പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പുതിയ ദര്‍ശന രീതി പരാജയപ്പെട്ടതോടെ തിരക്കേറിയ വിഷുദര്‍ശനത്തിന് ഹൈബ്രിഡ് മോഡല്‍ പരീക്ഷിക്കാന്‍ നീക്കം. കുപ്പിക്കഴുത്തു പോലെ ഇടുങ്ങിയ വാതിലിലൂടെ അയ്യപ്പന്മാരെ കടത്തിവിട്ടതാണ് പുതിയ രീതി പരാജയപ്പെടാന്‍ കാരണം.
നിലവില്‍ പതിനെട്ടാം പടിയിലൂടെ ഒരു മിനിറ്റില്‍ ശരാശരി 80 അയ്യപ്പന്മാര്ക്ക് തിരുമുറ്റത്തെത്താം. പുതിയ ദര്‍ശന രീതിയില്‍ ബലിക്കല്‍ പുരയിലൂടെ ഭക്തര്‍ ശ്രീകോവിലിന് മുന്നിലേക്ക് നേരിട്ട് പ്രവേശിക്കണം. വലിയ ബലിക്കല്ലിന്റെ ഇരുവശത്തുകൂടിയാണ് പ്രവേശനം. ബലിക്കല്ല് കടന്ന് നാല് മീറ്റര്‍ ആകുമ്പോഴേക്കും നാലമ്പലത്തിലേക്കുള്ള ഇടുങ്ങിയ വാതിലായി. ഒന്നര മീറ്ററില്‍ താഴെ മാത്രമാണ് ഇതിനു വീതി. രണ്ട് ഭക്തര്‍ക്ക് ഒരേ സമയം ഇവിടം കടക്കുക പ്രയാസം.
അയ്യപ്പന്മാരുടെ സുഗമ സഞ്ചാരത്തിന് തടയിട്ടു രണ്ട് വലിയ കാണിക്കവഞ്ചികള്‍ സ്ഥാപിച്ചതും തിരിച്ചടിയായി. കാണിക്കവഞ്ചി കാരണം ഒരാള്‍ക്കേ ശ്രീകോവിലിന് മുന്നിലേക്ക് ഒരു സമയം എത്താനാവൂ. ഇത് ബലിക്കല്‍ പുരയില്‍ തിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ബലിക്കല്‍പുരയിലെ തിരക്ക് തിരുമുറ്റത്തും പ്രതിഫലിക്കും. ഇത് പതിനെട്ടാം പടി കയറ്റം മന്ദഗതിയിലാക്കും. അതോടെ താഴെ തിരുമുറ്റത്തും തിരക്കേറും. ഇരുമുടിയില്ലാതെ വടക്കേനടവഴി എത്തിയവരും ഞാറാഴ്ച മൂന്നു മണിക്കൂറിലേറെ തിരക്കില്‍ കുടുങ്ങി. സോപാനത്തെ തിരക്ക് കുറയ്ക്കാന്‍ ഇവരെ തടഞ്ഞതാണ് കാരണം. വടക്കേ നടവഴിയുള്ള ക്യൂ മാളികപ്പുറം വരെയാണ് നീണ്ടത്.
ഹൈബ്രിഡ് മോഡല്‍ തിരക്ക് കുറയുമ്പോള്‍ ബലിക്കല്‍ പുര വഴിയും, കൂടുമ്പോള്‍ മേല്‍പാലത്തിലൂടെയും അയ്യപ്പന്മാരെ കടത്തി വിടുന്ന രീതിയാണ് ഹൈബ്രിഡ് മോഡല്‍. ഇതിനു പ്രത്യേകം പ്ലാറ്റ്ഫോം നിര്‍മ്മിക്കണം. മീനമാസ പൂജ കഴിഞ്ഞ് നട അടച്ച ശേഷം 21 മുതല്‍ നിര്‍മ്മാണം തുടങ്ങിയേക്കും. നേരത്തെ പതിനെട്ടാംപടി കയറി എത്തുന്ന ഭക്തരെ ക്ഷേത്രത്തിന് ഇടതുവശത്തുള്ള ഫ്ലൈ ഓവറിലൂടെ വിട്ട് ശ്രീകോവിലിന് മുന്നില്‍ വിവിധ ഉയരത്തില്‍ മൂന്ന് തട്ടായി തിരിച്ച പ്ലാറ്റ്ഫോമിലൂടെയാണ് ദര്‍ശനം ഒരുക്കിയിരുന്നത്. എന്നാല്‍ പുതിയ ദര്‍ശന രീതിക്കായി ഈ മൂന്നു പ്ലാറ്റ് ഫോമുകളും എടുത്തു മാറ്റിയിരിക്കുകയാണിപ്പോള്‍.
ഹൈബ്രിഡ് മോഡലില്‍ മേല്‍പാലം ഇറങ്ങി വരുന്ന ഭക്തര്‍ക്കായി പുതിയ പ്ലാറ്റ്ഫോം ഒരുക്കും. ഭക്തരെ തള്ളിനീക്കി അഞ്ച് മിനിറ്റിനുള്ളില്‍ ദര്‍ശനം സാധ്യമാക്കാന്‍ കഴിയുംവിധമാണ് പ്ലാറ്റ്ഫോം ഒരുക്കുക. ഇതും എത്ര കണ്ട് വിജയിക്കുമെന്നത് കണ്ടറിയണം. വിഷു ദര്‍ശനത്തിന് തിരക്കേറിയാല്‍ ഭക്തര്‍ വലയുമെന്നത് ഉറപ്പാണ്.
സജിത്ത് പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: