മുംബൈ : മാർച്ച് 17 ന് നാഗ്പൂരിൽ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതിനെതിരെ മതമൗലികവാദികൾ കലാപം നടത്തിയ കേസുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം മാത്രം 14 കലാപകാരികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ഈ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 105 ആയി. അറസ്റ്റിലായ പ്രതികളിൽ 10 കൗമാരക്കാരും ഉൾപ്പെടുന്നു. കൂടാതെ ഇതുവരെ മൂന്ന് എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് സംഭവത്തിൽ ഉടനടി നടപടി സ്വീകരിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
ഈ അക്രമത്തിൽ ആകമാനം 61 വാഹനങ്ങൾ നശിപ്പിക്കപ്പെട്ടു. കലാപകാരികൾ 36 കാറുകളും 22 ബൈക്കുകളും ഒരു ക്രെയിനും കത്തിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പിടിഐയോട് സംസാരിച്ച നാഗ്പൂർ പോലീസ് കമ്മീഷണർ രവീന്ദർ കുമാർ സിംഗാൾ നഗരത്തിലെ സ്ഥിതി ക്രമേണ സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ഉന്നതതല അവലോകനത്തിന് ശേഷം, ചില പ്രദേശങ്ങളിൽ കർഫ്യൂ പിൻവലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
നാഗ്പൂരിലെ കലാപത്തിൽ മൂന്ന് ഡിസിപി ഉദ്യോഗസ്ഥർ ഉൾപ്പെടെ 33 പോലീസുകാർക്ക് അക്രമത്തിൽ പരിക്കേറ്റതായും പോലീസ് കമ്മീഷണർ പറഞ്ഞു. ഇതിനുപുറമെ ഹിന്ദുക്കളുടെ വീടുകൾ ലക്ഷ്യമാക്കി കലാപകാരികൾ ആക്രമണം നടത്തിയിട്ടുണ്ട്. ഇപ്പോൾ ജില്ലാ ഭരണകൂടം ഈ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തുടങ്ങിയിട്ടുണ്ട്. ഇതുപ്രകാരം പൂർണമായും കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് 50,000 രൂപയും ചെറിയ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് 10,000 രൂപയും നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അതേ സമയം നാഗ്പൂർ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഫാഹിം ഖാൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാഹീം ഉൾപ്പെടെ 6 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇതുവരെ 230 ഓളം കലാപ പോസ്റ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കലാപത്തിനുശേഷം പ്രചരിക്കുന്ന 50 ശതമാനം പോസ്റ്റുകളും ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് എന്നിവയിൽ നിന്ന് നീക്കം ചെയ്തതായി ഡിസിപി മതാനി പറഞ്ഞു.
ബാക്കിയുള്ള പോസ്റ്റും വീഡിയോയും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാട്ട്‌സ്ആപ്പിനും ഗൂഗിളിനും കത്ത് അയച്ചിട്ടുമുണ്ട്. കൂടാതെ നഗരത്തിലെ 11 സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂവിൽ ആറെണ്ണത്തിൽ ഭാഗികമായി ഇളവ് വരുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക