പത്തനംതിട്ട: വയനാട് പുനരധിവാസത്തിന് പണം അനുവദിച്ചില്ലെന്ന് പറഞ്ഞ് കേന്ദ്രത്തിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച സംസ്ഥാന സര്‍ക്കാര്‍ 2024- 25 ബജറ്റില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ച തുകയുടെ 90 ശതമാനവും ചെലവഴിച്ചില്ലെന്ന് രേഖകള്‍.
ഡിസാസ്റ്റര്‍ റസിലിയന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന് മൂന്ന് കോടി മാത്രമാണ് 2024-25 ബജറ്റില്‍ അനുവദിച്ചത്. ദുരന്തനിവാരണ ജില്ലാ- താലൂക്ക് ഓപ്പറേഷന് സെന്ററുകളില്‍ ദുരന്തം സംബന്ധിച്ച വാര്‍ത്താവിനിമയ സംവിധാനം മെച്ചപ്പെടുത്താനായിരുന്നു ഇത്. സംസ്ഥാനത്തിന് അനുവദിച്ച മൂന്ന് കോടി ചെലവഴിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടും ഇതുവരെ ചെലവഴിച്ചത് 30.97 ലക്ഷം മാത്രം, തുകയുടെ 10.32 ശതമാനം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 10 ദിവസം മാത്രം. ശേഷിച്ച തുക എവിടെ എങ്ങനെ ചെലവഴിക്കും എന്നതാണ് വിഷയം.
2024- 25 സാമ്പത്തിക വര്‍ഷത്തെ പദ്ധതി അടങ്കലില്‍ 50% വരെ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് റവന്യൂവകപ്പ് പദ്ധതികള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കുകയും ചെയ്തു. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കെ കഴിഞ്ഞ ഫെബ്രുവരി അവസാനം വിഹിതം പൂര്‍ണമായി അനുവദിച്ച് ഉത്തരവിറക്കി. അതിനെ തുടര്‍ന്നാണ് മൂന്ന് കോടി രൂപ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ അനുവദിച്ചത്. സ്മാര്‍ട്ട് റവന്യൂ ഓഫീസുകള്‍ക്ക് 49 കോടി അനുവദിച്ചിരുന്നു. ഇതിനായി 32.93 കോടി ചെലവഴിച്ചു. 67.22 ശതമാനം. റവന്യൂ വകുപ്പില്‍ കമ്പ്യൂട്ടര്‍ വത്കരണത്തിനായി 26.50 കോടി അനുവദിച്ച് ഭരണാനുമതി നല്കി. ചെലവഴിച്ചത് വെറും നാല് കോടി മാത്രം. അതായത് 17.3%. ഐഎല്‍ഡിഎം ട്രെയിനിങ്ങിന് രണ്ട് കോടി അനുവദിച്ചു. ചെലവഴിച്ചത് 60 ലക്ഷം (30%). പാവപ്പെട്ടവന് ഏറെ ഉപകാരപ്പെടുന്ന കേരളാ സ്റ്റേറ്റ് ലാന്‍ഡ് ബാങ്ക് പദ്ധതിക്ക് അനുവദിച്ചത് വെറും 50 ലക്ഷം. ഇതില്‍ 22.37 ലക്ഷം വിനിയോഗിച്ചു. 44.74 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: