കടയ്ക്കല്‍: കടയ്ക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ പ്രശസ്തമായ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികളിലൂടെ വിശ്വാസികളെ പരിഹസിക്കുന്ന സിപിഎം നിലപാടില്‍ വന്‍ പ്രതിഷേധം. ഡിവൈഎഫ്ഐ നേതാവുകൂടിയായ ഗായകന് അലോഷിയുടെ ഗാനമേളയിലാണ് ‘പുഷ്പനെ അറിയാമോ’ എന്ന പാട്ട് പാടി, വേദിയില്‍ അരിവാള്‍ ചുറ്റിക പതിച്ച ചെങ്കൊടിയും ഡിഫി പതാകയും ഉയര്‍ത്തിയതും. അപ്പോഴൊക്കെ ഡിവൈഎഫ്ഐ സിന്ദാബാദ് എന്ന് അലോഷി ആവേശത്തോടെ പാടുന്നുണ്ടായിരുന്നു. ഇതേ ക്ഷേത്രാങ്കണത്തില്‍ നിന്നാണ് രാഷ്ട്രീയ പരിപാടികള്‍ക്ക് നല്‍കേണ്ടതില്ലെന്ന ഹൈക്കോടതി വിധിയെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസിന്റെ വേദി മാറ്റിയത്.
കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രോത്സവമാണ് കടയ്ക്കല്‍ തിരുവാതിരയും നെടുംകുതിരയെടുപ്പും. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള കടയ്ക്കല്‍ ദേവീക്ഷേത്രം കാലങ്ങളായി സിപിഎം നേതൃത്വം പാര്ട്ടിസ്ഥാപനം പോലെ കൈവശം വച്ചിരിക്കുകയാണ്. പാര്‍ട്ടി ഏരിയാ നേതൃത്വം നിശ്ചയിക്കുന്നതാണ് ഉപദേശക സമിതി. അല്ലാത്തവരെ അടുപ്പിക്കുക പോലുമില്ല. ഉത്സവത്തിനോടനുബന്ധിച്ച് അന്നദാനം, വൈദ്യുതി ദീപാലങ്കാരം, തറലേലം എന്നിവയില്‍ കോടികളുടെ വരുമാനമുള്ള കടയ്ക്കല്‍ തിരുവാതിരയെ വലിയ ചാകരയായാണ് സിപിഎം കാണുന്നത്.
പതിനാല് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായുള്ള മേളകളില്‍ നിന്നും ലക്ഷങ്ങളുടെ വരുമാനമുണ്ട്. പണം പിരിക്കുന്നതിനോ ചെലവാക്കുന്നതിനോ കടയ്ക്കല്‍ ക്ഷേത്രത്തില്‍ മാത്രം ദേവസ്വം ബോര്‍ഡിന് മറ്റൊരു നയമാണെന്നാണ് ആക്ഷേപം. മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റിടങ്ങളിലെ പോലെ ഇവിടുത്തെ പോലീസിന് സമയക്രമം തടസമില്ല. പണപ്പിരിവിനും വിരട്ടലിനുമായി പതിനേഴിലധികം കേസുകളില്‍ പ്രതിയായ പോലീസ് ഗുണ്ടാപട്ടികയില്പ്പെടുത്തിയിട്ടുള്ള ഡിവൈഎഫ്ഐ നേതാവ് കടയ്ക്കല്‍ സോജമന്ദിരത്തില് വികാസിനെയാണ് പാര്‍ട്ടി ഉപദേശക സമിതി പ്രസിഡന്റായി നിയോഗിച്ചിട്ടുള്ളത്.
മുന്‍വര്‍ഷങ്ങളിലും വിപ്ലവഗാനങ്ങളും ആഭാസനൃത്തവുമായി പാര്‍ട്ടി സംഘങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും മുദ്രാവാക്യവും കൊടികളുമായെത്തി ക്ഷേത്ര സങ്കേതം മലിനമാക്കിയതില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: