തിരുവനന്തപുരം: യാക്കോബായ സഭാധ്യക്ഷന്റെ വാഴിക്കല്‍ ചടങ്ങ് വിവാദത്തിലേക്ക്. കടുത്ത എതിര്‍പ്പുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തിയതോടെ ലബനനില്‍ നടക്കുന്ന ചടങ്ങിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക മന്ത്രിതല സംഘത്തെ അയക്കാന്‍ തീരുമാനിച്ച ഇടതു സര്‍ക്കാരും വെട്ടിലായി. സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ട് നടക്കുന്ന ചടങ്ങില്‍ സര്‍ക്കാരിന്റെ പണം ചിലവഴിച്ച് പ്രതിനിധികളെ അയക്കുന്നത് നിയമലംഘനമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ജയസ്‌കോറസ് മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി.
യാക്കോബായ സഭ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. മന്ത്രി പി. രാജീവ് വിദേശത്തേക്ക് പോകുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. സമാന്തര ഭരണം പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ലബനനില്‍ നടക്കുന്ന ചടങ്ങ്. മലങ്കര സഭയിലെ സമാധാനത്തിന് വിള്ളല്‍ വീഴിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മെത്രാപ്പോലീത്ത കുറ്റപ്പെടുത്തുന്നു.
സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം യാത്രകളുടെ ആവശ്യമില്ല. ആശാപ്രവര്‍ത്തകര്‍ക്ക് കൊടുക്കാന്‍ പണമില്ലെന്ന് പറയുന്ന സര്‍ക്കാരാണിത്. വോട്ട് ബാങ്ക് രാഷ്‌ട്രീയം മാത്രമാണ് ചിലരുടെ ലക്ഷ്യമെന്നും നിയമലംഘനത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കരുതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: