ന്യൂദല്‍ഹി: കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്താന്‍ രണ്ടുദിവസമായി ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്ന സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പ്രസ്താവന പച്ചക്കള്ളം. ഇന്നലെ രാത്രി വൈകി മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള അഭ്യര്‍ത്ഥന ജെ.പി നദ്ദയുടെ ഓഫീസിലെത്തിയത്. കേരളാ ഹൗസിലെ റസിഡന്റ് കമ്മീഷണര്‍ ഓഫീസ് മുഖേന ഇന്നലെയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ രണ്ടുദിവസമായി ശ്രമിച്ചിട്ടും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ലെന്നാണ് ദല്‍ഹിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞത്.
ക്യൂബയില്‍ നിന്നെത്തിയ ഉപപ്രധാനമന്ത്രി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്താനാണ് മുന്‍നിശ്ചയപ്രകാരം വീണാജോര്‍ജ്ജ് ദല്‍ഹിയിലേക്ക് വന്നത്. എന്നാല്‍ ആശാവര്‍ക്കര്‍മാരുടെ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രആരോഗ്യമന്ത്രിയെ കണ്ടില്ലെങ്കില്‍ രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടിവരുമെന്നതിനാല്‍ ഇന്നലെ വൈകിട്ടോടെയാണ് ജെ.പി നദ്ദയെ കാണണമെന്ന നിര്‍ദ്ദേശം കേരളത്തില്‍ നിന്ന് ദല്‍ഹിയിലെ റസിഡന്റ് കമ്മീഷണര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് ലെയ്സണ്‍ വിഭാഗം രാത്രിയോടെ കേന്ദ്രആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അപ്പോയിന്മെന്റ് അപേക്ഷ നല്‍കുകയും ചെയ്തു. പാര്‍ലമെന്റ് നടക്കുന്നതിനാല്‍ രാജ്യസഭാ നേതാവു കൂടിയായ നദ്ദ മുഴുവന്‍ സമയവും സഭയിലായതിനാല്‍ കൂടിക്കാഴ്ചയ്ക്ക് ഇന്ന് സമയം അനുവദിക്കാനാവാത്ത സാഹചര്യമുണ്ടായി. ആശാവര്‍ക്കര്‍മാരുടെ പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധി പ്രതിനിധി സംഘങ്ങള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് ജെ.പി നദ്ദ ഇതുവരെ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജെ.പി നദ്ദ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ കാണാന്‍ കൂട്ടാക്കിയില്ലെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ടാണ് വീണാ ജോര്‍ജ്ജ് ദല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടത്.
ക്യൂബന്‍ സംഘത്തെ കാണാന്‍ ദല്‍ഹിയില്‍ വന്ന വീണാ ജോര്‍ജ്ജ് ആശാ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേന്ദ്രആരോഗ്യമന്ത്രിയെ കാണരുതെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കുന്നതാണ് കേരളാ ഹൗസില്‍ നിന്നും ജെ.പി നദ്ദയുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. കേന്ദ്രആരോഗ്യ മന്ത്രാലയം കേരളത്തിന് നല്കിയ ഫണ്ടുകള്‍ പലതും വഴിമാറ്റി ചിലവഴിക്കുന്നതും കേന്ദ്രം അധിക ഫണ്ട് നല്കിയതും അടക്കമുള്ള വിവരങ്ങള്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ചയാവുന്നത് ഒഴിവാക്കാന്‍ കൂടിയാണ് വീണാ ജോര്‍ജ്ജ് കേന്ദ്രആരോഗ്യമന്ത്രിയെ കാണാതിരുന്നതെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: