കണ്ണൂര്‍: ഇന്റര്‍നെറ്റ് കണക്ഷന്‍ വഴി ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാക്കുന്ന ബിഎസ്എന്‍എലിന്റെ ഐഎഫ്ടിവി (ഇന്റര്‍നെറ്റ് ഫൈബര്‍ ടിവി) സേവനം ഇനി കേരളത്തിലെ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. ബിഎസ്എന്‍എല്‍ എഫ്ടിടിഎച്ച് ഫൈബര്‍ കണ്‍ക്ഷന്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പഴയതും പുതിയതുമായ എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായി ടിവി സേവനം ലഭ്യമാകും. 23 മലയാളം ചാനലുകള്‍ അടക്കം മുന്നൂറോളം ചാനലുകള്‍ ഉപഭോക്താക്കള്‍ക്ക് ഐഎഫ്ടിവി സേവനത്തിലൂടെ കാണാന്‍ സാധിക്കും. കണക്ഷന്‍ എടുക്കുന്നവരും ഉള്ളവരും സ്‌കൈപ്രോ എന്ന ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്ത് സേവനം ഉപയോഗിക്കാം.
ഐഎഫ്ടിവി ലഭ്യമാക്കുന്നതിന്റെ കേരള സര്‍ക്കിള്‍തല ഉദ്ഘാടനം കണ്ണൂര്‍ ബിഎസ്എന്‍എല്‍ ഭവനില്‍ നടന്നു. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ബി. സുനില്‍കുമാര്‍ ഇന്റര്‍നെറ്റ് ഫൈബര്‍ ടിവി ലോഞ്ചിങ് നിര്‍വഹിച്ചു. ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ഇതോടെ മൂന്ന് സേവനങ്ങള്‍ ലഭ്യമാകുമെന്ന് സുനില്‍കുമാര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് സേവനം, ഐഎഫ്ടിവി, വൈഫൈ എന്നീ സേവനങ്ങളാണ് ലഭ്യമാകുക. സ്വന്തം പേരില്‍ എഫ്ടിടിഎച്ച് കണക്ഷന്‍ ഉളളവര്‍ക്ക് മറ്റെവിടെയുളള ഇന്റര്‍നെറ്റ് കണക്ഷന്‍ വഴി സ്വന്തം പാസ്‌വേര്‍ഡ് ഉപയോഗിച്ച് വൈഫൈ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബിഎസ്എന്‍എല്‍ കേരളത്തിലുടനീളം 6000 4 ജി ടവറുകള്‍ സജ്ജമായി. ഇവയില്‍ നിന്നുളള പൂര്‍ണ സേവനം രണ്ട് മാസത്തിനുള്ളില്‍ ലഭ്യമാകും. സ്വകാര്യ ടെലിഫോണ്‍ സേവനദാതാക്കള്‍ കടന്നു ചെല്ലാത്ത 300 ഇടങ്ങള്‍ ഇതില്‍പ്പെടും. കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കിള്‍ ബിഎസ്എന്‍എല്‍ 90 കോടി ലാഭമുണ്ടാക്കിയെന്നും ഈ സാമ്പത്തിക വര്‍ഷം 114 കോടി രൂപയാണ് നിലവില്‍ ലാഭമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസത്തോടെ കേരള സര്‍ക്കിളിലെ എല്ലാ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളും ഫൈബറിലേക്ക് മാറും. നിലവില്‍ ഏഴു ലക്ഷത്തിലധികം കണക്ഷനുകളാണ് ബിഎസ്എന്‍എല്ലിനുളളത്. ഒന്നര വര്‍ഷം കൊണ്ട് അത് പത്ത് ലക്ഷമാക്കും. സേവനം പൂര്‍ണമായും ഫോര്‍ ജിയിലേക്ക് മാറുമ്പോള്‍ ഉപഭോക്താക്കളുടെ സിമ്മുകള്‍ മാറേണ്ടതുണ്ട്. ഉപഭോക്താക്കളുടെ സിമ്മുകള്‍ ഫോര്‍ജിയാണോയെന്ന് തിരിച്ചറിയാന്‍ 9497979797 എന്ന നമ്പറിലേക്ക് ഡയല്‍ ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ഉദ്യോഗസ്ഥരായ കെ. സാജു ജോര്‍ജ്ജ്, ആര്‍. സതീഷ്, ടി. ശ്രീനിവാസന്‍, കെ.കെ. അഗര്‍വാള്‍, കണ്ണൂര്‍ ഏരിയാ ജനറല്‍ മാനേജര്‍ ഭൂപേഷ് യാദവ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: