കണ്ണൂർ: ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ (32) രാഷ്‌ട്രീയവിരോധത്തിൽ കൊലപ്പെടുത്തിയ കേസിൽ 9 പ്രതികൾ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. ജില്ലാ സെഷൻസ് ജഡ്ജി കെ ടി നിസാർ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി തിങ്കളാാഴ്ച.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ടി പി വധക്കേസ് പ്രതി കെ രജിഷ് ഉൾപ്പെടെ ഒന്നു മുതൽ 9 വരെയുള്ള പ്രതികളാണ് കുറ്റക്കാർ. സിപിഎം പ്രവർത്തകനായ സൂരജ് ബിജെപിയിൽ ചേർന്നതിന്റെ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകൾ ഹാജരാക്കി. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ്. രണ്ടു പ്രതികൾ സംഭവശേഷം മരിച്ചു.
തുടക്കത്തിൽ 10 പേർക്കെതിരെയായിരുന്നു കേസ്. ടി പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി കെ രജീഷ് നൽകിയ കുറ്റ സമ്മതമൊഴി പ്രകാരം രണ്ടു പ്രതികളെ കൂടി കേസിൽ ഉൾപ്പെടുത്തി. രജീഷ്, മനോരാജ് എന്നിവരെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകി. 2010ൽ കേസ് വിചാരണയ്‌ക്ക് പരിഗണിച്ചെങ്കിലും സാക്ഷിവിസ്താരം തുടങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: