അവസാനം ഏതാണ്ട് എല്ലാവരും ഒരേ സ്വരത്തില്‍ സമ്മതിച്ചു – കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ സിനിമയുടെ പങ്ക് നിര്‍ണായകമാണെന്ന്. നല്ല കാര്യം.
ചുരുളി സിനിമ പുറത്തിറങ്ങിയപ്പോള്‍ ഇതേ ചര്‍ച്ച നടന്നിരുന്നു. അന്ന് അതിനെ ന്യായീകരിക്കാന്‍ കുറേയേറെപ്പേരുണ്ടായിരുന്നു. ഭൂരിഭാഗം പേരും നിശ്ശബ്ദത പാലിച്ചു. എതിര്‍ത്തവര്‍ കൂടുതലും ലെഫ്റ്റ് ലിബറലുകളായിരുന്നു. അന്ന് എന്തായിരുന്നു ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള മുറവിളി?അത്തരക്കാര്‍ ഇപ്പോള്‍ മൗനം വിദ്വാന് ഭൂഷണം എന്ന നിലപാടിലാണ്.
കുറച്ചു കാലമായി കേരളത്തില്‍ നടന്നുവരുന്ന ഒട്ടേറെ സംഭവങ്ങള്‍ പരിശോധിച്ചാല്‍ നമുക്കിത് മനസ്സിലാക്കാനാവും. പുരോഗമനത്തിന്റെ പേരുപറഞ്ഞ് യുവതലമുറയെ വഴി തെറ്റിച്ച് കൊണ്ടുവന്ന് ഇന്നത്തെ സാഹചര്യത്തിലെത്തിച്ചത് ഈ ഇടത് ലിബറലിന്റെ ബാനറിലാണ്. ഒട്ടേറെ ഉദാഹരണങ്ങള്‍ നിരത്താനുണ്ട്.
ചുംബന സമരമായിരുന്നു ഒരെണ്ണം. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളടക്കമുള്ള ബാല്യ, കൗമാരക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും കാണിച്ചിരുന്ന വൃത്തികേടുകള്‍ സഹിക്കാവുന്നതിനപ്പുറമായപ്പോഴാണ് ഒരു കടപ്പുറത്തെ നാട്ടുകാര്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇടപെട്ടത്. മദ്യവും മയക്കുമരുന്നുമെല്ലാമായി അഴിഞ്ഞാടുന്നവരെ തടഞ്ഞപ്പോള്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ ഇടത് സംഘടനാ നേതൃത്വത്തിനടക്കം കലിയിളകി. മഹിളാമോര്‍ച്ച സാംസ്കാരിക പോലീസ് ചമയുന്നെന്നാരോപിച്ചാണ് ഇവര്‍ ചുംബന സമരം നടത്തിയത്. ഈ ചുംബന സമരത്തിന് നേതൃത്വം നല്കിയവര് ഇന്ന് ചാനല്‍ ചര്‍ച്ചകളിലിരുന്ന് കുട്ടികളുടെ വഴിപിഴച്ച പോക്കിനെ വിലയിരുത്തുന്നതു കാണുമ്പോള്‍ പുച്ഛം തോന്നുന്നു.
ഇടതുചിന്തയുള്ള വനിതാ സംഘടന,എറണാകുളത്ത് സംഘടിപ്പിച്ച ഒരു പൊതു പരിപാടിയുടെ കവാടം യോനീ രൂപത്തിലായിരുന്നു. ഭാഗ്യത്തിന് അതിനെ എതിര്‍ക്കാന്‍ ഒരു ന്യൂനപക്ഷ വിഭാഗമെങ്കിലും തയ്യാറായി എന്നത് ആശ്വാസകരം. എന്നാല്‍, യോനീ കവാടം കണ്ട് ‘എന്തൊരു പുരോഗമനം’ എന്ന് വാഴ്ത്തിപ്പാടി ‘സാംസ്കാരിക കേരളം.’ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെയായിരുന്നു ആ പരിപാടിയുടെ ഉദ്ഘാടകനായി ക്ഷണിച്ചിരുന്നത്. അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്തില്ല എന്നാണ് പിന്നീട് അറിഞ്ഞത്.
താലി പൊട്ടിക്കല്‍ സമരമാണ് മറ്റൊന്ന്. വിവാഹ സമയത്ത്, മാതാപിതാക്കളുടെ അനുഗ്രഹത്തോടെ, മണ്ഡപത്തില്‍വച്ച് ആചാരപരമായി ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ ചാര്‍ത്തിയ താലി പൊട്ടിച്ചെറിഞ്ഞ് പുരോഗമനം പ്രകടിപ്പിക്കുന്ന ചടങ്ങിന് നേതൃത്വം നല്കിയതും ഈ ഇടത് ലിബറല്‍ സംഘടനകളായിരുന്നു. താലി പൊട്ടിച്ചെറിഞ്ഞാല്‍ സര്‍വ്വ സ്വാതന്ത്ര്യമായെന്നാണോ ഇവര്‍ കരുതുന്നതെന്നറിയില്ല. ഇതിനും അകമ്പടി കള്ളും കഞ്ചാവുമെല്ലാംതന്നെ. വിവാഹത്തോടനുബന്ധിച്ച് വീടുകളില്‍ മദ്യം വിളമ്പുന്നത് ഒരു സ്റ്റാറ്റസ് ആയി കണക്കാക്കുന്നവര്‍ ഇന്നത്തെ ഈ കുറ്റകൃത്യങ്ങളുടെ പ്രധാന കാരണക്കാരാണ്. സ്ത്രീകളെ മദ്യപാനികളാക്കിയതില് പ്രധാന പങ്ക് ഈ ‘ചടങ്ങ്’ നടത്തിയവര്‍ക്കാണ്. അതുകണ്ട് വളര്‍ന്ന കുട്ടികള്‍ ഇങ്ങിനെയായില്ലെങ്കിലേ അത്ഭുതമുള്ളു.
ഇത്തരം കര്യങ്ങള്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ധാരാളം കണ്ടു. അതിന്റെ മൂര്‍ദ്ധന്യമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ മദ്യപര്‍ക്ക് സ്ഥാനമുണ്ടാവില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി, ഇരുട്ടിവെളുക്കുന്നതിന് മുമ്പ്, ‘മദ്യപര്‍ക്കും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നില്ക്കാം’ എന്ന് മാറ്റിപ്പറഞ്ഞെങ്കില്‍ കേരളം എവിടെയെത്തി നില്ക്കുന്നു എന്നും, ആരാണ് യഥാര്‍ത്ഥത്തില്‍ കേരളത്തെ നയിക്കുന്നതെന്നും മനസ്സിലാക്കാന്‍ പാഴൂര്‍പ്പടിവരെയൊന്നും പോകേണ്ടതില്ല.
ഇത്തരക്കാര്‍, സമരം ചെയ്യുന്ന സ്ത്രീകളെ കീടമെന്നും, മറ്റേ പണി ചെയ്യുന്നവരെന്നും സിനിമാ നടന്റെ ഉമ്മയ്ക്ക് കാത്തിരിക്കുന്നവരെന്നുമെല്ലാം വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: