോസ് കട്ടിക്കാട്, പ്രമുഖ ഛായാഗ്രാഹകന്‍ സണ്ണി ജോസഫ് എന്നിവരാണ് അരവിന്ദന് സ്മാരക പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചത്. അരവിന്ദന്റെ ‘വാസ്തുഹാര’യുടെയും നിരവധി ഡോക്യുമെന്ററികളുടെയും ഛായാഗ്രഹനായ സണ്ണി ജോസഫ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതകള്‍ അനുഭവത്തിലൂടെ ആവിഷ്കരിച്ചു.
പ്രസക്തവും ധന്യവുമായ ഒരു ചലച്ചിത്രമേളയായിരുന്നു അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍. കേരളത്തിലെ ഏറ്റവും വലുതും മികച്ചതുമായ ഈ മേള ഭാവിയിലേക്കുള്ള ഒരുപാട് പ്രതീക്ഷകള്‍ പകര്‍ന്നു കൊണ്ടാണ് സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: