കൊച്ചി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ തന്ത്രിമാര്‍ ജാതിവിവേചനം കാണിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വിവാദങ്ങള്‍ ദുരുദ്ദേശപരമാണെന്ന് അഖിലകേരള തന്ത്രിസമാജം. ജാതി തിരിച്ചുള്ള ഒരു വിവേചനവും നടന്നിട്ടില്ല. കൂടല്‍മാണിക്യം ദേവസ്വത്തില്‍ അടിയന്തരക്കാരുടെ നിയമനങ്ങള്‍ക്ക് ഉള്‍പ്പെടെ ആചാരപരമായ എല്ലാ പ്രവൃത്തികള്‍ക്കും തന്ത്രിമാരുടെ അനുമതി വേണമെന്ന് 2005 ലെ കൂടല്‍മാണിക്യം ദേവസ്വം ആക്ടില്‍ നിര്‍ദേശമുള്ളതാണ്. ഇത് മറികടന്ന് തന്ത്രിയുടെ അറിവോ സമ്മതമോ കൂടാതെ നൂറ്റാണ്ടുകളായി കാരായ്മയായി ചില കുടുംബങ്ങളില്‍ നിക്ഷിപ്തമായിരുന്ന മാലക്കഴകം തസ്തികയിലേക്ക് പുതിയ ഒരാളെ നിയമിച്ചത് ചട്ടവിരുദ്ധമാണ് എന്നു മാത്രമാണ് ചൂണ്ടിക്കാട്ടിയത്. ഇത് വളച്ചൊടിച്ച് വിവാദമാക്കുന്നതിന് പിന്നില്‍ ദുഷ്ടലാക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുവാനാണ് ചിലര്‍ ശ്രമിക്കുന്നത്. ദുരുദ്ദേശപരമായ വിവാദങ്ങളില്‍ യഥാര്‍ത്ഥ ക്ഷേത്രവിശ്വാസികള്‍ അകപ്പെട്ടുപോകരുത്, അഖിലകേരള തന്ത്രിസമാജം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ക്ഷേത്ര ആചാരങ്ങള്‍ക്ക് എതിരായി നിരന്തരം നടക്കുന്ന ഇത്തരം നീക്കങ്ങളില്‍ അങ്കമാലിയില്‍ ചേര്‍ന്ന അഖിലകേരള തന്ത്രിസമാജം സംസ്ഥാന കമ്മിറ്റി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തന്ത്രിസമാജം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ. ഭട്ടതിരിപ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട ദേവസ്വം ബോര്‍ഡിലെ തന്ത്രി പ്രതിനിധിയായ നെടുമ്പള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരി, തന്ത്രിയായ നെടുമ്പള്ളി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു.
ജനറല്‍ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട്, ജോയിന്റ് സെക്രട്ടറി സൂര്യ കാലടി പരമേശ്വരന്‍ ഭട്ടതിരിപ്പാട്, ട്രഷറര്‍ ഇറക്കഴിപ്പുറം രമേശന്‍ നമ്പൂതിരി, വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരിപ്പാട്, ദിലീപ് വാഴുന്നവര്‍, കെപിസി കൃഷ്ണന്‍ ഭട്ടതിരിപ്പാട്, പട്ടന്തെയം ശങ്കരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: