മാസം തോറുമുള്ള ഓണറേറിയം വര്‍ധിപ്പിക്കണമെന്നും, വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ ഒരു മാസത്തോളമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ തേടി കേന്ദ്രസര്‍ക്കാരിന്റെ സദ്‌വാര്‍ത്തയെത്തി. ആശാവര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് കൊടുംചൂടിലെ പുതുമഴയായാണ് ആശാവര്‍ക്കര്‍മാര്‍ക്ക് അനുഭവപ്പെട്ടത്. ഈ വിവരം അറിയിക്കാന്‍ സമരപ്പന്തലിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സന്തോഷാശ്രുക്കളോടെയാണ് ആശാവര്‍ക്കമാര്‍ സ്വീകരിച്ചത്. സമരക്കാരുടെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാമെന്ന് സുരേഷ്‌ഗോപി ഉറപ്പുനല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതാണ് ഫലം കണ്ടത്. ഒരാഴ്ച മുന്‍പ് ദേശീയ ആരോഗ്യ ദൗത്യ മിഷന്‍ സ്റ്റിയറിങ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് ആശാവര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജെ.പി. നഡ്ഡ പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയത്. ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ബിജെപി എംപിയും ദേശീയ വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ രേഖാ ശര്‍മ്മയും രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വേഗത്തിലാക്കി.
ആശാവര്‍ക്കര്‍മാര്‍ക്കുള്ള കേന്ദ്രവിഹിതം കേരളത്തിന് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും കാപട്യങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ അസഭ്യം പറയുന്നതിനു പുറമെ കേന്ദ്രവിഹിതം നല്‍കാത്തതാണ് ഓണറേറിയം വര്‍ധിപ്പിച്ചുനല്‍കാന്‍ പറ്റാത്തതിന് കാരണമെന്ന അസത്യപ്രചാരണം നടത്തുകയാണ് സിപിഎമ്മും ആരോഗ്യമന്ത്രി വീണാജോര്‍ജും ചെയ്തത്. ഇടതുമുന്നണിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തവരാണ് കേന്ദ്രത്തിനുമേല്‍ പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്. കേരളം നല്‍കേണ്ട യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പോലും പിണറായി സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നുകൂടി കേന്ദ്രമന്ത്രി നഡ്ഡ വെളിപ്പെടുത്തി. തൊഴിലാളിവര്‍ഗ സ്‌നേഹം നടിക്കുന്ന ഇക്കൂട്ടര്‍ എത്ര നീചമായാണ് സമൂഹത്തിന്റെ താഴെതട്ടില്‍ മികച്ച രീതിയില്‍ ആരോഗ്യപ്രവര്‍ത്തനം നടത്തുന്ന ആശാവര്‍ക്കര്‍മാരോട് പെരുമാറുന്നതെന്നും ഇതിലൂടെ വ്യക്തമായിരിക്കുന്നു.
തൊട്ടതിനും പിടിച്ചതിനുമൊക്കെ കേന്ദ്രവിരുദ്ധ സമരം നടത്തുന്ന സിപിഎമ്മും ഇടതുമുന്നണിയും മന്ത്രിമാരും അതിനുവേണ്ടി ആശ്രയിക്കുന്നത് പച്ചക്കള്ളങ്ങളെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ആശാവര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യം പരിഗണിക്കാതിരിക്കാനും, അവരുമായി ആത്മാര്‍ത്ഥമായ ചര്‍ച്ച പോലും നടത്താതിരിക്കാനും കേന്ദ്രവിരോധം പുറത്തെടുക്കുകയായിരുന്നു. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യത്തില്‍ വീണാജോര്‍ജിനെപ്പോലുള്ളവര്‍ക്ക് മാതൃക. സിപിഎമ്മും പിണറായി സര്‍ക്കാരും സ്വന്തം കഴിവുകേടുകള്‍ മറച്ചുപിടിച്ച് ജനങ്ങളെ കബൡപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിനെതിരെ നുണപ്രചാരണം നടത്തുന്നത്. ചൂരല്‍മല ദുരന്തബാധിതര്‍ക്ക് കേന്ദ്രസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടും കള്ളപ്രചാരണം നടത്തിയത് കോടതിയില്‍ പൊൡഞ്ഞു. ഇതിനുശേഷമാണ് ആശാവര്‍ക്കര്‍മാരുടെ കാര്യത്തിലും നുണപ്രചാരണം നടത്തിയത്. തെറ്റാണെന്നു തെളിയുമ്പോള്‍ തെളിയട്ടെ എന്നതാണ് ഇവരുടെ രീതി. സിപിഎമ്മിന്റെ ബി ടീമായ കോണ്‍ഗ്രസും ഇതിനൊപ്പം ചേരുന്നു. ചില മാധ്യമങ്ങളും ഇക്കൂട്ടരുടെ മെഗാഫോണായി മാറുന്നത് ദൗര്‍ഭാഗ്യകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: