ന്യൂദൽഹി : ആം ആദ്മി പാർട്ടി (എഎപി) യുടെ മുതിർന്ന നേതാവും ദൽഹി സർക്കാരിലെ മുൻ പിഡബ്ല്യുഡി മന്ത്രിയുമായ സത്യേന്ദ്ര ജെയിനിനെ പൂട്ടാനുറച്ച് ദൽഹി ആന്റി കറപ്ഷൻ ബ്യൂറോ. 571 കോടി രൂപയുടെ സിസിടിവി പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ എസിബി അദ്ദേഹത്തിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു.
ജെയിൻ ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. 70 നിയമസഭാ മണ്ഡലങ്ങളിലായി 1.4 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് ദൽഹി സർക്കാർ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇതിന്റെ കരാർ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് (ബിഇഎൽ) നൽകി. എന്നാൽ പദ്ധതിയിലെ കാലതാമസം കാരണം ബിഇഎല്ലിന് 16 കോടി രൂപ പിഴ ചുമത്തി. സത്യേന്ദ്ര ജെയിൻ കൈക്കൂലി വാങ്ങിയ ശേഷമാണ് ഈ പിഴ ഒഴിവാക്കിയതെന്നാണ് ആരോപണം.
പദ്ധതിയുടെ നോഡൽ ഓഫീസർ സത്യേന്ദ്ര ജെയിനിന് 7 കോടി രൂപ കൈക്കൂലി നൽകിയതായി അവകാശപ്പെടുന്ന ഒരു വാർത്താ റിപ്പോർട്ടിലാണ് ഇക്കാര്യം ആദ്യം എടുത്തുകാണിച്ചതെന്ന് എസിബി ജോയിന്റ് കമ്മീഷണർ മധുർ വർമ്മ പറഞ്ഞു. തുടർന്ന് എസിബി ഒരു ബിഇഎൽ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു. അദ്ദേഹം ഈ ആരോപണങ്ങൾ സ്ഥിരീകരിച്ചുകൊണ്ട് വിശദമായ പരാതി നൽകി.
2019 ഓഗസ്റ്റ് 23 ലെ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സിസിടിവി സ്ഥാപിക്കുന്നതിൽ കാലതാമസം വരുത്തിയതിന് ദൽഹി സർക്കാർ ബിഇഎല്ലിന് 16 കോടി രൂപ പിഴ ചുമത്തി. എന്നാൽ, പരാതി പ്രകാരം പിഴ ഒഴിവാക്കുക മാത്രമല്ല, 1.4 ലക്ഷം അധിക ക്യാമറകൾ സ്ഥാപിക്കാനുള്ള കരാറും ബിഇഎല്ലിന് നൽകി. അധിക ക്യാമറകൾ സ്ഥാപിക്കാൻ കരാർ ലഭിച്ച അതേ കരാറുകാരൻ വഴിയാണ് ഏഴ് കോടി രൂപ കൈക്കൂലി നൽകിയതെന്ന് പരാതിക്കാരൻ പറയുന്നു.
പദ്ധതി ഗുണനിലവാരമില്ലാത്ത രീതിയിലാണ് നടപ്പിലാക്കിയതെന്നും പിഡബ്ല്യുഡിക്ക് കൈമാറുമ്പോൾ തന്നെ നിരവധി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നുവെന്നും എസിബി ആരോപിച്ചു. കേസ് തുടരുന്നതിനാവശ്യമായ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ടെന്നും എസിബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: