India

ഗൗതം അദാനിയ്‌ക്കും സഹോദരന്‍ രാജേഷിനും എതിരായ 388 കോടിയുടെ വഞ്ചനാകേസ് മുംബൈ ഹൈക്കോടതി തള്ളി

അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരി വിലയില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിന്മേല്‍ ഗൗതം അദാനിയ്ക്കും സഹോദരന്‍ രാജേഷിനും എതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസെടുത്ത (എസ് എഫ് ഐ ഒ) കേസ് ബോംബെ ഹൈക്കോടതി തള്ളി.

Published by

മുംബൈ: അദാനി എന്‍റര്‍പ്രൈസസിന്റെ ഓഹരി വിലയില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിന്മേല്‍ ഗൗതം അദാനിയ്‌ക്കും സഹോദരന്‍ രാജേഷിനും എതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസെടുത്ത (എസ് എഫ് ഐ ഒ) കേസ് ബോംബെ ഹൈക്കോടതി തള്ളി.

മുംബൈ സെഷന്‍സ് കോടതി അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ചെയര്‍മാന്‍ അദാനിയ്‌ക്കും മാനേജിംഗ് ഡയറക്ടറായ അനുജന്‍ രാജേഷിനും എതിരായ 388 കോടിയുടെ വിപണി നിയന്ത്രണലംഘനക്കേസ് തള്ളിക്കളയാന്‍ കഴിയില്ലെന്ന് വിധിച്ചിരുന്നു. ഈ സെഷന്‍സ് കോടതി വിധിയ്‌ക്കെതിരെ അദാനിയും അനുജനും മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വാദം കേട്ട മുംബൈ ഹൈക്കോടതി ജഡ്ജി രാജേഷ് എന്‍ ലദ്ദ സെഷന്‍സ് കോടതി വിധി തള്ളിക്കളയുകയായിരുന്നു.

സീനിയര്‍ അഭിഭാഷകരായ അമിത് ദേശായി, വിക്രം നന്‍കാനി എന്നിവരാണ് അദാനിയ്‌ക്ക് വേണ്ടി ഹാജരായത്. ഈ കേസിന് ഉപോല്‍ബലകമായ തെളിവുകള്‍ ഇല്ലെന്ന അഭിഭാഷകരുടെ വാദം മുംബൈ ഹൈക്കോടതി സ്വീകരിച്ചു. 2012ലാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കേസ് ചുമത്തിയത്. 1999-2000 കാലത്ത് ഇന്ത്യന്‍ ഓഹരിവിപണിയെ ചൂഷണം ചെയ്തതിന്റെ പേരില്‍ കുപ്രസിദ്ധനായ കേതന്‍ പരേഖുമായി ചേര്‍ന്ന് അദാനി സഹോദരന്മാര്‍ അദാനി എന്‍റര്‍പ്രൈസസിന്റെ ഓഹരി വിലയില്‍ കൃത്രിമം കാട്ടി എന്നായിരുന്നു കേസ്.

2014ല്‍ മജിസ്ട്രേറ്റ് കോടതി ഈ കേസില്‍ അദാനി സഹോദരന്മാരെ വെറുതെ വിട്ടിരുന്നു. എന്നാല്‍ 2019ല്‍ മുംബൈ സെഷന്‍സ് കോടതി മജിസ്ട്രേറ്റ് കോടതി വിധി തള്ളി. അദാനി സഹോദരന്മാരും കേതന്‍ പരേഖും അദാനി എന്‍റര്‍പ്രൈസസ് ഓഹരി വിലയില്‍ കൃത്രിമം കാട്ടി കോടികള്‍ ലാഭമുണ്ടാക്കി എന്ന സീരിയസ് ഫ്രോ‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ വാദം സെഷന്‍സ് കോടതി ശരിവെച്ചു. എന്നാല്‍ ഈ വിധിയാണ് ഇപ്പോള്‍ മുംബൈ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക