Kerala

കുസാറ്റിലെ തമീം ഹോസ്റ്റൽ സ്ഥിരം ലഹരി കേന്ദ്രം, കണ്ടെടുത്തത് നിരവധി ലഹരിവസ്തുക്കൾ, കൊല്ലം സ്വദേശി മുഹമ്മദ് സൈദലി അറസ്റ്റിൽ

Published by

കൊച്ചി: ന​ഗരത്തിലെ ഹോസ്റ്റലുകളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന സം​ഗതികൾ. കൊച്ചിയിലെ പല ഹോസ്റ്റലുകളും ലഹരികേന്ദ്രങ്ങളെന്ന സൂചനയാണ് പൊലീസിന് ലഭിച്ചത്. കുസാറ്റ് പരിസരത്തെ തമീം ഹോസ്റ്റലിൽ ബീഡി മുതൽ കഞ്ചാവ് വരെയുള്ള ലഹരി വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്. ഇവിടെ നിന്നും രണ്ടു​ഗ്രാം കഞ്ചാവുമായി കൊല്ലം സ്വദേശിയായ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു.

കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജി കളിലുമാണ് ഇന്നലെ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. തമീം ഹോസ്റ്റലിൽ നിന്നും രണ്ടു ​ഗ്രാം കഞ്ചാവുമായി കൊല്ലം സ്വദേശിയായ മുഹമ്മദ് സൈദലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരത് മാതാ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ് സൈദലി. ഇയാളെ രാത്രി തന്നെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. കുസാറ്റിലെ തമീം ഹോസ്റ്റൽ സ്ഥിരം ലഹരി കേന്ദ്രമാണെന്നും ഇവിടെ നിന്ന് കഞ്ചാവ് വലിക്കുന്ന ഉപകരണങ്ങളടക്കം പിടിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു.

ഹോസ്റ്റലിലെ മുറിയിൽ പരിശോധനയ്‌ക്കെത്തിയ പൊലീസ് കണ്ടത് നിറയെ മദ്യക്കുപ്പികളായിരുന്നു. വൻതോതിൽ ബിയർ ബോട്ടിലുകളും മദ്യക്കുപ്പികളുമാണ് കണ്ടെടുത്തത്. ഇതിനുപുറമെ ലഹരിവസ്തുക്കളുടെ പാക്കറ്റുകളും സിഗരറ്റ് പാക്കറ്റുകളും വൻതോതിൽ കണ്ടെത്തി. പരിശോധനയുടെ ഭാഗമായി മദ്യപിച്ച് വാഹനമോടിച്ചവരെയും പൊലീസ് പിടികൂടിയിരുന്നു. അതേസമയം, കളമശേരി പോളി ടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിലെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. കളമശേരി ഹോസ്റ്റലിൽ നടക്കുന്ത് കൂട്ടു കച്ചവടമാണെന്ന് പൊലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by