ന്യൂദല്‍ഹി: ധാതുക്കള്‍ അടങ്ങിയ ഭൂമിക്ക് നികുതി ചുമത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി കാരണം രാജ്യത്ത് സിമന്‍റ് വില കൂടാന്‍ സാധ്യത. 2024 ജൂലൈയില്‍ ആണ് സുപ്രീം കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. ഇതിന്റെ ചുവട് പിടിച്ച് തമിഴ്നാട് സര്‍ക്കാര്‍ 2024-ല്‍ തമിഴ്നാട് മിനറല്‍ ബെയറിംഗ് ലാന്‍ഡ് ടാക്സ് ആക്ട് അവതരിപ്പിച്ചിരുന്നു.
ഈ നിയമപ്രകാരം, ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ചുണ്ണാമ്പുകല്ലിന് ടണ്ണിന് 160 രൂപ എന്ന നിരക്കില്‍ സംസ്ഥാനം നികുതി ചുമത്തിത്തുടങ്ങി. ഇത് കാരണം സിമിന്‍റ് വില വര്‍ധിക്കുമെന്നാണ് സൂചന. തമിഴ്നാട്ടില്‍ സിമന്‍റ് വില ബാഗിന് 8-10 രൂപ വരെ വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിപണിയില്‍ പെട്ടെന്നുള്ള ആഘാതങ്ങള്‍ ഒഴിവാക്കാന്‍ സിമന്‍റ് കമ്പനികള്‍ ഘട്ടംഘട്ടമായി ആയിരിക്കും വില കൂട്ടുക.
ധാതുസമ്പന്നമായ ഭൂമിയുള്ള കര്‍ണാടക ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളും സമാനമായ രീതിയില്‍ നികുതി ചുമത്താന്‍ സാധ്യതയുണ്ട്. തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന സിമന്‍റ് നിര്‍മ്മാതാക്കളെ പുതിയ നികുതി കാര്യമായി ബാധിക്കും എന്നാണ് വിലയിരുത്തല്‍.
സിമന്‍റ് ഉല്‍പാദനത്തില്‍ ചുണ്ണാമ്പുകല്ല് ഒരു പ്രധാന അസംസ്കൃത വസ്തുവായതിനാല്‍, അധിക നികുതി ഉല്‍പാദനച്ചെലവ് വര്‍ദ്ധിപ്പിക്കും. ഈ സാഹചര്യത്തില്‍ വില വര്‍ദ്ധനവ് പരിഗണിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും.
കെട്ടിടനിര്‍മ്മാണത്തിന്റെ മൂലക്കല്ലാണ് സിമന്‍റ് എന്നിരിക്കെ സിമന്‍റ് വില വര്‍ധന കെട്ടിട നിര്‍മ്മാണച്ചെലവുകള്‍ കൂട്ടാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക