കൊല്ലൂര്‍: ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. ശനിയാഴ്ച രാവിലെ കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും 9:20നാണ് ശ്രീരാമനവമി രഥപരിക്രമണം ആരംഭിച്ചത്. രാവിലെ 7:40ന് കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും മുഖ്യപൂജാരി ഗോവിന്ദ അഡിഗ പകര്‍ന്നുനല്‍കിയ ജ്യോതി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് തുടക്കമായി.
ശ്രീരാമദാസ മിഷന് യൂണിവേഴ്സല്‍ സൊസൈറ്റി അദ്ധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് മംഗലശ്ശേരി, രഥയാത്ര കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള രഥയാത്ര കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ശ്രീരാമരഥത്തില്‍ ജ്യോതിപ്രതിഷ്ഠിച്ചതിനുശേഷം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്ന് മംഗലാപുരം മേഖലയിലേക്കുള്ള രഥപരിക്രമണത്തിന് തുടക്കമായി.
ക്ഷേത്ര മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള ശ്രീരാമരഥത്തില്‍ പഞ്ചലോഹനിര്‍മ്മിതമായ ശ്രീരാമസീത-ആഞ്ജനേയ വിഗ്രഹം, ശ്രീരാമപാദുകം, ചൂഡാരത്നം എന്നിവയും ശ്രീരാമദാസാശ്രമ സ്ഥാപകാചാര്യന്‍ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെയും ഛായാചിത്രങ്ങളും നിത്യാരാധനയ്ക്കും ദര്‍ശനത്തിനുമായി ഉണ്ടാകും.
16ന് കാസര്‍ഗോഡ്, 17, 18 തീയതികളില്‍ കണ്ണൂര്‍, 19 വയനാട്, 20, 21 കോഴിക്കോട്, 22, 23 മലപ്പുറം, 24ന് പാലക്കാട്, 25ന് പാലക്കാട്-തൃശ്ശൂര്‍, 26ന് തൃശ്ശൂര്‍-എറണാകുളം, 27ന് ഇടുക്കി-കോട്ടയം, 28ന് കോട്ടയം, 29ന് കോട്ടയം-പത്തനംതിട്ട, 30ന് പത്തനംതിട്ട-ആലപ്പുഴ, 31ന് ആലപ്പുഴ-കൊല്ലം, ഏപ്രില്‍ ഒന്നിന് കൊല്ലം-തിരുവനന്തപുരം, 2ന് തിരുവനന്തപുരം-കന്യാകുമാരി, 3ന് കന്യാകുമാരി-തിരുവനന്തപുരം, 4ന് തിരുവനന്തപുരം, 5ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 7.30ന് സമൂഹാര്‍ച്ചന സമാരംഭം, ജ്യോതിക്ഷേത്ര സന്നിധിയില്‍ രാവിലെ 9ന് നവമി പൊങ്കാല, ഉച്ചയ്ക്ക് 12ന് പൊങ്കാല നിവേദിക്കും. 12.30ന് നവമി സദ്യ, വൈകുന്നേരം 5.00ന് ശ്രീരാമനവമി സമ്മേളനം നടക്കും.
സമ്മേളനത്തില്‍ ഇക്കൊല്ലത്തെ ആശ്രമസേവാ പുരസ്കാരം സമ്മാനിക്കുന്നതാണ്. ശ്രീരാമനവമി ദിനമായ ഏപ്രില്‍ 6ന് തിരുവനന്തപുരം കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നിന്നും വൈകുന്നേരം 6.00ന് ആരംഭിക്കുന്ന പാദുകസമര്‍പ്പണ ശോഭായാത്ര പാളയം ശ്രീ ഹനുമദ് ക്ഷേത്രത്തിലെത്തി പാദുകസമര്പ്പണത്തിനു ശേഷം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രഥയാത്ര സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: